ജെന്‍സന്‍ ഹുവാങിന് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്

 
World

ചൈനയിൽ നിന്നുള്ള സുന്ദരികളായ സ്ത്രീകളെ ചിലർ ചാരവനിതകളായി കാണുന്നു

ജെന്‍സന്‍ ഹുവാങിന് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്

Reena Varghese

‌വാഷിങ്ടൺ: ചൈനീസ് ചാരവനിതയെന്ന് ആരോപിക്കപ്പെടുന്ന ആലീസ് ഹുവാങുമായുള്ള ബന്ധത്തെച്ചൊല്ലി വിവാദത്തിലായ മുന്‍ എന്‍വിഡിയ മേധാവി ജെന്‍സന്‍ ഹുവാങിന് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ആലീസ് ഹുവാങ് ചാരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നതിന് തനിക്ക് സ്ഥിരീകരിച്ച വിവരമില്ലെന്നു ട്രംപ് പറഞ്ഞു. ചൈനയില്‍നിന്നുള്ള സുന്ദരികളായ സ്ത്രീകളെ പലരും ചാരന്മാരായാണ് കണക്കാക്കുന്നതെന്ന വിവാദ പരാമര്‍ശവും അദ്ദേഹം നടത്തി. ആലീസിനെ ഒരു വ്യവസായിയായാണ് താന്‍ കാണുന്നതെന്നും അവര്‍ കമ്പ്യൂട്ടര്‍ ചിപ്പുകള്‍ വാങ്ങിയിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഹുവാങിനെ അതീവ ബുദ്ധിമാനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച ട്രംപ് രാജ്യത്തിന് ഇത്തരം പ്രതിഭകളെ സംരക്ഷിക്കേണ്ടതുണ്ടെന്നും പറഞ്ഞു. വിവാഹേതര ബന്ധം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ കഴിഞ്ഞയാഴ്ച എന്‍വിഡിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തുനിന്ന് ഹുവാങ് രാജിവെച്ചിരുന്നു. ചൈനയ്ക്ക് എന്‍വിഡിയയുടെ നൂതന കമ്പ്യൂട്ടര്‍ ചിപ്പുകള്‍ ലഭ്യമാക്കാന്‍ സഹായിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കമ്പനിയുടെ മേധാവിയായിരുന്നു ആലീസ് ഹുവാങ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ഷെന്‍ഷെനില്‍ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയശേഷം ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് വിവാദത്തില്‍ പ്രതികരിച്ചത്.

ജെന്‍സന്‍ ഹുവാങിനെപ്പോലുള്ള പ്രതിഭകളെ അമേരിക്ക സംരക്ഷിക്കണമെന്ന് ട്രംപ് പറഞ്ഞു. അദ്ദേഹത്തെപ്പോലുള്ളവരെ പകരംവെക്കാന്‍ കഴിയില്ലെന്നും മറ്റുള്ളവരെക്കാള്‍ പത്ത് വര്‍ഷം മുന്നിലാണ് അദ്ദേഹത്തിന്‍റെ കഴിവുകളെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഷി ജിന്‍പിങ്ങുമായുള്ള ചര്‍ച്ചയ്ക്കിടെ ഹുവാങിന്‍റെ കാര്യം ഹ്രസ്വമായി പരാമര്‍ശിച്ചിരുന്നുവെന്നും എന്നാല്‍ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന മെഗാസ്പീഡ് എന്ന സാങ്കേതികവിദ്യാ കമ്പനിയുടെ മേധാവിയായിരുന്നു ആലീസ് 2023 മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് അവര്‍ കമ്പനിയുടെ ഡയറക്ടറായി പ്രവര്‍ത്തിച്ചത്.

എന്നാല്‍ ആലീസിന്‍റെ വരവിനുശേഷം കമ്പനിയുടെ ബിസിനസ് വളര്‍ച്ചയില്‍ വലിയ മാറ്റമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ചെറിയൊരു വീഡിയോ ഗെയിം നിര്‍മാണ കമ്പനിയായിരുന്ന മെഗാസ്പീഡ് ഏഷ്യയിലെ എന്‍വിഡിയ ചിപ്പുകളുടെ പ്രധാന ഉപഭോക്താക്കളിലൊന്നായി മാറി. 2024-ല്‍ സമര്‍പ്പിച്ച കമ്പനിയുടെ സാമ്പത്തിക രേഖകള്‍ പ്രകാരം, 12 മാസത്തിനുള്ളില്‍ വരുമാനം പൂജ്യത്തില്‍നിന്ന് ഏകദേശം 300 ദശലക്ഷം യുഎസ് ഡോളറായി ഉയര്‍ന്നു. കയറ്റുമതി നിയന്ത്രണങ്ങള്‍ മറികടന്ന് എന്‍വിഡിയ ചിപ്പുകള്‍ ചൈനയിലെത്തിക്കാന്‍ മെഗാസ്പീഡ് സഹായിച്ചുവെന്നാണ് പ്രധാന ആരോപണം.

സംഭവത്തില്‍ സിംഗപ്പൂര്‍ അധികൃതരും അമേരിക്കന്‍ അന്വേഷണ ഏജന്‍സികളും അന്വേഷണം നടത്തിയിട്ടുണ്ട്. കയറ്റുമതി നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന സംശയത്തില്‍ മെഗാസ്പീഡിനും മറ്റ് ചില കമ്പനികള്‍ക്കുമെതിരെ 2025 ഫെബ്രുവരിയില്‍ സിംഗപ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി ജെന്‍സന്‍ ഹുവാങിനെയും ചോദ്യം ചെയ്തു. 2025 ജൂണില്‍ അമേരിക്കന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മെഗാസ്പീഡില്‍ പരിശോധന നടത്തി ചിപ്പുകളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു. ഇതേ ദിവസം തന്നെ ആലീസിനെയും സിംഗപ്പൂര്‍ പൊലീസ് ചോദ്യം ചെയ്യുകയും പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും ചെയ്തു.

പിന്നീട് 2026 ഫെബ്രുവരിയില്‍ മെഗാസ്പീഡിലെ തന്‍റെ പങ്ക് കുറച്ചുകാണിക്കുന്നതിനായി തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് ആലീസിന് സിംഗപ്പൂരില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍ ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. ചൈനയും ചാരവൃത്തി ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. കയറ്റുമതി നിയന്ത്രണങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് മെഗാസ്പീഡും അറിയിച്ചു.