ഭൂഗർഭ മിസൈൽ താവളങ്ങൾക്ക് ജലവും വൈദ്യുതിയും നൽകാൻ പദ്ധതികളെന്ന് സംശയം
ഇറാന്റെ വിപുലമായ അണക്കെട്ട് ശൃംഖലയും ജല കൈമാറ്റ പദ്ധതികളും കേവലം ജനങ്ങളുടെ ജലാവശ്യങ്ങൾ നിറവേറ്റാനുള്ളതല്ലെന്നും ഭൂഗർഭ മിസൈൽ താവളങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ ജലവും വൈദ്യുതിയും ഉറപ്പാക്കാനുള്ള സൈനിക ലക്ഷ്യങ്ങളും ഇവയ്ക്കു പിന്നിലുണ്ടാകാമെന്നും റിപ്പോർട്ടുകൾ. അമെരിക്കയും ഇസ്രയേലും നടത്തിയ വ്യോമാക്രമണങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളും ഇറാനിലെ ജല അടിസ്ഥാന സൗകര്യങ്ങളുടെ ഭൂപടവും തമ്മിലുള്ള സാമ്യം ചൂണ്ടിക്കാട്ടിയാണ് വിദഗ്ധർ ഈ സംശയം ഉന്നയിക്കുന്നത്. ന്യൂയോർക്ക് ടൈംസാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
ജർമ്മനിയിലെ ഹാംബർഗ് യൂണിവേഴ്സിറ്റി ഒഫ് ടെക്നോളജിയിലെ ജലസുരക്ഷാ വിദഗ്ധൻ നിമ ഷോക്രിയുടെ നേതൃത്വത്തിലുള്ള സംഘം ഇറാനിലുടനീളം കുറഞ്ഞത് 533 അണക്കെട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം ആക്രമിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ട സംശയാസ്പദമായ സൈനിക കേന്ദ്രങ്ങളുടെ ഭൂപടവുമായി അണക്കെട്ടുകളുടെ സ്ഥാനം താരതമ്യം ചെയ്തപ്പോൾ ശ്രദ്ധേയമായ സാമ്യം കണ്ടെത്തിയെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. എന്തിനാണ് ഇറാൻ ഇത്രയധികം അണക്കെട്ടുകൾ നിർമ്മിക്കുന്നതെന്നും അണക്കെട്ടുകൾ സ്ഥിതിചെയ്യുന്ന പ്രദേശങ്ങൾക്ക് സമീപം മിസൈൽ ആക്രമണങ്ങൾ നടക്കുന്നതിന് പിന്നിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നും അദ്ദേഹം ചോദ്യം ഉയർത്തി. എന്നാൽ അണക്കെട്ടുകളും സൈനിക കേന്ദ്രങ്ങളും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ നിലവിലില്ലെന്നും ഈ നിഗമനം ഇപ്പോൾ ഒരു സാധ്യത മാത്രമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു
മിസൈൽ നഗരങ്ങൾക്ക് സുരക്ഷിത വിതരണ സംവിധാനം
ഇറാന്റെ ഭൂഗർഭ മിസൈൽ നഗരങ്ങളാണ് ഈ സംശയത്തിന്റെ പ്രധാന കേന്ദ്രം. പർവതങ്ങൾക്കുള്ളിൽ ആഴത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ സൈനിക സമുച്ചയങ്ങളിൽ മിസൈലുകളുടെയും ഡ്രോണുകളുടെയും നിർമാണം, സംഭരണം, വിക്ഷേപണം എന്നിവയ്ക്കുള്ള സൗകര്യങ്ങളുണ്ട്. ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനം തടസ്സമില്ലാതെ തുടരാൻ വൻതോതിൽ വെള്ളവും വൈദ്യുതിയും ആവശ്യമാണ്. അണക്കെട്ടുകളും ജല കൈമാറ്റ പദ്ധതികളും ഈ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഇസ്രായേൽ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിലെ മുൻ ഇറാൻ അനലിസ്റ്റ് ഡാനി സിട്രിനോവിച്ചിന്റെ അഭിപ്രായത്തിൽ, രാജ്യത്തെ പൊതുവിതരണ സംവിധാനങ്ങളെ ആശ്രയിക്കാതെ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന അടിസ്ഥാന സൗകര്യങ്ങൾ മിസൈൽ കേന്ദ്രങ്ങൾക്ക് നൽകുന്നത് ഇറാന്റെ സൈനിക തന്ത്രത്തിന്റെ ഭാഗമായിരിക്കാം. അടിയന്തര സാഹചര്യങ്ങളിലും മിസൈൽ കേന്ദ്രങ്ങളുടെ പ്രവർത്തന തുടർച്ച ഉറപ്പാക്കാൻ ഇത്തരം സംവിധാനങ്ങൾ സഹായിക്കും.
സാഗ്രോസ് പർവതനിരകളിൽനിന്ന് യാസ്ദിലേക്ക്
സാഗ്രോസ് പർവതനിരകളിൽനിന്ന് യാസ്ദിലേക്ക് വെള്ളമെത്തിക്കുന്ന വൻകിട പദ്ധതിയാണ് ന്യൂയോർക്ക് ടൈംസ് പരിശോധിച്ച പ്രധാന ഉദാഹരണങ്ങളിലൊന്ന്. കാലിഫോർണിയ സർവകലാശാലയിലെ ജലവിദഗ്ധൻ അമീർ അഘകുചാക്കിന്റെ അഭിപ്രായത്തിൽ, മാർച്ചിൽ ഈ പ്രദേശത്തുണ്ടായ വ്യോമാക്രമണങ്ങളും സമീപത്തെ പ്രധാന മിസൈൽ കേന്ദ്രത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും പദ്ധതിയുടെ പിന്നിൽ സൈനിക പരിഗണനകളുണ്ടാകാമെന്ന സംശയം ഉയർത്തുന്നു.
അതേസമയം, ഇറാൻ കടുത്ത ജലക്ഷാമം നേരിടുന്ന രാജ്യമായതിനാൽ അണക്കെട്ടുകൾക്ക് പ്രധാനപ്പെട്ട സിവിലിയൻ ആവശ്യങ്ങളുമുണ്ട്. കുടിവെള്ള വിതരണം, കൃഷിക്കുള്ള ജലസേചനം, വൈദ്യുതി ഉൽപാദനം എന്നിവയിൽ അവ നിർണായക പങ്കുവഹിക്കുന്നു. അതിനാൽ സൈനിക ആവശ്യങ്ങൾക്കുള്ള സാധ്യതയുടെ പേരിൽ ഇത്തരം അടിസ്ഥാന സൗകര്യങ്ങളുടെ പൊതുപ്രയോജനം അവഗണിക്കരുതെന്ന് നിമ ഷോക്രി മുന്നറിയിപ്പ് നൽകി.
സിവിലിയൻ കേന്ദ്രങ്ങളെ സൈനിക മറയാക്കുന്ന തന്ത്രം?
ഇറാന്റെ സൈനിക ആവശ്യങ്ങൾക്കായി സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കുന്നുവെന്ന ആരോപണത്തിന് മറ്റൊരു മാനം നൽകുന്നതാണ് ഇറാൻ ഇന്റർനാഷണൽ മാർച്ചിൽ പുറത്തുവിട്ട 33 പേജുള്ള രേഖ. റവല്യൂഷണറി ഗാർഡുകളുടെ മിസൈൽ കമാൻഡുമായി ബന്ധപ്പെട്ടതെന്ന് പറയപ്പെടുന്ന രേഖയിൽ വ്യവസായശാലകൾ, കായിക കേന്ദ്രങ്ങൾ, വെയർഹൗസുകൾ, ഷെഡുകൾ തുടങ്ങിയവ മിസൈൽ പ്രവർത്തനങ്ങൾ മറച്ചുവയ്ക്കുന്നതിനുള്ള സാധ്യതയുള്ള ഇടങ്ങളായി പരിഗണിച്ചിട്ടുണ്ട്.
ഹാക്ക്ടിവിസ്റ്റ് ഗ്രൂപ്പായ എഡലാത്ത്-ഇ അലി പുറത്തുവിട്ട രേഖയിൽ, സമീപത്തെ കെട്ടിടങ്ങളിൽനിന്നുള്ള നിരീക്ഷണം ഒഴിവാക്കുക, സുരക്ഷാ ക്യാമറകളില്ലാത്ത സ്ഥലങ്ങൾ തിരഞ്ഞെടുക്കുക തുടങ്ങിയ മാനദണ്ഡങ്ങളും പരാമർശിക്കുന്നുണ്ട്. ഇതിനുപുറമെ, ഇറാനിലെ 17 പ്രവിശ്യകളിലായി 70-ലധികം സിവിലിയൻ കേന്ദ്രങ്ങളിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരെയും സൈനിക ഉപകരണങ്ങളെയും മാറ്റിയതായി ഇറാൻ ഇന്റർനാഷണലിന്റെ മറ്റൊരു അന്വേഷണത്തിൽ പറയുന്നു. ഇതിൽ 34 സ്കൂളുകളും ഉൾപ്പെടുന്നു. ഏഴ് സ്ഥലങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളും അന്വേഷണത്തിന് തെളിവായി നൽകിയിട്ടുണ്ട്.
അധ്യയനവർഷം ആരംഭിക്കുന്നതിന് മുമ്പ് മറ്റ് സർക്കാർ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന സ്കൂളുകൾ തിരികെ നൽകണമെന്ന് ടെഹ്റാൻ ഗവർണർ മുഹമ്മദ്-സദേഗ് മൊട്ടമേഡിയൻ സെപ്റ്റംബറിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഏതൊക്കെ സ്ഥാപനങ്ങളാണ് സ്കൂളുകൾ ഉപയോഗിച്ചതെന്നോ എത്ര സ്കൂളുകളാണ് ഇതിന്റെ ഭാഗമായി കൈവശപ്പെടുത്തിയതെന്നോ അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.
സിവിലിയൻ കേന്ദ്രങ്ങളെ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന ആരോപണം ഇറാൻ നിഷേധിച്ചിട്ടുണ്ട്. മറിച്ച്, അമേരിക്കയും ഇസ്രായേലുമാണ് സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്നതെന്നാണ് ഇറാന്റെ ആരോപണം.
വന്യജീവി സംരക്ഷകരും സുരക്ഷാ നിരീക്ഷണത്തിന്റെ പരിധിയിൽ?
ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന വന്യജീവി സംരക്ഷകരുടെ അറസ്റ്റുകളെക്കുറിച്ചും റിപ്പോർട്ട് പുതിയ ചോദ്യങ്ങൾ ഉയർത്തുന്നു. 2018-ൽ പേർഷ്യൻ വൈൽഡ്ലൈഫ് ഹെറിറ്റേജ് ഫൗണ്ടേഷനിലെ അംഗങ്ങളെ ഇറാനിയൻ സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു. ഫൗണ്ടേഷൻ സ്ഥാപകനും അഞ്ച് വർഷത്തിലധികം തടവിൽ കഴിഞ്ഞയാളുമായ മൊറാദ് തഹ്ബാസ്, ഹോർമോസ്ഗാൻ പ്രവിശ്യയിലെ അപൂർവ കാട്ടാടുകളെ സംരക്ഷിക്കുന്നതിനായി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് ചോദ്യം ചെയ്യലുകാർക്ക് വലിയ താൽപര്യമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി. പ്രദേശത്തെക്കുറിച്ച് സുരക്ഷാസേനയ്ക്ക് അസാധാരണമായ ജാഗ്രതയുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഓർമപ്പെടുത്തൽ.
ജൂലൈ 14-ന് ഹോർമോസ്ഗാൻ പ്രവിശ്യയിലെ ടാരോം സംരക്ഷിത മേഖലയിൽ അമേരിക്കൻ ആക്രമണം നടന്നതായും ഒരു വന്യജീവി റേഞ്ചറുടെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. സൈനിക അടിസ്ഥാന സൗകര്യങ്ങളും തീരദേശ പ്രതിരോധ സംവിധാനങ്ങളുമാണ് ലക്ഷ്യമിട്ടതെന്നാണ് വാഷിംഗ്ടണിന്റെ വിശദീകരണം. പ്രദേശത്തെ ഭൂഗർഭ മിസൈൽ താവളത്തിന് സമീപമായിരുന്നുവെന്ന സംശയവും സൈനിക വിദഗ്ധർ ഉന്നയിച്ചിട്ടുണ്ട്. ഇത്തരം സൈനിക കേന്ദ്രങ്ങൾക്ക് സമീപം ഗവേഷണം നടത്തുന്ന വന്യജീവി സംരക്ഷകരെപ്പോലും ഇറാനിയൻ സുരക്ഷാസേന സംശയത്തോടെ വീക്ഷിച്ചിരിക്കാമെന്നാണ് പരിസ്ഥിതി വിശകലന വിദഗ്ധൻ നിക്ക് കൗസറിന്റെ വിലയിരുത്തൽ.
സൈനിക രഹസ്യവും സിവിലിയൻ സുരക്ഷയും
ഇറാന്റെ ജല അടിസ്ഥാന സൗകര്യങ്ങൾക്കും ഭൂഗർഭ മിസൈൽ ശൃംഖലയ്ക്കുമിടയിൽ ബന്ധമുണ്ടെന്ന സംശയം മേഖലയിൽ പുതിയ സുരക്ഷാ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. എന്നാൽ അണക്കെട്ടുകളുടെ സ്ഥാനം, വ്യോമാക്രമണങ്ങളുടെ ലക്ഷ്യങ്ങൾ, സൈനിക കേന്ദ്രങ്ങളുടെ സാമീപ്യം എന്നിവ മാത്രം ഉപയോഗിച്ച് അവയുടെ നിർമാണത്തിന് പിന്നിൽ സൈനിക ലക്ഷ്യങ്ങളാണെന്ന് ഉറപ്പിക്കാനാവില്ല.
ജലക്ഷാമം രൂക്ഷമായ ഇറാനിൽ ജനങ്ങളുടെ കുടിവെള്ളവും കൃഷിയും വൈദ്യുതിയും ഉറപ്പാക്കുന്ന അണക്കെട്ടുകൾ സൈനിക ആവശ്യങ്ങൾക്കും ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിൽ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. സൈനിക ലക്ഷ്യങ്ങളും സിവിലിയൻ ആവശ്യങ്ങളും തമ്മിലുള്ള അതിർവരമ്പുകൾ മങ്ങുന്ന സാഹചര്യത്തിൽ ഇത്തരം അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷയും സാധാരണക്കാരുടെ സംരക്ഷണവും ഒരുപോലെ നിർണായകമാകുന്നു.