24-കാരനായ അനോജന് ശിവരാസ
റിയാദ്: പ്രവാചകന് മുഹമ്മദ് നബിയെ അവഹേളിച്ചെന്നാരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശ്രീലങ്കന് എന്ജിനീയറുടെ ശിക്ഷാവിധി സൗദി അറേബ്യയിലെ സുപ്രീം കോടതി റദ്ദാക്കിയതായി ശ്രീലങ്കന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അരുണ് ഹേമചന്ദ്ര ബുധനാഴ്ച അറിയിച്ചു.
ഫേസ്ബുക്കില് പങ്കുവച്ച ഒരു പരാമര്ശത്തിന്റെ പേരില് ഇസ്ലാമിനെയും പ്രവാചകന് മുഹമ്മദ് നബിയെയും അവഹേളിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്ന്ന്, അപ്പീല് കോടതിയാണ് 24-കാരനായ അനോജന് ശിവരാസയ്ക്ക് വധശിക്ഷ വിധിച്ചത്. ശ്രീലങ്കയിലെ കിഴക്കന് പ്രവിശ്യയിലുള്ള നാറ്റ്പിട്ടിമുനൈ സ്വദേശിയായ ഇദ്ദേഹം, ഒരു ബാറ്ററി ഫാക്റ്ററിയില് ടെക്നിക്കല് എന്ജിനീയറായി ജോലി ചെയ്യുന്നതിനായി 2025 സെപ്റ്റംബറിലാണ് സൗദി അറേബ്യയിലേക്ക് എത്തിയത്. ശിവരാസയുടെ കേസുമായി ബന്ധപ്പെട്ട് ജൂലൈ മുതല് ശക്തമായ നയതന്ത്ര ഇടപെടലുകള് നടന്നുവരികയായിരുന്നു. ശിവരാസയുടെ ജീവന് രക്ഷിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം, രാഷ്ട്രീയ നേതാക്കള്, മതനേതാക്കള്, മനുഷ്യാവകാശ സംഘടനകള് എന്നിവര് സൗദി അധികൃതരോട് അഭ്യര്ഥിച്ചിരുന്നു.
പ്രശ്നമായത് സോഷ്യല് മീഡിയയിലെ കമന്റ്
ശ്രീലങ്കയില് തീര്ഥയാത്ര നടത്തുന്ന ഹിന്ദു ഭക്തരെ അനുഗമിച്ചിരുന്ന ഒരു നായയെ മുസ്ലിം വംശജനായ ഒരാള് ചവിട്ടുന്ന ദൃശ്യങ്ങള് സോഷ്യല് മീഡിയയില് വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദങ്ങള് തുടങ്ങിയത്. ഈ വിഡിയൊ ഓണ്ലൈനില് വലിയ തര്ക്കങ്ങള്ക്ക് വഴിവച്ചു. ഇതിനിടയില് ഒരാള് ഹിന്ദു ദൈവത്തെക്കുറിച്ച് അധിക്ഷേപകരമായ പരാമര്ശം നടത്തുകയുമുണ്ടായി. ഇതിനെതിരേ പ്രവാചകന് മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തിലുള്ള ഒരു കമന്റ് ശിവരാസ തമിഴ് ഭാഷയില് മറുപടിയായി രേഖപ്പെടുത്തി.
ശിവരാസ പിന്നീട് ആ കമന്റ് നീക്കം ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തതായി അദ്ദേഹത്തിന്റെ സഹോദരന് ഹംസിദാന് പറഞ്ഞു. എങ്കിലും, ആ പരാമര്ശത്തിന്റെ സ്ക്രീന്ഷോട്ട് അദ്ദേഹത്തിന്റെ തൊഴിലുടമയുടെയും സൗദി അധികൃതരുടെയും ശ്രദ്ധയില്പ്പെട്ടതിനെത്തുടര്ന്ന് ജൂലൈയില് ശിവരാസ അറസ്റ്റ് ചെയ്യപ്പെട്ടു.
ശ്രീലങ്കയിലുള്ള ചിലര് ശിവരാസയുടെ തൊഴിലുടമയ്ക്ക് ഇമെയില് അയക്കുകയും, തുടര്ന്ന് തൊഴിലുടമ സൗദി അധികൃതരെ വിവരം അറിയിക്കുകയും ചെയ്തതോടെയാണ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര് ചെയ്തത്. തുടര്ന്ന് സൗദി അധികൃതര് ശിവരാസയുടെ വ്യക്തിഗത ഉപകരണങ്ങള് പിടിച്ചെടുക്കുകയും അദ്ദേഹത്തിന്റെ സോഷ്യല് മീഡിയ അക്കൗണ്ടുകള് നീക്കം ചെയ്യുകയും ചെയ്തു.
ശിക്ഷിച്ചത് ശരീഅത്ത് നിയമപ്രകാരം
അല്-അഹ്സ ക്രിമിനല് കോടതി ആദ്യം ശിവരാസയ്ക്ക് അഞ്ച് വര്ഷം തടവും 3 ദശലക്ഷം സൗദി റിയാല് (ഏകദേശം 7.7 കോടി രൂപ) പിഴയും വിധിച്ചിരുന്നു. ശിക്ഷാ കാലാവധി കുറയ്ക്കണമെന്നാവശ്യപ്പെട്ട് നല്കിയ അപ്പീല് തള്ളുകയും ചെയ്തു. സൗദിയിലെ സൈബര് കുറ്റകൃത്യ നിയമങ്ങള്ക്ക് പകരം ശരീഅത്ത് നിയമപ്രകാരം ശിവരാസയെ വിചാരണ ചെയ്യണമെന്ന് സൗദി പ്രോസിക്യൂട്ടര്മാര് ആവശ്യപ്പെട്ടതോടെ സെപ്റ്റംബര് 17ന് കേസ് കൂടുതല് ഗൗരവകരമായി മാറി. അപ്പീല് കോടതി ഈ ആവശ്യം അംഗീകരിക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്തു.
തുടര്ന്ന്, ശിവരാസയുടെ മോചനം ഉറപ്പാക്കാന് കുടുംബം സര്ക്കാരിന്റെ ഇടപെടല് തേടി. സെപ്റ്റംബര് 21ന് പ്രസിഡന്ഷ്യല് സെക്രട്ടേറിയറ്റില് വച്ച് ശ്രീലങ്കന് പ്രസിഡന്റ് അനുര കുമാര ദിസനായകെ കുടുംബാംഗങ്ങളെ കാണുകയും, ശിവരാസയ്ക്ക് മാപ്പ് ലഭിക്കുന്നതിനായി സര്ക്കാര് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉറപ്പുനല്കുകയും ചെയ്തു. ശിവരാസയുടെ മോചനത്തിനായുള്ള ശ്രമങ്ങൾക്ക് വിവിധ മതവിഭാഗങ്ങളില് നിന്ന് പിന്തുണ ലഭിച്ചു. രാമന്ന നിക്കായ, അമരപുര മഹാ നിക്കായ എന്നിവിടങ്ങളിലെ മഹാനായക തേരോമാര് ഉള്പ്പെടെയുള്ള മുതിര്ന്ന ബുദ്ധമത നേതാക്കളും ഹിന്ദു മതനേതാക്കളും ചേര്ന്ന്, അടിയന്തര സര്ക്കാര് ഇടപെടല് ആവശ്യപ്പെട്ട് പ്രസിഡന്ഷ്യല് സെക്രട്ടേറിയറ്റിന് നിവേദനം നല്കി.
രാഷ്ട്രീയ പാര്ട്ടികളും സര്ക്കാര് ഏജന്സികളും സിവില് സൊസൈറ്റി ഗ്രൂപ്പുകളും അദ്ദേഹത്തിന് മാപ്പ് നല്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഈ ആവശ്യത്തെ പിന്തുണച്ചു. അഭിപ്രായപ്രകടനവുമായി ബന്ധപ്പെട്ട കുറ്റങ്ങള്ക്ക് കടുത്ത ശിക്ഷ നല്കാന് 'ക്രൂരമായ' നിയമങ്ങള് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഹ്യൂമന് റൈറ്റ്സ് വാച്ച് ചൊവ്വാഴ്ച സൗദി അധികൃതരോട് ആവശ്യപ്പെട്ടു.