ആണവാക്രമണത്തെ അതിജീവിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഇറാന്‍

 
World

ആണവാക്രമണത്തെ അതിജീവിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഇറാന്‍|വിഡിയോ

ഇറാനിലെ നതാന്‍സ് ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ പ്രവിശ്യയിലെ അടിയന്തര സേവന വിഭാഗമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ വിഡിയോ പുറത്തുവിട്ടത്.

Reena Varghese

ടെഹ്‌റാന്‍: ആണവ സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനെക്കുറിച്ച് ഇറാനില്‍ അധികാരികള്‍ പൊതുജനങ്ങള്‍ക്കായി വിഡിയൊയിലൂടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇറാന്‍റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ വഴി ഒക്‌റ്റോബര്‍ 29ന് പ്രചരിപ്പിച്ച എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയൊ, പൗരന്മാര്‍ക്ക് എങ്ങനെ അഭയം തേടാം, റേഡിയോ ആക്റ്റീവ് മലിനീകരണം എങ്ങനെ ഒഴിവാക്കാം, വീഴ്ചകളില്‍ നിന്ന് സ്വയം എങ്ങനെ പരിരക്ഷ നേടാം എന്നതിനെക്കുറിച്ച് നിര്‍ണായക നിര്‍ദേശങ്ങള്‍ നല്‍കുന്നു. നിലവിലെ ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങളും അമെരിക്കയില്‍ നിന്നുള്ള ഭീഷണികളും കണക്കിലെടുക്കുമ്പോള്‍ ഈ നിര്‍ദേശത്തിന് വന്‍പ്രാധാന്യമാണുള്ളത്.

ലക്ഷ്യം 'പിക് ആക്‌സ് മൗണ്ടന്‍'

ഇറാനിലെ നതാന്‍സ് ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ പ്രവിശ്യയിലെ അടിയന്തര സേവന വിഭാഗമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ വിഡിയോ പുറത്തുവിട്ടത്. നതാന്‍സിനു സമീപം, ഭൂമിക്കടിയില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്നതും ആണവ പദ്ധതിയുമായി ബന്ധപ്പെട്ടതുമായ 'പിക് ആക്‌സ് മൗണ്ടന്‍' എന്ന കേന്ദ്രത്തിനു നേരെ അമെരിക്ക ആക്രമണം നടത്തിയേക്കാം എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഒക്റ്റോബര്‍ 16ന്, ഈ പര്‍വതത്തെ അമെരിക്ക ലക്ഷ്യമിട്ടേക്കാം എന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സൂചിപ്പിച്ചിരുന്നു. ഇതിനു പുറമെ, ഈ കേന്ദ്രത്തിനു നേരെ ആണവാക്രമണം നടത്താന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് യുഎസ് മാധ്യമപ്രവര്‍ത്തകനായ ടക്കര്‍ കാള്‍സണ്‍ തിങ്കളാഴ്ച ആരോപിച്ചിരുന്നു.

മുന്‍കരുതല്‍ പ്രധാനം

തീവ്രമായ പ്രകാശം, സ്‌ഫോടന തരംഗങ്ങള്‍, അമിതമായ ചൂട്, റേഡിയോ ആക്റ്റീവ് വസ്തുക്കളുടെ വ്യാപനം എന്നിവയെ അതിജീവിക്കാനുള്ള നിര്‍ദേശങ്ങളാണ് ഇറാന്‍ പൗരന്മാര്‍ക്കായി നല്‍കിയിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ സുരക്ഷിതമായ ഒളിത്താവളം കണ്ടെത്തേണ്ടതിന്റെയും, ജനലുകള്‍ക്ക് സമീപം നില്‍ക്കാതിരിക്കേണ്ടതിന്റെയും പ്രാധാന്യം ഇസ്ഫഹാന്‍ റെഡ് ക്രസന്‍റ് സൊസൈറ്റിയിലെ വിദ്യാഭ്യാസ-ഗവേഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്റ്ററായ ഇബ്രാഹിം അദെല്‍സാദെ വിശദമാക്കി.

കെട്ടിടത്തിനകത്തേക്ക് പുറത്തുനിന്നുള്ള വായു കടന്നുവരാന്‍ സാധ്യതയുള്ളതിനാല്‍, എല്ലാ വാതിലുകളും ജനലുകളും അടച്ചിടാനും, എയര്‍ കണ്ടീഷനിങ്, വെന്‍റിലേഷന്‍ സംവിധാനങ്ങള്‍ എന്നിവ ഓഫാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് ശേഷം കുറഞ്ഞത് 24 മണിക്കൂറെങ്കിലും വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് ഈ നിര്‍ദേശങ്ങള്‍ ഊന്നിപ്പറയുന്നു. കൂടാതെ, ഈ സമയം കഴിഞ്ഞാലും ഉടന്‍ തന്നെ സുരക്ഷിതമാണെന്ന് കരുതരുതെന്നും മുന്നറിയിപ്പുണ്ട്.

ആണവ സ്‌ഫോടനം നടക്കുമ്പോള്‍ പുറത്താണ് അകപ്പെടുന്നതെങ്കില്‍, സ്‌ഫോടനത്തിലേക്ക് നേരിട്ട് നോക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നു. പകരം, നിലത്ത് കിടക്കുകയോ എന്തെങ്കിലും മറയ്ക്ക് പിന്നില്‍ ഒളിക്കുകയോ ചെയ്യണം. സുരക്ഷിതമായ കെട്ടിടത്തില്‍ എത്തുന്നത് വരെ തലയും മുഖവും സംരക്ഷിക്കാന്‍ ശ്രദ്ധിക്കണം. വാഹനങ്ങള്‍ സുരക്ഷിത ഒളിത്താവളങ്ങളായി ഉപയോഗിക്കരുതെന്നും, സ്‌ഫോടനം കാണുകയോ ഫോട്ടോ എടുക്കുകയോ പോലുള്ള കാര്യങ്ങള്‍ക്കായി പുറത്ത് നില്‍ക്കരുതെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമായി പറയുന്നുണ്ട്.