സംഘർഷമുണ്ടായ ഫ്ളൈ ദുബായ് വിമാനം.
ദുബായ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിന്‍റെ കോക്പിറ്റിൽ പൈലറ്റുമാർ തമ്മിലുണ്ടായ സംഘർഷത്തെക്കുറിച്ച് യുഎഇയും സൗദി അധികൃതരും അന്വേഷണം ആരംഭിച്ചു. 174 യാത്രക്കാരുമായി പറന്ന FZ1073 എന്ന ബോയിംഗ് 737 വിമാനത്തിലാണ് പറക്കലിനിടെ സംഘർഷം ഉണ്ടായത്. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.
വിമാനത്തിന്‍റെ പൈലറ്റ് ഇന്ത്യാക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറും സഹപൈലറ്റായ ഒമാൻ സ്വദേശിയും തമ്മിലാണ് കോക്പിറ്റിൽ ഏറ്റുമുട്ടലുണ്ടായത്. ക്യാപ്റ്റൻ സ്മിത് മച്ചാറിനെ സഹപൈലറ്റ് കത്തികൊണ്ട് കുത്തിപ്പരുക്കേൽപ്പിക്കുകയും വിമാനം താഴേക്ക് പതിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരും യാത്രക്കാരും ചേർന്ന് അക്രമിയെ കീഴ് പ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ ക്യാപ്റ്റൻ സ്മിത് മച്ചാറിനും സഹപൈലറ്റിനും പരിക്കേറ്റു. സ്മിത് മച്ചാറിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. മച്ചാറിനെ ദുബായിലേക്ക് മാറ്റിയതായും റിപ്പോർട്ട് ഉണ്ട്.
യുഎഇ ജനറൽ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും യുഎഇ പബ്ലിക് പ്രൊസിക്യൂഷനും സംഭവത്തിൽ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിനുള്ളിൽ നടന്ന അക്രമ സംഭവത്തിന്‍റെ യഥാർത്ഥ കാരണങ്ങളും ഭീകരാക്രമണ സാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങളും പരിശോധിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.