മരിയ മോൺസെ അൽവരാഡോ: വത്തിക്കാൻ മാധ്യമ വിഭാഗത്തിന്റെ ആദ്യ വനിതാ മേധാവി
വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചു കൊണ്ട് വത്തിക്കാന്റെ വാർത്താ വിനിമയ വിഭാഗമായ ഡിക്കാസ്റ്ററി ഫൊർ കമ്യൂണിക്കേഷന്റെ പ്രീഫെക്റ്റായി മെക്സിക്കൻ-അമെരിക്കൻ മാധ്യമപ്രവർത്തക മരിയ മോൺസെറാത്ത് അൽവരാഡോ ചുമതലയേറ്റു. ലെയോ പതിനാലാമൻ മാർപ്പാപ്പ നടത്തിയ നിയമനം 2026 നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ അല്മായ വനിതയും ഇറ്റലിക്കാരിയല്ലാത്ത ആദ്യ വ്യക്തിയുമാണ് അവര്‍.
1986ൽ മെക്സിക്കോ സിറ്റിയിൽ ജനിച്ച അൽവരാഡോ ബാല്യത്തിൽ അമെരിക്കയിലേയ്ക്കു കുടിയേറി. ഫ്ലോറിഡ ഇന്റർനാഷനൽ യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദവും ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. മത സ്വാതന്ത്ര്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അമെരിക്കയിലെ ബക്കറ്റ് ഫണ്ട് ഫൊർ റിലീജിയസ് ലിബർട്ടിയിൽ ഒരു ദശാബ്ദത്തിലേറെ വിവിധ നേതൃസ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ചു.
2021ൽ ആഗോള കത്തോലിക്കാ മാധ്യമ ശൃംഖലയായ EWTN-ല്‍ ചേര്‍ന്ന അവര്‍ വാര്‍ത്താ അവതാരകയായും EWTN News In Depth പരിപാടിയുടെ അവതാരകയായും ശ്രദ്ധ നേടി. 2023-ല്‍ EWTN News-ന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായി നിയമിതയായി. അന്താരാഷ്ട്ര ടെലിവിഷന്‍, അച്ചടി, ഡിജിറ്റല്‍ മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ വിപുലമായ പരിചയവും അവര്‍ക്കുണ്ട്.
വത്തിക്കാന്‍ ന്യൂസ്, വത്തിക്കാന്‍ റേഡിയോ, ദിനപത്രമായ L’Osservatore Romano, ഹോളി സീ പ്രസ് ഓഫീസ്, പ്രസിദ്ധീകരണ-അച്ചടി വിഭാഗങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സുപ്രധാന ഉത്തരവാദിത്വമാണ് പുതിയ പ്രിഫെക്റ്റിന് ഉള്ളത്. വിവിധ ഭാഷകളിലൂടെയും ആധുനിക ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയും സഭയുടെ സന്ദേശം ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ വിഭാഗത്തിന്റെ പ്രധാന ദൗത്യം.
സഭയുടെ വാര്‍ത്താവിനിമയ സംവിധാനങ്ങളെ കൂടുതല്‍ സജീവവും ജനകീയവും ആധുനികവുമാക്കണമെന്ന ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ നിയമനത്തെ കാണുന്നത്. അൽവരാഡോയുടെ സർഗാത്മകതയും മാധ്യമ രംഗത്തെ അനുഭവ സമ്പത്തും പ്രവർത്തന മികവും മാര്പാപ്പുയെ പ്രത്യേക പ്രശംസയ്ക്ക് പാത്രീഭൂതമായിട്ടുണ്ട്. മുൻ പ്രിഫെക്റ്റ് പൊലോ റുഫീനിയുടെ പിൻഗാമിയായാണ് അൽവരാഡോ ചുമതലയേറ്റത്. സഭയുടെ ഭരണ നേതൃത്വത്തിൽ വനിതകൾക്കും അൽമായ വിശ്വാസികൾക്കും കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിക്കുന്നതിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ് ഈ നിയമനം.
ആധുനിക മാധ്യമലോകത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സുവിശേഷസന്ദേശം കൂടുതല്‍ ഫലപ്രദമായി ലോകജനതയിലേക്ക് എത്തിക്കുക എന്ന മഹത്തായ ദൗത്യമാണ് പുതിയ നേതൃത്വത്തിനു മുന്നിലുള്ളത്. ആഗോള കത്തോലിക്കാ സഭയുടെ മാധ്യമചരിത്രത്തില്‍ ഈ നിയമനം ഒരു പുതിയ നാഴികക്കല്ലായി മാറുകയാണ്. 2026 ജൂണ്‍ 2-നാണ് ലെയോ പതിനാലാമന്‍ മാര്‍പാപ്പ മരിയ മോണ്‍സെ അല്‍വരാഡോയെ വത്തിക്കാന്റെ വാര്‍ത്താവിനിമയ വിഭാഗത്തിന്റെ പ്രിഫെക്റ്റായി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന്, 2026 നവംബര്‍ 1-ന് മുന്‍ പ്രിഫെക്റ്റ് പൗലോ റുഫീനിയുടെ പിന്‍ഗാമിയായി അവര്‍ ഔദ്യോഗികമായി ചുമതലയേറ്റു.