അമെരിക്കയിൽ കനത്ത മഴയും പ്രളയവും; അഞ്ച് പേർ മരിച്ചു
ഇന്ത്യാന: യുഎസിലെ ഇന്ത്യാന സംസ്ഥാനത്ത് ഉണ്ടായ ശക്തമായ മഴയിലും പ്രളയത്തിലും അഞ്ച് പേർ മരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇതോടെ നദികളിലെ ജലനിരപ്പ് റെക്കോർഡ് ഉയരത്തിലെത്തി. നിരവധി പ്രദേശങ്ങളിൽനിന്ന് ആളുകൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി.
ഒരു ഡസനിലധികം കൗണ്ടികൾ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഹാമിൽട്ടൺ കൗണ്ടി മുതൽ ഇൻഡ്യാനപൊളിസിന്‍റെ വടക്കൻ പ്രാന്തപ്രദേശങ്ങളിലെ നദീതീര മേഖലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡെലവെയർ കൗണ്ടിയിൽ വെള്ളപ്പൊക്കത്തിലൂടെ വാഹനമോടിക്കാൻ ശ്രമിക്കുന്നതിനിടെ മരിച്ച 58കാരിയുടെ മൃതദേഹം കണ്ടെത്തി. നദിയിൽ ചാടിയതിനെ തുടർന്ന് കാണാതായ കൗമാരക്കാരന്‍റെ മൃതദേഹവും ലഭിച്ചു. ജെന്നിങ്സ് കൗണ്ടിയിൽ വീടിന് മുകളിലേക്ക് മരം വീണ് നാല് വയസുകാരനും മരിച്ചിരുന്നു.
പ്രളയത്തിൽ മരിച്ച അഞ്ച് പേരുടെയും കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായി ഇന്ത്യാന ഗവർണർ മൈക്ക് ബ്രൗൺ പറഞ്ഞു. വെള്ളപ്പൊക്കത്തെ ഗൗരവമായി കാണണമെന്നും വെള്ളക്കെട്ടുകളിൽനിന്ന് അകന്നുനിൽക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
ഇൻഡ്യാനപൊളിസ് മേഖലയിലെ വൈറ്റ് റിവർ ഏറ്റവും ഉയർന്ന ജലനിരപ്പിലെത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. ശനിയാഴ്ച ഉച്ചവരെ 91 ആളുകളെയും 45 വളർത്തുമൃഗങ്ങളെയും രക്ഷപ്പെടുത്തിയതായി ഇൻഡ്യാനപൊളിസ് അഗ്നിരക്ഷാസേന വക്താവ് റീത്ത റെയ്ത് അറിയിച്ചു. ജലനിരപ്പ് ഇപ്പോഴും ഉയരുകയാണെന്നും അധികൃതരുടെ മുന്നറിയിപ്പുകൾ പാലിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് ഡയറക്റ്റർ ടോഡ് വിൽസൺ പറഞ്ഞു.
ഇൻഡ്യാനപൊളിസിന്‍റെ വടക്കൻ ഭാഗങ്ങളിൽനിന്ന് ഏകദേശം 400 പേർ സ്വമേധയാ ഒഴിഞ്ഞുപോയി. ഡെലവെയർ കൗണ്ടിയിൽ 350ലധികം പേരെ ഒഴിപ്പിച്ചതായി ഗവർണറുടെ ഓഫീസ് അറിയിച്ചു.