മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകള്‍ ശേഖരിച്ച് ട്രംപിന്റെ സുരക്ഷാ സംഘം
വാഷിംഗടണ്‍: ചൈന സന്ദര്‍ശനത്തിനുശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം മടങ്ങിയ മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകള്‍ എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ വച്ച് ശേഖരിച്ചു.സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ഈ നടപടുയെന്നാണ് വ്യാഖ്യാനം. വ്യാഴാഴ്ച ഷെന്‍ഷെനില്‍ നിന്ന് വിമാനം അമേരിക്കയിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് ചൈനയില്‍ സന്ദര്‍ശനവേളയില്‍ ഉപയോഗിച്ച ഫോണുകള്‍ കൈമാറാന്‍ മാധ്യമപ്രവര്‍ത്തകരോട് നിര്‍ദേശിച്ചത്. വൈറ്റ് ഹൗസ് പൂള് റിപ്പോര്‍ട്ടറുടെ കുറിപ്പനുസരിച്ച്, വിമാനത്തില്‍ കയറിയപ്പോള്‍ ഉദ്യോഗസ്ഥര്‍ നിരവധി മൊബൈല്‍ ഫോണുകള്‍ ശേഖരിച്ച് ഫാരഡേ ബാഗുകളില്‍ സൂക്ഷിച്ചു. ചാരവൃത്തിക്കുള്ള സാധ്യതയും സൈബര്‍ സുരക്ഷാ ഭീഷണിയും കണക്കിലെടുത്തുള്ള മുന്‍കരുതലാണിതെന്ന് അധികൃതര്‍ വിശദീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫാരഡേ ബാഗുകളും ബർണർ ഫോണുകളും
വയര്‍ലെസ് സിഗ്നലുകള്‍ തടയാന്‍ രൂപകല്‍പ്പന ചെയ്ത പ്രത്യേക കവചങ്ങളാണ് ഫാരഡേ ബാഗുകള്‍. മൊബൈല്‍ ഫോണുകളിലേക്കുള്ള ആശയവിനിമയം തടയുന്നതിലൂടെ നിരീക്ഷണം, വിവരശേഖരണം തുടങ്ങിയ സാധ്യതകള്‍ കുറയ്ക്കുകയാണ് ഇവയുടെ ലക്ഷ്യം. ഇതിനുപുറമെ, ചൈന സന്ദര്‍ശനത്തിനിടെ വൈറ്റ് ഹൗസ് ജീവനക്കാര്‍ ഉപയോഗിച്ച താല്‍ക്കാലിക ‘ബര്‍ണര്‍ ഫോണുകള്‍’ ശേഖരിച്ച് നശിപ്പിക്കുകയോ അവയിലെ വിവരങ്ങള്‍ പൂര്‍ണമായി മായ്ക്കുകയോ ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി വീഡിയോ പൂള് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സാധാരണ മൊബൈല്‍ ഫോണുകള്‍ക്ക് പകരം സുരക്ഷാ ഭീഷണികള്‍ ഒഴിവാക്കുന്നതിനായി താല്‍ക്കാലികമായി ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് ബര്‍ണര്‍ ഫോണുകള്‍.
ചൈനയിലെത്തുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരില്‍ പലരും തങ്ങളുടെ പതിവ് ജോലിക്കും വ്യക്തിഗത ആവശ്യങ്ങള്‍ക്കുമുള്ള മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്, സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവ പ്രത്യേക സുരക്ഷാ ബാഗുകളില്‍ സൂക്ഷിച്ചിരുന്നു. ഈ ഉപകരണങ്ങള്‍ അധികൃതര്‍ ശേഖരിച്ചിരുന്നില്ലെന്നും അമേരിക്കയിലേക്കുള്ള മടക്കയാത്രയില്‍ അവ ഉപയോഗിക്കാന്‍ സാധിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ചൈന സന്ദര്‍ശനവേളയില്‍ പതിവ് ഫോണുകള്‍ക്ക് പകരം മറ്റ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് യാത്രയ്ക്കിടെ അവ കൈവശം വയ്ക്കാന്‍ സാധിച്ചില്ല. അമേരിക്കയില്‍ വിമാനം ഇറങ്ങിയശേഷമാണ് ശേഖരിച്ച ഫോണുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് തിരികെ നല്‍കിയത്.
ചൈന സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായും ഉള്‍പ്പെടെ ട്രംപ് നടത്തിയ ഉന്നതതല കൂടിക്കാഴ്ചകള്‍ക്കു പിന്നാലെയാണ് അസാധാരണമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചത്. വിദേശരാജ്യങ്ങളിലെ സന്ദര്‍ശനവേളയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വഴി രഹസ്യവിവരങ്ങള്‍ ചോര്‍ത്താനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതെന്നാണ് വിശദീകരണം. പ്രസിഡന്റിനൊപ്പം യാത്ര ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ കൂട്ടത്തോടെ ശേഖരിച്ച് സിഗ്നല്‍ തടയുന്ന ബാഗുകളില്‍ സൂക്ഷിച്ചത് സുരക്ഷാ രംഗത്ത് പ്രത്യേക ശ്രദ്ധ നേടുകയും ചെയ്തു.