കരിങ്കടലിൽ ഇന്ത്യൻ നാവികനു പരിക്ക്
ന്യൂഡൽഹി: കരിങ്കടലിൽ തുർക്കിയുടെ ഉടമസ്ഥതയിലുള്ള സിവിലിയൻ ചരക്കുകപ്പലിനു നേരെയുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ നാവികനു പരിക്ക്. ആക്രമണത്തിൽ രണ്ടു ജീവനക്കാർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കപ്പലിൽ ഉണ്ടായിരുന്ന ജീവനക്കാരിൽ മൂന്നു പേർ ഇന്ത്യൻ പൗരന്മാരായിരുന്നു എന്നും ഇവരിൽ ഒരാൾക്ക് ഡ്രോൺ ആക്രമണത്തെ തുടർന്ന് പരിക്കേറ്റതായും റോമാനിയയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ തീപിടിത്തമുണ്ടായതായും പരിക്കേറ്റ നാവികന് റൊമാനിയയില്‍ ചികിത്സ നല്‍കിവരുന്നതായും എംബസി വ്യക്തമാക്കി.
”കരിങ്കടലില്‍ വാണിജ്യ കപ്പലായ MV ROYAD MAMMADOVന് നേരെ ആക്രമണം നടന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രാഥമിക വിവരങ്ങള്‍ പ്രകാരം രണ്ട് വിദേശ പൗരന്മാര്‍ കൊല്ലപ്പെടുകയും ചില ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ റൊമാനിയയില്‍ ചികിത്സയിലാണ്. കപ്പലിലെ ജീവനക്കാരില്‍ മൂന്ന് പേര്‍ ഇന്ത്യന്‍ പൗരന്മാരാണെന്നാണ് ലഭിക്കുന്ന വിവരമെന്നും എംബസി എക്‌സില്‍ കുറിച്ചു.
ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു. റൊമാനിയയിലെ ഇന്ത്യന്‍ അംബാസഡര്‍ മനോജ് മോഹപാത്ര കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരുമായി സംസാരിക്കുകയും എല്ലാവരും സുരക്ഷിതരാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
കോണ്‍സ്റ്റാന്‍സ കൗണ്ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് ഇന്ത്യക്കാരുമായും അംബാസഡര്‍ സംസാരിച്ചതായി എംബസി അറിയിച്ചു. ആശുപത്രിയിലെ ചീഫ് ഫിസിഷ്യനുമായും അദ്ദേഹം സംസാരിച്ചു. മൂന്ന് പേരും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും ആവശ്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്നും ഡോക്റ്റര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റ നാവികന്‍റെ ആരോഗ്യനില നിരീക്ഷിക്കുന്നതിനായി ആശുപത്രി അധികൃതരുമായി എംബസി തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ട്. ഇന്ത്യന്‍ ജീവനക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സാധ്യമായ എല്ലാ സഹായവും നല്‍കിവരുന്നതായും എംബസി വ്യക്തമാക്കി.