ജര്‍മനിയുടെ വിദേശ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്‍ മേധാവി ഓഗസ്റ്റ് ഹാനിങ് 

 
World

ചാരവൃത്തി: ജര്‍മനിയുടെ മുന്‍ ഇന്‍റലിജന്‍സ് മേധാവിയെ അറസ്റ്റ് ചെയ്തു

'മാന്‍ഫ്രെഡ് ഡി' എന്ന് മാത്രം തിരിച്ചറിഞ്ഞിട്ടുള്ള ഹാനിങ്ങിന്‍റെ മുന്‍ ചീഫ് ഓഫ് സ്റ്റാഫിനെയും അറസ്റ്റ് ചെയ്തു

Reena Varghese

ബര്‍ലിന്‍: രാജ്യദ്രോഹക്കുറ്റവും വിദേശ രഹസ്യാന്വേഷണ ഏജന്‍സിക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന സംശയവും ആരോപിച്ച് ജര്‍മനിയുടെ വിദേശ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്‍ മേധാവി ഓഗസ്റ്റ് ഹാനിങ്ങിനെ അറസ്റ്റ് ചെയ്തതായി പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.

രാഷ്‌ട്രീയ, സാമ്പത്തിക, സൈനിക മേഖലകളില്‍ വിവരശേഖരണത്തിനായി ജര്‍മനിക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ഇന്‍റലിജന്‍സ് സര്‍വീസിന്‍റെ (ബിഎന്‍ഡി) മേധാവിയായി 1998 മുതല്‍ 2005 വരെ സേവനമനുഷ്ഠിച്ച വ്യക്തിയാണ് 80-കാരനായ ഓഗസ്റ്റ് ഹാനിങ്.

ചൊവ്വാഴ്ച പുലര്‍ച്ചെ മണ്‍സ്റ്ററിന് അടുത്തുള്ള നോര്‍ഡ്വാള്‍ഡെയിലുള്ള ഹാനിങ്ങിന്‍റെ വസതിയില്‍ വച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 'മാന്‍ഫ്രെഡ് ഡി' എന്ന് മാത്രം തിരിച്ചറിഞ്ഞിട്ടുള്ള ഹാനിങ്ങിന്‍റെ മുന്‍ ചീഫ് ഓഫ് സ്റ്റാഫിനെയും ഇതേസമയം ബവേറിയയില്‍ വച്ച് അറസ്റ്റ് ചെയ്തതായി പ്രോസിക്യൂട്ടറുടെ പ്രസ്താവനയില്‍ പറയുന്നു. കോളര്‍ തുറന്നുവെച്ച വെള്ള ഷര്‍ട്ട് ധരിച്ച ഹാനിങ്ങിനെ, മുഖംമൂടി ധരിച്ച ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്ന് ബുള്ളറ്റ് പ്രൂഫ് വാഹനത്തിലേക്ക് കൊണ്ടുപോകുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

മാന്‍ഫ്രെഡ് ഡി, തന്‍റെ ഔദ്യോഗിക പദവി ഉപയോഗിച്ച് അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ കൈക്കലാക്കുകയും, അവ പണം വാങ്ങി ഹാനിങ്ങിന് കൈമാറുകയും ചെയ്തുവെന്ന് പ്രോസിക്യൂട്ടര്‍മാരുടെ പ്രസ്താവനയില്‍ പറയുന്നു.

ബിഎന്‍ഡി വിട്ടതിനുശേഷം ഹാനിങ്ങ് ഒരു കണ്‍സള്‍ട്ടിങ് ജോലി ചെയ്തുവരികയായിരുന്നു.മുന്‍ ഇന്‍റലിജന്‍സ് മേധാവി എന്ന നിലയിലുള്ള തന്‍റെ പശ്ചാത്തലം പ്രയോജനപ്പെടുത്തി, സുരക്ഷാ-ബിസിനസ് മേഖലകളില്‍ ഒരു ആഗോള കണ്‍സള്‍ട്ടന്‍റായി ഹാനിങ് പ്രവര്‍ത്തിച്ചു. അതിന്‍റെ ഭാഗമായി, രഹസ്യസ്വഭാവമുള്ള രേഖകള്‍ വീണ്ടും വില്‍ക്കാന്‍ ഹാനിങ് ഉദ്ദേശിച്ചിരുന്നതായി പ്രോസിക്യൂട്ടര്‍മാര്‍ കരുതുന്നു. എത്രത്തോളം വിവരങ്ങള്‍, ആര്‍ക്കൊക്കെയാണ് അദ്ദേഹം കൈമാറിയത് എന്നതിനെ കുറിച്ച് അന്വേഷിച്ചു വരികയാണ്.

റഷ്യയിലെയും ചൈനയിലെയും സര്‍ക്കാരുമായും ബിസിനസ് മേഖലകളുമായും ഹാനിങ്ങിന് ശക്തമായ ബന്ധമുണ്ടായിരുന്നതായി കരുതപ്പെടുന്നു. കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലായിരുന്ന കിഴക്കന്‍ ബെര്‍ലിനില്‍, പശ്ചിമ ജര്‍മനിയുടെ എംബസിക്ക് തുല്യമായ പദവിയുള്ള ഒരു ഓഫിസില്‍ ഉദ്യോഗസ്ഥനായും ഹാനിങ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.