ആണവ ഭീഷണിയും ഇറാൻ യുദ്ധവും

 
World

ആണവ ഭീഷണിയും ഇറാൻ യുദ്ധവും

ഷെൻഷെൻ ത്രികക്ഷി ചർച്ചകളുടെ പിന്നിലെ ലക്ഷ്യങ്ങൾ

Reena Varghese

റീന വർഗീസ് കണ്ണിമല

ഷെൻഷെനിൽ നടന്ന ത്രികക്ഷി ചർച്ചകളുടെ ഭൗമരാഷ്ട്രീയ പ്രാധാന്യം എത്തി നിൽക്കുന്നത് ആണവ വ്യാപനം തടയൽ, ആഗോള ആണവ സുരക്ഷ, ഇറാൻ യുദ്ധം, പശ്ചിമേഷ്യൻ ഊർജ വിതരണം എന്നീ നിർണായക വിഷയങ്ങളിലാണ്. അന്താരാഷ്ട്ര തലത്തിലെ ഏറ്റവും വലിയ മൂന്ന് ആണവ ശക്തികളുടെ നേതാക്കൾ ഒന്നിച്ചിരുന്ന് ആണവ ഭീഷണി കുറയ്ക്കുന്നതിനെ കുറിച്ച് സംസാരിച്ചത് ആഗോള ശ്രദ്ധ നേടിയെന്നതു ശരി തന്നെ. എന്നാൽ അതിനു വ്യക്തമായ സമയക്രമമോ നടപ്പാക്കൽ പദ്ധതിയോ അവരുടെ പ്രഖ്യാപനത്തിൽ ഉണ്ടായില്ല.

'ആണവയുദ്ധം ജയിക്കാനാവില്ല; അത് ഒരിക്കലും നടക്കാൻ അനുവദിക്കരുത്' എന്ന നിലപാട് ആവർത്തിച്ച നേതാക്കൾ, ആണവായുധങ്ങളുടെ വ്യാപനം തടയുന്നതിനും ആണവഭീഷണി കുറയ്ക്കുന്നതിനുമായി ചർച്ചകൾ തുടരാൻ ധാരണയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ എങ്ങും തൊടാത്ത ഈ ഉറപ്പ് എങ്ങനെ പ്രായോഗികമായി നടപ്പാക്കും എന്നതിൽ യാതൊരു വ്യക്തതയും ഇല്ല. അമേരിക്കയും റഷ്യയും തമ്മിലുള്ള അവസാനത്തെ പ്രധാന ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ട് (New START) 2026 ഫെബ്രുവരിയിൽ കാലഹരണപ്പട്ടിരുന്നു.ഇരു രാജ്യങ്ങളുടെയും ആണവായുധ ശേഖരങ്ങൾക്ക് മേലുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച ആശങ്കകൾ വർധിച്ചിക്കാൻ ഇത് കാരണമായി. ഇതോടെയാണ് ചൈനയെയും ഉൾപ്പെടുത്തി പുതിയതും വിപുലവുമായ ആണവായുധ നിയന്ത്രണ കരാർ വേണമെന്ന നിലപാടിലേയ്ക്ക് ട്രംപ് ഭരണകൂടം എത്തിയത്. എന്നാൽ അമേരിക്കയുടെയും റഷ്യയുടെയും ശേഖരങ്ങളെ അപേക്ഷിച്ച് വളരെ കുറവായ ചൈനയുടെ ആണവശേഖരത്തെ നിയന്ത്രണങ്ങൾക്ക് വിധേയമാക്കാൻ ബീജിങ് എത്രത്തോളം തയ്യാറാകുമെന്നത് കണ്ടറിയണം.

ഇറാൻ ഉയർത്തുന്ന ആശങ്കകൾ

ഈ ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇറാന്‍റെ ആണവ പദ്ധതിയും പ്രധാനമാണ്.ഇറാന്‍റെ ആണവ പദ്ധതിയുടെ സ്വഭാവത്തെ കുറിച്ചും ആണവ വസ്തുക്കളുടെ കണക്കെടുപ്പിനെ കുറിച്ചും അന്താരാഷ്ട്ര ആണവോർജ ഏജൻസിക്കുള്ള ആശങ്കകൾ വർധിപ്പിക്കാൻ യുദ്ധം കാരണമായി. ഇറാനിലെ ആണവകേന്ദ്രങ്ങളിലേക്കുള്ള പരിശോധനയും വിവരശേഖരണവും തടസപ്പെട്ട സാഹചര്യത്തിൽ, ആണവവസ്തുക്കൾ സമാധാനപരമായ ആവശ്യങ്ങൾക്കു മാത്രമാണോ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ ആണവ നിർവ്യാപന ഉടമ്പടി (NPT) പ്രകാരമുള്ള ബാധ്യതകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ജർമനിയും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സമ്മർദ്ദവും ഇപ്പോൾ ശക്തമാണ്.

എന്നാൽ ഇറാന്‍റെ ആണവപദ്ധതിയെ ചുറ്റിപ്പറ്റിയുള്ള തർക്കം പരിശോധനയുടെയും ഉപരോധങ്ങളുടെയും വിഷയത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഇറാനെതിരായ സൈനിക നടപടികളും ആണവകേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളും ആണവനിർവ്യാപന സംവിധാനത്തിന്‍റെ വിശ്വാസ്യതയെക്കുറിച്ചും പുതിയ ചോദ്യങ്ങൾ ഉയർത്തുന്നു. ആണവായുധങ്ങൾ വികസിപ്പിക്കരുതെന്ന് രാജ്യങ്ങളോട് ആവശ്യപ്പെടുന്ന അന്താരാഷ്ട്ര സമൂഹം, ആണവപദ്ധതികൾ സംബന്ധിച്ച തർക്കങ്ങൾ സൈനികമായി പരിഹരിക്കാൻ ശ്രമിക്കുമ്പോൾ അതിന്‍റെ ദീർഘകാല പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്നതും ചർച്ച ചെയ്യപ്പെടേണ്ടതാണ്.

ഷെൻഷെൻ ഉച്ചകോടിയിൽ ഇറാൻ യുദ്ധം അവതരിപ്പിച്ച് ട്രംപ്

ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമവും ട്രംപ് ഷെൻഷെൻ ചർച്ചകളിൽ ഉന്നയിച്ച വിഷയങ്ങളിലൊന്നായിരുന്നു. ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ ചൈനയുടെയും റഷ്യയുടെയും സഹകരണം തേടാൻ അമേരിക്കയ്ക്ക് താൽപര്യമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ ധാരണയോ സംയുക്ത നടപടിപദ്ധതിയോ മൂന്നു നേതാക്കളും പ്രഖ്യാപിച്ചില്ല. യുക്രെയ്ൻ യുദ്ധത്തെപ്പോലെ ഇറാൻ യുദ്ധവും പ്രഖ്യാപനത്തിന്‍റെ കേന്ദ്രവിഷയമായില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തതായി ട്രംപ് പറഞ്ഞെങ്കിലും, അതിനായി ചൈനയോ റഷ്യയോ എന്തെങ്കിലും ഉറപ്പ് നൽകിയതായി തെളിവില്ല.

ഹോർമൂസിൽ തൊടാതെ ഊർജ വിതരണത്തിൽ ഉറപ്പ്

ഇറാൻ യുദ്ധം ആഗോള ഊർജവിതരണത്തെയും നേരിട്ട് ബാധിക്കുന്നുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെടുന്നത് ലോക വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാവുന്ന സാഹചര്യമാണ്. ആഗോള എണ്ണവിതരണത്തിന്റെ സ്ഥിരത ഉറപ്പാക്കാനും ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിതരണവും വർധിപ്പിക്കാനും മൂന്നു രാജ്യങ്ങളും ധാരണയിലെത്തിയതായി പ്രഖ്യാപനത്തിൽ പറയുന്നു. എന്നാൽ ഹോർമുസ് കടലിടുക്കിലെ സുരക്ഷയും ഇറാൻ യുദ്ധത്തിന്റെ ഭാവിയും സംബന്ധിച്ച് വ്യക്തമായ പരിഹാരമൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ ഊർജവിതരണത്തെക്കുറിച്ചുള്ള ഉറപ്പ് യുദ്ധം സൃഷ്ടിച്ച അനിശ്ചിതത്വത്തിന് പരിഹാരമാകുന്നില്ല.

പരിമിതികൾ നിറഞ്ഞ ത്രികക്ഷി സമ്മേളനമായി ഷെൻഷെൻ

ഇവിടെയാണ് ഷെൻഷെൻ പ്രഖ്യാപനത്തിന്റെ പരിമിതി വ്യക്തമാകുന്നത്. ആണവഭീഷണി കുറയ്ക്കൽ, എണ്ണവിതരണം വർധിപ്പിക്കൽ, ഐക്യരാഷ്ട്രസഭയുടെ പരിഷ്കരണം, അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അധികാരപരിധി തുടങ്ങിയ വിഷയങ്ങളിൽ പൊതുവായ നിലപാടുകൾ പ്രഖ്യാപിച്ചെങ്കിലും, യുക്രെയ്ൻ യുദ്ധവും ഇറാൻ യുദ്ധവും സംബന്ധിച്ച നിർണായക പ്രശ്നങ്ങൾ പ്രഖ്യാപനത്തിൽ നിന്ന് അകന്നുനിന്നു. ആണവ നിർവ്യാപന ചർച്ചകൾക്ക് സമയപരിധിയോ തുടർനടപടികളുടെ രൂപരേഖയോ നിശ്ചയിച്ചിട്ടില്ല. അതിനാൽ പ്രഖ്യാപനത്തെ വലിയ നയതന്ത്ര മുന്നേറ്റമായി കാണുന്നതിനേക്കാൾ, ഭാവി ചർച്ചകൾക്കുള്ള പൊതുവായ രാഷ്ട്രീയ സൂചനയായി വിലയിരുത്തുന്നതാണ് ഉചിതം.

പ്രതീകാത്മക നേട്ടം കൊയ്തത് മോസ്കോ

റഷ്യയെ സംബന്ധിച്ചിടത്തോളം ഈ കൂടിക്കാഴ്ചയുടെ പ്രധാന നേട്ടം യുക്രെയ്ൻ യുദ്ധത്തിൽ ഉടനടി പരിഹാരം നേടുക എന്നതിലുപരി, ആഗോള നയതന്ത്രത്തിന്‍റെ കേന്ദ്രത്തിൽ വീണ്ടും സ്ഥാനം ഉറപ്പിക്കുകയെന്നതായിരുന്നു. അമേരിക്കൻ പ്രസിഡന്‍റും ചൈനീസ് പ്രസിഡന്‍റും റഷ്യൻ പ്രസിഡന്‍റും ഒരേ വേദിയിൽ ഇരുന്ന് ആഗോള സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്യുന്നത് തന്നെ മോസ്കോയ്ക്ക് വലിയ പ്രതീകാത്മക നേട്ടമാണ്. യുക്രെയ്ൻ വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങളെയും യുക്രെയ്നെയും കൂടാതെ വൻശക്തികൾ തമ്മിൽ ചർച്ച നടത്തുന്നത് റഷ്യയ്ക്ക് അനുകൂലമായ നയതന്ത്ര സാഹചര്യം സൃഷ്ടിക്കുന്നുവെന്ന വിലയിരുത്തലും ഇതോടൊപ്പം ഉയരുന്നു.

യാഥാർഥ്യമാകാതെ രണ്ടാം യാൽറ്റ

എന്നാൽ യാൽറ്റ മാതൃകയിൽ ലോകത്തിന്‍റെ രാഷ്ട്രീയ ഭൂപടം പുനർനിർണയിക്കാനുള്ള ശ്രമം യാഥാർഥ്യമായോ എന്ന ചോദ്യത്തിന് ഇപ്പോൾ വ്യക്തമായ ഉത്തരം നൽകാനാവില്ല. യുക്രെയ്ൻ യുദ്ധത്തിനും ഇറാൻ യുദ്ധത്തിനും പരിഹാരം കണ്ടെത്താനായിട്ടില്ല. ആണവായുധ നിയന്ത്രണത്തിലും നിർവ്യാപനത്തിലും പ്രഖ്യാപനങ്ങൾക്കപ്പുറം വ്യക്തമായ നടപടികളില്ല. അതേസമയം, റഷ്യയ്ക്ക് അന്താരാഷ്ട്ര വേദിയിൽ വീണ്ടും അംഗീകാരം ലഭിക്കുകയും ചൈന ആഗോള നയതന്ത്രത്തിലെ പ്രധാന മധ്യസ്ഥനെന്ന പ്രതിച്ഛായ ശക്തിപ്പെടുത്തുകയും ചെയ്തു.

പുടിൻ പ്രതീക്ഷിച്ച രണ്ടാം യാൽറ്റ യാഥാർഥ്യമായില്ലെങ്കിലും, ലോകക്രമത്തെക്കുറിച്ചുള്ള ചർച്ചകളിൽ റഷ്യയുടെ സ്ഥാനം വീണ്ടും ഉറപ്പിക്കാൻ ഷെൻഷെൻ കൂടിക്കാഴ്ച സഹായിച്ചു. എന്നാൽ വൻശക്തികൾ തമ്മിലുള്ള ധാരണകൾക്ക് പുറത്തുനിൽക്കുന്ന യുക്രെയ്ൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുടെ പരമാധികാരവും സുരക്ഷയും എങ്ങനെ സംരക്ഷിക്കപ്പെടും എന്നതാണ് കൂടുതൽ ഗൗരവമുള്ള ചോദ്യം. ആണവായുധ വ്യാപനം തടയാനും യുദ്ധങ്ങൾ അവസാനിപ്പിക്കാനും ലക്ഷ്യമിടുന്ന അന്താരാഷ്ട്ര സംവിധാനങ്ങൾ വൻശക്തികളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വിധേയമാകുന്നുണ്ടോ എന്ന ആശങ്കയും ഇതോടെ ശക്തമാകുന്നു. പ്രഖ്യാപനങ്ങളേക്കാൾ അവ നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയിലാണ് ഈ കൂടിക്കാഴ്ചയുടെ യഥാർഥ പ്രാധാന്യം. അത് കാലം തെളിയിക്കട്ടെ.