മുൻ കോൺഗ്രസ് അംഗവും റൂബിയോയുടെ അടുത്ത സുഹൃത്തുമായ  ഡേവിഡ് റിവേര

 
World

കള്ളപ്പണം വെളുപ്പിക്കൽ: റൂബിയോയുടെ സുഹൃത്തിന് പത്തു വർഷം തടവു ശിക്ഷ

അമ്പതു മില്യൺ ഡോളർ വെനസ്വേലിയൻ ലോബിയിങ് കേസിലാണ് മുൻ കോൺഗ്രസ് അംഗം ഡേവിഡ് റിവേരയ്ക്ക് തടവു ശിക്ഷ

Reena Varghese

വാഷിങ്ടൺ: വെനസ്വേലൻ സർക്കാരിനു വേണ്ടി രഹസ്യമായി ലോബിയിങ് നടത്തിയ കേസിൽ മുൻ മിയാമി കോണ്‍ഗ്രസ് അംഗം ഡേവിഡ് റിവേരയ്ക്ക് പത്തു വർഷം തടവ്. മുൻ വെനസ്വേലിയൻ പ്രസിഡന്‍റ് നിക്കൊളാസ് മഡുറോയുടെ സർക്കാരിനു വേണ്ടി അഞ്ചു കോടി ഡോളറിന്‍റെ ഇടപാടിൽ പ്രവർത്തിച്ചെന്നാണ് കേസ്.

വിദേശ ഏജന്‍റായി റിവേരയെ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തിയതും പണം വെളുപ്പിക്കാൻ ഗൂഢാലോചന നടത്തിയതും അടക്കമുള്ള കുറ്റങ്ങളില്‍ ഇക്കഴിഞ്ഞ മേയ് മാസത്തിൽ കുറ്റക്കാരനായി ജൂറി കണ്ടെത്തിയിരുന്നു. റിവേര യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ദീർഘകാല സൗഹൃദ ബന്ധം സൂക്ഷിക്കുന്ന വ്യക്തിയുമാണ്.

വെനസ്വേലയ്ക്കെതിരായ അമെരിക്കയുടെ കടുത്ത നയത്തിലും ഉപരോധങ്ങളിലും മാറ്റം വരുത്താൻ ട്രംപ് ഭരണകൂടത്തിലെ സ്വാധീനമുള്ള വ്യക്തികളുമായുള്ള ബന്ധം റിവേര ഉപയോഗിച്ചെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. രാഷ്ട്രീയ ഉപദേഷ്ടാവ് എസ്തർ നുഫറിനൊപ്പം മഡുറോ സർക്കാരിലെ ഉദ്യോഗസ്ഥർക്കായി യുഎസിലെ വിവിധ നഗരങ്ങളിൽ കൂടിക്കാഴ്ചകൾ സംഘടിപ്പിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.

ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് റിവേരയുടെ അഭിഭാഷകര്‍ അറിയിച്ചു.കേസിന്‍റെ വിചാരണയ്ക്കിടെ റിവേരയുടെ രാഷ്ട്രീയ ബന്ധങ്ങളും രഹസ്യ ആശയവിനിമയങ്ങളും ചർച്ചയായത് മിയാമിയിലെ വിദേശ രാഷ്ട്രീയ സ്വാധീന ശ്രമങ്ങളിലേക്കും ശ്രദ്ധ തിരിച്ചു. വെനസ്വേലന്‍ ഉദ്യോഗസ്ഥരുമായി റിവേര നടത്തിയ ടപെടലുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും വിചാരണയ്ക്കിടെ പുറത്തുവന്നു.