ചരിത്രസ്മാരകങ്ങൾക്ക് തീയിട്ടു, നഗരങ്ങളിൽ തെരുവുയുദ്ധം, കടകൾ കൊള്ളയടിച്ചു: പ്രതിഷേധത്തിൽ കത്തി ഫ്രാൻസ്
പാരിസ്: പ്രതിഷേധത്തിൽ കത്തി ഫ്രാൻസ്. വർധിച്ചുവരുന്ന പണപ്പെരുപ്പത്തിനെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധമാണ് അതിരൂക്ഷമായ തെരുവു യുദ്ധത്തിലേക്ക് വഴിമാറിയത്. ചരിത്രസ്മാരകങ്ങൾക്ക് തീയിടുകയും വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെടുകയും ചെയ്തു. ഫ്രാൻസിലെ പ്രമുഖ നഗരങ്ങളെല്ലാം അക്രമികളുടെ പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് 1200 പേരാണ് അറസ്റ്റിലായിരിക്കുന്നത്.
ഫ്രാൻസിലെ സ്കൂളുകളിലെ മോശം സാഹചര്യങ്ങൾക്കെതിരേയാണ് യുവജന സംഘടനകൾ പ്രതിഷേധം നടത്തിയത്. പിന്നീട് ജിവിത ചെലവ് വർധിക്കുന്നുവെന്ന പ്രശ്നം ഉയർത്തി തൊഴിലാളി സംഘടനകളും അണിനിരന്നതോടെ കലാപമായി മാറുകയായിരുന്നു. ശനിയാഴ്ച രാജ്യവ്യാപകമായി റാലികൾ നടന്നിരുന്നു. 5.5 ലക്ഷത്തോളം പേരാണ് റാലിയിൽ പങ്കെടുത്തത്. പലയിടങ്ങളിലും റാലികൾ സമാധാനപരമായിരുന്നെങ്കിലും തലസ്ഥാനമായ പാരീസ് ഉൾപ്പടെയുള്ള നഗരങ്ങളിൽ വലിയ രീതിയിലുള്ള അക്രമണങ്ങളിലേക്ക് വഴിമാറി.
ലിമോഗസ് നഗരത്തിലെ 140 വർഷം പഴക്കമുള്ള ടൗൺ ഹാൾ ആക്രമികൾ തീയിട്ട് നശിപ്പിച്ചു. ലോകമഹായുദ്ധങ്ങളെപ്പോലും അതിജീവിച്ച പ്രശസ്തമായ ചരിത്ര സ്മാരകമാണ് ഇത്. കൂടാതെ പാരിസ്, മാഴ്സെ, നീസ്, ലില്ലി തുടങ്ങിയ നഗരങ്ങളിലെ സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ, വസ്ത്ര- ഇലക്ട്രോണിക് കടകൾ എന്നിവ അക്രമിസംഘങ്ങൾ കൊള്ളയടിച്ചു. മാസ്ക് ധരിച്ച് മുഖം മറച്ചെത്തിയ സംഘമാണ് സുരക്ഷാ ക്യാമറകൾ പ്രവർത്തനരഹിതമാക്കിയ ശേഷം കടകൾ കൊള്ളയടിച്ചത്. പാരിസിലെ പല തെരുവുകളുും പൂർണമായി തകർപ്പെട്ടതായി മേയർ ഇമ്മാനുവൽ ഗ്രെഗ്വാർ പറഞ്ഞു. അക്രമത്തെ കടുത്ത ഭാഷയിൽ അപലപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, അരാജകത്വം പരത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് എക്സിലൂടെ അറിയിച്ചു.