അലക്സിസ് വിൽകിൻസ്, കാഷ് പട്ടേൽ
വാഷിങ്ടൺ: ഇന്ത്യൻ വംശജനായ എഫ്ബിഐ ഡയറക്റ്റർ കാഷ് പട്ടേലും ദീർഘകാലമായി പ്രണയത്തിലായിരുന്ന ഗായിക അലക്സിസ് വിൽകിൻസും വിവാഹനിശ്ചയം നടത്തി. ഞായറാഴ്ച വൈകിട്ട് എക്സിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.
27കാരിയായ വിൽകിൻസ്, 46കാരനായ കാഷ് പട്ടേലിനൊപ്പമുള്ള ചിത്രമാണ് എക്സിൽ പങ്കുവച്ചത്. വിവാഹനിശ്ചയ മോതിരം കാണിക്കുന്ന തരത്തിൽ കൈ ഉയർത്തിപ്പിടിച്ചായിരുന്നു ചിത്രം. വിൽകിൻസ് പങ്കുവച്ച ചിത്രം കാഷ് പട്ടേലും ഷെയർ ചെയ്തു.
2025ൽ കാഷ് പട്ടേൽ എഫ്ബിഐ ഡയറക്റ്ററായി ചുമതലയേൽക്കുന്നതിന് മുൻപ് തന്നെ ഇരുവരും പ്രണയത്തിലായിരുന്നു. കാഷ് പട്ടേൽ സ്ഥാനമേറ്റ ചടങ്ങിലും വിൽകിൻസ് പങ്കെടുത്തിരുന്നു.
ഗായികയും രാഷ്ട്രീയ നിരീക്ഷകയുമായ വിൽകിൻസ് 2023ലാണ് അരങ്ങേറ്റ ആൽബം പുറത്തിറക്കിയത്. യാഥാസ്ഥിതിക നിലപാടുകളുള്ള വിവിധ സംഘടനകളുമായി അവർക്ക് ബന്ധമുണ്ട്.
സ്വകാര്യ യാത്രകൾക്കായി സർക്കാർ വിമാനങ്ങൾ ഉപയോഗിച്ചതിന്‍റെ പേരിൽ കാഷ് പട്ടേൽ നേരത്തെ വിമർശനം നേരിട്ടിരുന്നു. വിൽകിൻസ് ദേശീയഗാനം ആലപിച്ച പെൻസിൽവാനിയയിലെ സ്റ്റേറ്റ് കോളെജിൽ നടന്ന പ്രൊഫഷണൽ ഗുസ്തി പരിപാടിയിൽ പങ്കെടുക്കാൻ എഫ്ബിഐയുടെ വിമാനം ഉപയോഗിച്ചതും ഇതിൽ ഉൾപ്പെടുന്നു.
‘അമേരിക്ക 250’ന്‍റെ ഭാഗമായി വാഷിങ്ടണിലെ നാഷണൽ മാളിൽ യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് സംഘടിപ്പിച്ച ‘ഗ്രേറ്റ് അമേരിക്കൻ സ്റ്റേറ്റ് ഫെയറി’ൽ പങ്കെടുത്തും വിൽകിൻസ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.