ഐഫൽ ഗോപുരം
പാരീസ്: ഹൈന്ദവ സംഘം സന്ദർശനത്തിനെത്തിയപ്പോൾ സ്ത്രീജീവനക്കാരെ ഒഴിവാക്കിയതിന്‍റെ പശ്ചാത്തലത്തിൽ സ്ഥാനമൊഴിയാൻ ഒരുങ്ങി ഐഫൽ ടവർ (എസ്ഇടിഇ) ഡയറക്റ്റർ ജനറൽ പാട്രിക് ബ്രാൻകോ റുയിവോ. വർഷാവസാനത്തോടെ പാട്രിക് സ്ഥാനമൊഴിഞ്ഞേക്കും. സെപ്റ്റംബർ 5ന് ബോചസന്യാസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്തയിൽ (ബിഎപിഎസ്) നിന്നുള്ള സംഘമാണ് ഐഫൽ ടവർ കാണാനെത്തിയത്.
ഹൈന്ദവ സംഘം എത്തുമ്പോൾ സ്ത്രീജീവനക്കാർ മാറി നിൽക്കണമെന്ന് മാനേജ്മെന്‍റ് ആവശ്യപ്പെട്ടിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഒന്നിലധികം വീഴ്ചകൾ കണ്ടെത്തിയതാണ് പാട്രിക്കിന് വിനയായിരിക്കുന്നത്. 2018ലാണ് പാട്രിക് അധികാരത്തിലേറിയത്.
വർഷത്തിൽ 7 മില്യണിലധികം പേരാണ് ഐഫൽ ടവർ സന്ദർശിക്കുന്നത്. സ്ത്രീ ജീവനക്കാരെ മാറ്റി നിർത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നാലെ സെപ്റ്റംബർ 7ന് ജീവനക്കാർ ടവർ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. മാനേജ്മെന്‍റിന്‍റെ നിർദേശങ്ങൾ അംഗീകരിക്കാനാകില്ലെന്നും ജീവനക്കാർ വ്യക്തമാക്കിയിരുന്നു. ടവർ അറ്റകുറ്റപ്പണികൾ നടത്തണമെനനും മികച്ച പ്രതിഫലം നൽകണമെന്നും ആവശ്യപ്പെട്ട് 2024 ഫെബ്രുവരിയിലാണ് ഇതിനു മുൻപ് ഐഫൽ ടവർ അടച്ചിട്ട് സമരം നടത്തിയിട്ടുള്ളത്.