നിത്യ രാമൻ
ചെന്നൈ: ലോസ് ആഞ്ചലസിന്റെ മേയറായി ചരിത്രവിജയം നേടിയ നിത്യ രാമന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അടിത്തറയായത് അമെരിക്കയല്ല, മറിച്ച് തമിഴ്നാട്ടിലെ ചെന്നൈ നഗരമാണ്. കൂവം നദീതീരങ്ങളിലും നങ്കനല്ലൂരിലുമെല്ലാം നടത്തിയ പ്രവർത്തനങ്ങളാണ് അമെരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരത്തിന്റെ മേയർ പദവിയിലേക്കുള്ള നിത്യയുടെ യാത്രയ്ക്ക് വഴികാട്ടിയായത്.
നവംബർ മൂന്നിന് നടന്ന ലോസ് ആഞ്ചലസ് മേയർ തെരഞ്ഞെടുപ്പിൽ നിലവിലെ മേയർ കാരൻ ബാസിനെ 52 ശതമാനം വോട്ട് നേടി പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റായ നിത്യ രാമൻ ചരിത്രം കുറിച്ചത്. ഡിസംബർ 14ന് നിത്യ ചുമതലയേൽക്കും. നഗരത്തിന്റെ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ-അമെരിക്കൻ, ദക്ഷിണേഷ്യൻ വംശജയായ മേയറായിരിക്കും നിത്യ.
കേരളത്തിലെ തൃശൂരിൽ തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച നിത്യ ആറാം വയസിലാണ് കുടുംബത്തോടൊപ്പം അമെരിക്കയിലേക്ക് കുടിയേറിയത്. ഹാർവഡ് സർവകലാശാലയിൽ നിന്ന് ബിരുദവും മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എംഐടി) നിന്ന് നഗരാസൂത്രണത്തിൽ ബിരുദാനന്തര ബിരുദവും നേടിയശേഷം 2010ലാണ് നിത്യ ചെന്നൈയിലേക്ക് മടങ്ങിയെത്തിയത്. 2010 മുതൽ 2013 വരെ ചെന്നൈ നിത്യയുടെ പ്രവർത്തനമേഖലയായിരുന്നു.
സെന്റർ ഫോർ ഡെവലപ്മെന്റ് ഫിനാൻസിന് കീഴിലുള്ള ട്രാൻസ്പരന്റ് ചെന്നൈ എന്ന പദ്ധതിക്ക് നിത്യ നേതൃത്വം നൽകിയിരുന്നു. നഗരത്തിലെ തെരുവുകളിലൂടെ ജിപിഎസ് ഉപകരണങ്ങളും നോട്ട്ബുക്കുകളുമായി സഞ്ചരിച്ച് അടിസ്ഥാനതലത്തിലുള്ള ഭരണസംവിധാനങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതായിരുന്നു സംഘത്തിന്റെ പ്രധാന പ്രവർത്തനം.
പൊതു ശുചിമുറികളുടെ ലഭ്യതയും അവയുടെ പ്രവർത്തനക്ഷമതയും കണ്ടെത്തുന്നതിനായി പബ്ലിക് സാനിറ്റേഷൻ ആൻഡ് ടോയ്ലറ്റ് മാപ്പിങ് പദ്ധതിക്കും നിത്യ തുടക്കമിട്ടു. ചേരിപ്രദേശങ്ങളിലെ പുനരധിവാസ കോളനികളിൽ നേരിട്ടെത്തി പൊതുശുചിമുറികളുടെ വിവരങ്ങൾ ശേഖരിച്ച് സർക്കാർ അവകാശവാദങ്ങളും യാഥാർഥ്യവും തമ്മിലുള്ള അന്തരം പുറത്തുകൊണ്ടുവന്നു.
നഗരത്തിലെ മാലിന്യം ശേഖരിക്കുന്നവരുടെയും പുനരുപയോഗത്തിനായി മാലിന്യം വേർതിരിക്കുന്നവരുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ഡാറ്റാ രജിസ്ട്രികളും തയ്യാറാക്കി. ഇവരുടെ തൊഴിൽ ഔദ്യോഗികമായി അംഗീകരിക്കണമെന്നും നഗരസഭാ ആസൂത്രണത്തിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് മുന്നിൽ ഇടപെടലുകൾ നടത്തി.
കൂവം ഉൾപ്പെടെയുള്ള ജലാശയങ്ങളുടെ തീരങ്ങളിൽ നിന്ന് ചേരിനിവാസികളെ ഒഴിപ്പിക്കാൻ സർക്കാർ നടപടികൾ ശക്തമാക്കിയപ്പോൾ നഗരത്തിലെ ദരിദ്രർക്കൊപ്പമായിരുന്നു നിത്യ. കുടുംബങ്ങളെ നഗരത്തിൽ നിന്ന് അകലെയുള്ള പുനരധിവാസ കേന്ദ്രങ്ങളിലേക്ക് നിർബന്ധിതമായി മാറ്റുന്നതിനെതിരായ പഠനങ്ങളിലും അവർ പങ്കാളികളായി.
നങ്കനല്ലൂരിൽ എക്സ്നോറ, തില്ലൈ ഗംഗ നഗർ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ തുടങ്ങിയ പൗരസംഘടനകളുമായും നിത്യ സഹകരിച്ചു. ഗതാഗത പ്രശ്നങ്ങൾ, പൊതുഗതാഗതം, കാൽനടയാത്രക്കാരുടെ സുരക്ഷ, നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് എന്നിവ സംബന്ധിച്ച് വിവരങ്ങൾ ശേഖരിച്ച് അധികൃതർക്ക് മുന്നിലെത്തിച്ചു.
താമസസൗകര്യങ്ങളുടെ താങ്ങാനാവുന്ന വിലയും ഭവനരഹിതരുടെ പ്രശ്നങ്ങളും പരിഹരിക്കാൻ വിവരാധിഷ്ഠിതവും ജനകേന്ദ്രീകൃതവുമായ നഗരാസൂത്രണം വേണമെന്നതായിരുന്നു നിത്യയുടെ മേയർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന ആശയം. ചെന്നൈയിലെ ആദ്യകാല പ്രവർത്തനങ്ങളാണ് ഈ സമീപനത്തിന് അടിത്തറയായത്.
നിത്യയുടെ വ്യക്തിജീവിതത്തിലും തമിഴ്നാടിന് പ്രധാന സ്ഥാനമുണ്ട്. അമെരിക്കൻ ടെലിവിഷൻ കോമഡി രചയിതാവായ ഭർത്താവ് വാലി ചന്ദ്രശേഖരൻ തമിഴ്നാട് സ്വദേശിയാണ്. '30 റോക്ക്', 'മോഡേൺ ഫാമിലി' തുടങ്ങിയ പരമ്പരകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം എംപി ശശി തരൂരും നിത്യയുടെ വിജയത്തിൽ അഭിനന്ദനം അറിയിച്ചു. നിത്യ രാമനും ന്യൂയോർക്കിലെ മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനിയും ഇന്ത്യൻ വംശജരാണെന്നും അമെരിക്കയിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങൾ ഇനി ഇന്ത്യൻ വംശജർ നയിക്കുമെന്നും തരൂർ എക്സിൽ കുറിച്ചു.