ക്യാനഡയ്ക്ക് യൂറോപ്യൻ യൂണിയന്‍റെ അംഗത്വം
സ്ട്രാസ്ബർഗ് (ഫ്രാൻസ്): ക്യാനഡയെ യൂറോപ്യൻ യൂണിയന്‍റെ ആദ്യ അസോസിയേറ്റ് അംഗമാക്കുന്നതിനുള്ള നീക്കവുമായി യൂറോപ്യൻ കമ്മിഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയൻ. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ താരിഫ് നടപടികൾക്കിടെ ക്യാനഡ യൂറോപ്പുമായി കൂടുതൽ അടുക്കുന്നതിനിടെയാണ് ഉർസുലയുടെ നിർണായക നീക്കം.
യൂറോപ്യൻ യൂണിയന്‍റെ വാർഷിക യോഗത്തിൽ സംസാരിക്കുന്നതിനിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഉർസുല നിർദേശം മുന്നോട്ടുവച്ചത്. ‘‘ക്യാനഡയ്ക്ക് യൂറോപ്യൻ യൂണിയന്‍റെ ആദ്യ അസോസിയേറ്റ് അംഗമാകാനുള്ള വാതിൽ തുറക്കുന്നതിൽ നിങ്ങളുമായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’’- ഉർസുല പറഞ്ഞു. യൂറോപ്യൻ പാർലമെന്‍റ് അംഗങ്ങൾ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഉർസുലയുടെ പ്രഖ്യാപനത്തെ വരവേറ്റത്. വ്യാഴാഴ്ച കാർണി യൂറോപ്യൻ പാർലമെന്‍റിനെ അഭിസംബോധന ചെയ്യും.
ക്യാനഡയെ 51ാമത്തെ സംസ്ഥാനമാക്കണമെന്ന ട്രംപിന്‍റെ ആവർത്തിച്ചുള്ള പരാമർശങ്ങളും യുഎസ് താരിഫുകളും ക്യാനഡയെ യൂറോപ്പുമായുള്ള സാമ്പത്തിക, സുരക്ഷാ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ക്യാനഡയുടെ കയറ്റുമതിയുടെ ഏകദേശം 70 ശതമാനവും യുഎസിലേക്കാണ്. ഈ ആശ്രിതത്വം കുറയ്ക്കുന്നതിനായി യൂറോപ്യൻ യൂണിയനുമായി ‘സവിശേഷ സഖ്യം’ വേണമെന്ന് കാർണി നേരത്തെ വ്യക്തമാക്കിയിരുന്നു.
യൂറോപ്യൻ യൂണിയന്‍റെ 150 ബില്യൺ യൂറോയുടെ (ഏകദേശം 173 ബില്യൺ യുഎസ് ഡോളർ) "സെയ്ഫ്' പ്രതിരോധ പദ്ധതിയിൽ ഈ വർഷം അംഗമായ ആദ്യ യൂറോപ്പ് ഇതര രാജ്യമാണ് ക്യാനഡ. ഇതിലൂടെ സംയുക്ത പ്രതിരോധ പദ്ധതികളിൽ പങ്കെടുക്കാൻ കനേഡിയൻ കമ്പനികൾക്ക് അവസരം ലഭിക്കും.
അമെരിക്കയുടെ അയൽരാജ്യമായ ക്യാനഡയോട് ഉർസുല നടത്തിയ പുതിയ നീക്കം യുഎസുമായുള്ള ബന്ധത്തിൽ കൂടുതൽ സംഘർഷത്തിന് ഇടയാക്കുമോ എന്നതും ശ്രദ്ധേയമാണ്.