പാക്കിസ്ഥാനിൽ നിന്നെത്തിച്ച 7 ടൺ ഇന്തുപ്പ് പിടിച്ചെടുത്തു

 
World

പാക്കിസ്ഥാനിൽ നിന്നെത്തിച്ച 7 ടൺ ഇന്തുപ്പ് പിടിച്ചെടുത്തു; 4 പേർ അറസ്റ്റിൽ

നിരോധനം മറികടന്നെത്തിച്ചത് 30 കോടിയുടെ ഇന്തുപ്പ്

Reena Varghese

ന്യൂഡൽഹി: പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി നിരോധനം മറികടന്ന് ഇന്ത്യയിലെത്തിച്ച ഏഴു ടൺ ഇന്തുപ്പ് ( റോക്ക് സോൾട്ട്) ഡയറക്റ്ററേറ്റ് ഒഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) പിടിച്ചെടുത്തു. വിപണിയിൽ 30 കോടി രൂപ വില വരുന്ന 7311 ടൺ റോക്ക് സോൾട്ടാണ് 295 കണ്ടെയ്‌നറുകളിലായി കണ്ടെത്തിയത്. വ്യാജ രേഖകൾ നിർമിച്ച് ഉപ്പ് കടത്തിക്കൊണ്ടുവന്ന നാലു പേർ അറസ്റ്റിൽ.

"ഓപ്പറേഷൻ ഡീപ് മാനിഫെസ്റ്റ്' എന്ന പേരിൽ സെപ്റ്റംബർ 26 മുതൽ കഴിഞ്ഞ 11 വരെ നടത്തിയ പരിശോധനയിൽ ഗാന്ധിധാം, ആദിപ്പുർ, വെരാവൽ, പാനിപ്പത്ത്, പുനെ, പട്യാല, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നാണ് ഉപ്പ് കണ്ടെത്തിയത്. ശ്രീലങ്കയിലെ കൊളംബോ തുറമുഖം വഴി റൂട്ട് മാറ്റിയും യുഎഇ ആസ്ഥാനമായുള്ള കമ്പനികളുടെ വ്യാജ സർട്ടിഫിക്കെറ്റുകളും ഇൻവോയ്സുകളും ഉപയോഗിച്ചുമാണു പാക്കിസ്ഥാനിൽ നിന്നുള്ള ഉപ്പ് ഇന്ത്യയിലെത്തിച്ചത്.

കഴിഞ്ഞ മാർച്ച് മുതൽ മുൻഡ്ര, കണ്ട്‌ല തുറമുഖങ്ങൾ വഴി ഒമ്പത് ഇറക്കുമതിക്കാരാണ് ഈ കണ്ടെയ്നറുകൾ ഇന്ത്യയിലെത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇറക്കുമതി സ്ഥാപനങ്ങളുടെ ഉടമകൾ, കസ്റ്റംസ് ബ്രോക്കറുടെ ജി-കാർഡ് ഉടമ, ദുബായ് ആസ്ഥാനമായുള്ള സപ്ലയർ കമ്പനി ഉടമ എന്നിവരെ കസ്റ്റംസ് നിയമപ്രകാരം അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം നാസിക്കിൽ മുംബൈ ആസ്ഥാനമായുള്ള കമ്പനി സമാനമായ രീതിയിൽ കടത്താൻ ശ്രമിച്ച 3.62 ലക്ഷം കിലോ പാക് ഈന്തപ്പഴവും ഡിആർഐ പിടിച്ചെടുത്തിരുന്നു. 2025 ഏപ്രിലിലുണ്ടായ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന്, ദേശീയ സുരക്ഷ മുൻനിർത്തി പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാത്തരം ഉത്പന്നങ്ങളുടെയും ഇറക്കുമതി കേന്ദ്രം നിരോധിച്ചിരുന്നു.