സ്മിത് മച്ചാർ, അപകടത്തിൽപ്പെട്ട വിമാനം

 
World

സ്മിത് മച്ചാറിന്‍റെ ആരോഗ്യനില തൃപ്തികരം; ഇസ്രായേൽ സർവീസുകൾ റദ്ദാക്കി ഫ്ലൈദുബൈ

സഹ പൈലറ്റിന്‍റെ ആക്രമണത്തെ ചെറുത്ത് 170 യാത്രക്കാരെയും സുരക്ഷിതമായി എത്തിച്ച ഇന്ത്യാക്കാരനായ പൈലറ്റിന് അഭിനന്ദന പ്രവാഹമാണ്

Namitha Mohanan

ദുബായ്: ഫ്ളൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്‍റെ ആക്രമണത്തിൽ പരുക്കേറ്റ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന്‍റെ ആരോഗ്യനില തൃപ്തികരം. താബുക്ക് സിറ്റി ആശുപത്രിയിലാണ് സ്മിത് മച്ചാർ ചികിത്സയിൽ കഴിയുന്നത്. സൗദി ഇന്ത്യൻ എംബസിയാണ് മച്ചാറിന്‍റെ ആരോഗ്യ നിലയേക്കുറിച്ച് വിവരം പുറത്ത് വിട്ടത്.

ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി. സൗദിയിൽ ഫ്ലൈ ദുബൈ വിമാനം ഇടിച്ചിറക്കിയ സംഭവത്തിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് നടപടി. അന്വേഷണം അവസാനിക്കുന്നത് വരെ ഇസ്രായേലിലേക്കും തിരിച്ചും സർവീസ് ഉണ്ടാവില്ലെന്ന് അധികൃതർ അറിയിച്ചു.

സഹ പൈലറ്റിന്‍റെ ആക്രമണത്തെ ചെറുത്ത് 170 യാത്രക്കാരെയും സുരക്ഷിതമായി എത്തിച്ച ഇന്ത്യാക്കാരനായ പൈലറ്റിന് അഭിനന്ദന പ്രവാഹമാണ്. സ്മിത് മച്ചാർ ഹീറോയാണെന്ന് ട്രംപും നെതന്യാഹുവും പ്രതികരിച്ചു. ആകാശത്ത് വച്ച് ആക്രമണം നടത്തിയ ഒമാൻ സ്വദേശിയായ സഹപൈലറ്റിനെ യാത്രക്കാർ ചേർന്നാണ് കീഴടക്കിയത്. സംഭവത്തിന് പിന്നാലെ ഓഫ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ നടത്തിയ അടിയന്തര സേഫ് ലാൻഡിങും വളരെ നിർണായകമായി.

സഹപൈലറ്റിന്‍റെ കുത്തേറ്റിട്ടും കോക്പിറ്റ് തുറന്ന് യാത്രക്കാരെ ഉള്ളിൽ കയറ്റിയ സ്മിത് മച്ചാറാണ് ഈ സംഭവത്തിലെ ഹീറോ എന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.