ഇന്ത്യൻ വംശജൻ ഉൾപ്പടെ 25 പേർക്കെതിരേ യുഎസ് പൗരത്വം റദ്ദാക്കൽ നടപടി

 
World

ഇന്ത്യൻ വംശജൻ ഉൾപ്പടെ 25 പേർക്കെതിരേ യുഎസ് പൗരത്വം റദ്ദാക്കൽ നടപടി

വ്യാജരേഖകൾ ഉൾപ്പടെ ചമച്ച് അമെരിക്കൻ പൗരത്വം നേടിയെന്ന് ആരോപിച്ചാണ് നടപടി

Reena Varghese

വാഷിങ്ടൺ: വ്യാജരേഖകൾ ഉൾപ്പടെ ചമച്ച് അമെരിക്കൻ പൗരത്വം നേടിയെന്ന് ആരോപിച്ച് 25 അമെരിക്കൻ പൗരന്മാർക്കെതിരേ പൗരത്വം റദ്ദാക്കൽ നടപടികൾക്ക് യുഎസ് നീതിന്യായ വകുപ്പ് തുടക്കമിട്ടു. ഇതിൽ ഇന്ത്യൻ വംശജനായ നരീന്ദർ സിങും ഉൾപ്പെടുന്നു. ട്രംപ് ഭരണകൂടത്തിന്‍റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഏകോപിത പൗരത്വ റദ്ദാക്കൽ നീക്കമെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു.

ഡെലവെയർ സ്വദേശിയായ 65കാരനായ നരീന്ദർ സിങ് 1996 മുതൽ രണ്ടു വ്യത്യസ്ത തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് അമെരിക്കയിൽ പ്രവേശിക്കുകയും പിന്നീട് 2008 മേയ് ഒന്നിന് യുഎസ് പൗരത്വം നേടുകയും ചെയ്തു എന്നാണ് പരാതി. നിരവധി തെറ്റായ വിവരങ്ങൾ നൽകുകയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതായി ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരേ ഏഴു കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പാക്കിസ്ഥാൻ വംശജരായ സിയ മുരാദ് ഭട്ടി, മുഹമ്മദ് വസീഫ് എന്നിവർക്കെതിരേയും വ്യാജ തിരിച്ചറിയൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സമാന നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ജൂലൈ 20 മുതൽ ഓഗസ്റ്റ് മൂന്നു വരെയുള്ള കാലയളവിലാണ് 25 പേർക്കെതിരായ പരാതികൾ സമർപ്പിച്ചത്. മൊൾഡോവ, മെക്സിക്കോ, കൊളംബിയ, നൈജീരിയ, ലൈബീരിയ, ഘാന, ജമൈക്ക, തായ് വാൻ, ഹോണ്ടുറാസ്, കാമറൂൺ, ജോർദ്ദാൻ ,ക്യൂബ, എൽ സാൽവദോർ, ഹെയ്തി, സ്വീഡൻ എന്നിവിടങ്ങളിൽ നിന്നുമുള്ള സ്വാഭാവികവത്കരിക്കപ്പെട്ട അമെരിക്കൻ പൗരന്മാരും പട്ടികയിലുണ്ട്.

2025 ജനുവരി 20 മുതൽ ഇതുവരെ പൗരത്വം റദ്ദാക്കുന്നതിനായി അമെരിക്കൻ നീതിന്യായ വകുപ്പ് സമർപ്പിച്ച കേസുകളുടെ എണ്ണം 123 ആയി ഉയർന്നു. അമെരിക്കൻ പൗരത്വം രാജ്യത്തിന്‍റെ ഏറ്റവും വലിയ അവകാശങ്ങളിൽ ഒന്നാണെന്നും അത് നിയമാനുസൃതവും സത്യസന്ധവുമായ മാർഗത്തിലൂടെയാണ് നേടേണ്ടതെന്നും ആക്റ്റിങ് അറ്റോർണി ജനറൽ ടോഗ് ബ്ലാഞ്ച് പറഞ്ഞു.

തട്ടിപ്പ്, വിവരങ്ങൾ മറച്ചു വയ്ക്കൽ, മറ്റു നിയമവിരുദ്ധ മാർഗങ്ങൾ എന്നിവ ഉപയോഗിച്ചാണ് പ്രതികൾ പൗരത്വം നേടിയതെന്നാണ് പരാതികളിലുള്ള ആരോപണം.

കൊലപാതക ശ്രമം, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കൽ, ഗാർഹിക പീഡനം, വിവാഹത്തട്ടിപ്പ്, തിരിച്ചറിയൽ രേഖകളിലെ തട്ടിപ്പ്, പാസ്പോർട്ട് തട്ടിപ്പ്, ബാങ്ക്-ക്രെഡിറ്റ് കാർഡ് തട്ടിപ്പ്, ലൈസൻസില്ലാതെ വൈദ്യ ശുശ്രൂഷ നടത്തൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പലർക്കുമെതിരേയും ആരോപിച്ചിട്ടുള്ളത്. അമെരിക്കൻ പൗരത്വ നടപടിയുടെ വിശ്വാസ്യതയും രാജ്യ സുരക്ഷയും സംരക്ഷിക്കാൻ ലഭ്യമായ എല്ലാ നിയമപരമായ മാർഗങ്ങളും സർക്കാർ തുടർന്നും ഉപയോഗിക്കുമെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കി.

അതിതീവ്ര മഴ; 10 ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി

രണ്ട് കോടി വിലമതിക്കുന്ന 400 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

'ഗജിനി', 'ലഗാൻ' ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

ഝാർഖണ്ഡിൽ മിന്നലേറ്റ് 13 പേർ മരിച്ചു; എട്ട് പേർക്ക് പരുക്ക്

എൻജിൻ പണിമുടക്കി; റോ റോ കടലിലേക്ക് ഒഴുകി, കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ രക്ഷപ്പെടുത്തി