ഇറക്കുമതി തീരുവ നയത്തിൽ അടി തെറ്റി ട്രംപ്

 
World

ഇറക്കുമതി തീരുവ നയത്തിൽ അടി തെറ്റി ട്രംപ്

നയത്തിൽ പുനരാലോചനയില്ലെങ്കിൽ വേണ്ടി വന്നാൽ ഡെമോക്രാറ്റുകൾക്കൊപ്പം നിൽക്കുമെന്ന് റിപ്പബ്ലിക്കൻ അംഗങ്ങൾ!

Reena Varghese

വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇറക്കുമതി തീരുവ നയത്തിൽ പുനരാലോചന വേണമെന്ന നിലപാടുമായി റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ രംഗത്ത്. ജീവിതച്ചെലവ് വര്‍ധിച്ചതും വിലക്കയറ്റവും പ്രധാന വിഷയങ്ങളായ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതോടെയാണ് ട്രംപിന്‍റെ വ്യാപാര നയങ്ങള്‍ പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. ട്രംപിന്‍റെ താരിഫ് നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകള്‍ നീക്കം നടത്തുമ്പോള്‍ ചില റിപ്പബ്ലിക്കന്‍ അംഗങ്ങളും പിന്തുണച്ചേക്കുമെന്നാണ് സൂചന. ചൈന, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ് വാന്‍ തുടങ്ങി പ്രധാന വ്യാപാര പങ്കാളികള്‍ക്കെതിരെ പുതിയ ഇറക്കുമതി തീരുവകള്‍ ഏര്‍പ്പെടുത്താനുള്ള നിര്‍ദേശവും ഭരണകൂടം മുന്നോട്ടുവച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് പിന്നാലെ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളുമായി നടത്തിയ അഭിമുഖങ്ങളില്‍ ഭൂരിഭാഗം പേരും താരിഫുകള്‍ ഓരോന്നായി പരിശോധിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇറക്കുമതി തീരുവകളില്‍ കൂടുതല്‍ വ്യക്തതയും സ്ഥിരതയും വേണമെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഭരണഘടനാപരമായ അധികാരം തിരിച്ചു പിടിക്കാനാകണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രസിഡന്റിന്റെ താരിഫ് അധികാരം പൂര്‍ണമായും നിയന്ത്രിക്കുന്ന നീക്കത്തോട് പലര്‍ക്കും താല്‍പര്യമില്ല. ഇന്ത്യാനയില്‍ നിന്നുള്ള സെനറ്റര്‍ ടോഡ് യങ് ഉപഭോക്താക്കള്‍ക്ക് ഗുണകരമായ താരിഫ് നയങ്ങള്‍ക്കായി ഇരുപാര്‍ട്ടികളുടെയും പിന്തുണ തേടുമെന്ന് വ്യക്തമാക്കി. മിസിസിപ്പിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി മൈക്കല്‍ ഗസ്റ്റ് ചില വിഷയങ്ങളില്‍ ഡെമോക്രാറ്റുകളുമായി യോജിക്കാനാകുമെന്നും എന്നാല്‍ പ്രസിഡന്‍റിന്‍റെ അധികാരങ്ങള്‍ പൂര്‍ണമായി പരിമിതപ്പെടുത്തുന്നതിനെ പിന്തുണയ്ക്കില്ലെന്നും പറഞ്ഞു.

ട്രംപിന്‍റെ രണ്ടാം ഭരണകാലത്തെ പ്രധാന നയങ്ങളിലൊന്നാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കല്‍. അമേരിക്കന്‍ ഉല്‍പ്പാദന മേഖല പുനരുജ്ജീവിപ്പിക്കാനും സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനും താരിഫുകള്‍ സഹായിക്കുമെന്നാണ് ട്രംപിന്‍റെ വാദം. എന്നാല്‍ ഇറക്കുമതി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കുന്നതിലൂടെ അധിക സാമ്പത്തിക ബാധ്യത ഉപഭോക്താക്കള്‍ക്കാണ് ഉണ്ടാകുന്നതെന്ന വിമര്‍ശനവും ശക്തമാണ്.താരിഫ് നയങ്ങള്‍ പുനഃപരിശോധിക്കണമെന്ന ആവശ്യത്തിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും എല്ലാവരും ഒരേ നിലപാടിലല്ല. സൗത്ത് ഡക്കോട്ടയില്‍ നിന്നുള്ള സെനറ്റര്‍ മൈക്ക് റൗണ്ട്‌സ്, താരിഫ് അധികാരങ്ങള്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തിന് കൈമാറിയതില്‍ കോണ്‍ഗ്രസിന് പുനരാലോചന നടത്താമെന്ന് വ്യക്തമാക്കി.

അര്‍ക്കന്‍സസില്‍ നിന്നുള്ള പ്രതിനിധി സ്റ്റീവ് വോമാക്കും ഇറക്കുമതി തീരുവകള്‍ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ താരിഫുകള്‍ പൂര്‍ണമായി പിന്‍വലിക്കുന്നതിലേക്ക് പാര്‍ട്ടി അമിതമായി നീങ്ങരുതെന്ന് മിസോറിയില്‍ നിന്നുള്ള സെനറ്റര്‍ ജോഷ് ഹോളി മുന്നറിയിപ്പ് നല്‍കി. റിപ്പബ്ലിക്കന്‍ വോട്ടര്‍മാരിലും വിഷയത്തില്‍ ഭിന്നാഭിപ്രായമാണുള്ളത്. എപി വോട്ടര്‍ പോള്‍ പ്രകാരം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തവരില്‍ പകുതിയോളം പേര്‍ താരിഫുകള്‍ ദേശീയ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണെന്ന് വിശ്വസിക്കുമ്പോള്‍ മൂന്നിലൊന്ന് പേര്‍ അത് ദോഷകരമാണെന്നാണ് വിലയിരുത്തിയത്. ക്യാനഡയ്‌ക്കെതിരായ താരിഫുകള്‍ പിന്‍വലിക്കുന്നതിലൂടെ മറ്റ് ഇറക്കുമതി തീരുവകള്‍ക്കെതിരായ നീക്കത്തിനും തുടക്കമിടാനാകുമെന്നാണ് ഡെമോക്രാറ്റുകളുടെ പ്രതീക്ഷ. സെനറ്റ് സാമ്പത്തീക കമ്മിറ്റി അധ്യക്ഷനാകാനിരിക്കുന്ന റോണ്‍ വൈഡനും ജനപ്രതിനിധി സഭയിലെ വേയ്‌സ് ആന്‍ഡ് മീന്‍സ് കമ്മിറ്റി അധ്യക്ഷനാകാനിരിക്കുന്ന റിച്ചാര്‍ഡ് നീലും ക്യാനഡയ്‌ക്കെതിരായ തീരുവകള്‍ പിന്‍വലിക്കുന്നത് ആദ്യ നടപടിയാകാമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത്തരം നിയമനിര്‍മാണങ്ങള്‍ ട്രംപിന്റെ വീറ്റോ അധികാരത്തെ മറികടക്കേണ്ടിവരുമെന്നതാണ് പ്രധാന വെല്ലുവിളി. പ്രസിഡന്റിന്റെ വീറ്റോ മറികടക്കാന്‍ സെനറ്റില്‍ 67 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോള്‍ താരിഫുകള്‍ പിന്‍വലിക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും നിര്‍ണായക നിയമനിര്‍മാണങ്ങളോടൊപ്പം ചേര്‍ത്താല്‍ മാത്രമേ അതിന് സാധ്യതയുള്ളൂവെന്ന് അഭിപ്രായപ്പെട്ടു. അതിനാല്‍ ട്രംപിന്‍റെ താരിഫ് നയത്തില്‍ മാറ്റമുണ്ടാകുമോയെന്നത് കോണ്‍ഗ്രസിലെ ഇരുപാര്‍ട്ടികളുടെയും നിലപാടുകളെ ആശ്രയിച്ചിരിക്കും.