പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പുറപ്പെടുന്ന നേപ്പാൾ സൈന്യത്തിന്‍റെ ട്രക്കുകൾ

 
World

നേപ്പാളിൽ വീണ്ടും പ്രളയഭീതി; ഭോട്ടെ കോശി നദിയിലെ ജലനിരപ്പ് ഉയർന്നു

ഭോട്ടെ കോശി നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് അധികൃതർ വെള്ളിയാഴ്ച പുതിയ മുന്നറിയിപ്പ് നൽകിയത്

Sarath Nath MS

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും മിന്നൽപ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഭോട്ടെ കോശി നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് അധികൃതർ വെള്ളിയാഴ്ച പുതിയ മുന്നറിയിപ്പ് നൽകിയത്. ഇതിനിടെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 547 കടന്നു.

ഭോട്ടെ കോശി നദിയിലെ അതേ പ്രദേശത്ത് ജലനിരപ്പ് വീണ്ടും ഉയർന്നത് മറ്റൊരു പ്രളയത്തിന് സാധ്യത വർധിപ്പിക്കുന്നതായി നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്‍റ് അതോറിറ്റി അറിയിച്ചു. തെരച്ചിൽ-രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും വിവിധ ആവശ്യങ്ങൾക്കായി ഭോട്ടെ കോശി, ത്രിശൂലി മേഖലകളിൽ കഴിയുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി നിർദേശിച്ചു. അപകടസാധ്യത കണ്ടാൽ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

നേപ്പാളിലെ റാസുവ ജില്ലയിലൂടെ ഒഴുകുന്ന ഭോട്ടെ കോശി നദിയിലെ നീരൊഴുക്ക് വർധിച്ചിട്ടുണ്ടെന്ന് ചൈനീസ് അധികൃതരും അറിയിച്ചു. എന്നാൽ നദിയുടെ മുകൾഭാഗത്ത് രൂപപ്പെട്ട തടാകം നിലവിൽ സ്ഥിരതയുള്ളതാണെന്നും അത് പൊട്ടിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. മുകളിലേക്കുള്ള പ്രദേശത്തെ നീരൊഴുക്ക് വർധിച്ചത് ഹിമപാതത്തെ തുടർന്നാണെന്നാണ് ചൈനീസ് അധികൃതർ നേപ്പാൾ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നദിയുടെ ഒഴുക്ക് തടസപ്പെട്ടതിനെ തുടർന്ന് രൂപപ്പെട്ട തടാകം ഇതുവരെ പൊട്ടിയിട്ടില്ലെന്നും അവർ അറിയിച്ചു.

തടാകത്തിന്‍റെ വലുപ്പം വർധിച്ചുവരികയാണെന്നും വെള്ളം തുടർച്ചയായി പുറത്തേക്ക് ഒഴുകുന്നുണ്ടെന്നും ചൈനീസ് അധികൃതർ വ്യക്തമാക്കി. എന്നാൽ വലിയ തോതിലുള്ള ജലവിസ്ഫോടനമോ തടാകം തകർന്നൊഴുകുന്നതോ ഉണ്ടായിട്ടില്ല. നിലവിൽ വലിയ തോതിലുള്ള പ്രളയത്തിന്‍റെ അടിയന്തര ഭീഷണിയില്ലെന്നും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ചൈന അറിയിച്ചു.

ബുധനാഴ്ച റാസുവ ഉൾപ്പെടെ മധ്യനേപ്പാളിലെ വിവിധ പ്രദേശങ്ങളിലൂടെ കുത്തിയൊലിച്ച മിന്നൽപ്രളയത്തിൽ നൂറുകണക്കിന് ആളുകളാണ് മരിച്ചത്. നിരവധി ജനവാസകേന്ദ്രങ്ങൾ, റോഡുകൾ, പാലങ്ങൾ, ജലവൈദ്യുത പദ്ധതികൾ എന്നിവയ്ക്ക് വ്യാപകമായ നാശനഷ്ടമുണ്ടായി.

രക്ഷാപ്രവർത്തകരായി എത്തി മൃതദേഹത്തിൽ നിന്ന് സ്വർണം മോഷ്ടിച്ചു, നേപ്പാളിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

ഭീകരവിരുദ്ധ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ മൂന്ന് പുതിയ എൻഐഎ പ്രത്യേക കോടതികൾ

18 കോടിയുടെ റോഡിൽ 3 മാസത്തിനകം 10 അടി ആഴമുള്ള ഗർത്തം; തകർന്നത് പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം നിർമിച്ച റോഡ്

നേപ്പാളിലെ മിന്നൽ പ്രളയം; മരണസംഖ്യ കുതിച്ചുയരുന്നു, ഇതുവരെ കണ്ടെടുത്തത് 547 മൃതദേഹങ്ങൾ

പ്രളയം; ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ ചരക്കുനീക്കം താറുമാറായി, സോണൗലി അതിർത്തിയിൽ 16 കിലോമീറ്റർ നീളത്തിൽ ട്രക്കുകളുടെ നിര