എഫ്-35 യുദ്ധവിമാനം
വാഷിങ്ടൺ: അമെരിക്കയുടെ അത്യാധുനിക എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനത്തിന്‍റെ നിർണായക ഭാഗങ്ങൾ ചൈനീസ് സർക്കാർ കൈവശപ്പെടുത്തിയതായി റിപ്പോർട്ട്. അമെരിക്കൻ പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ വികസിപ്പിച്ച അഞ്ചാം തലമുറയിൽപ്പെട്ട അത്യാധുനിക യുദ്ധവിമാനമാണ് എഫ്-35. ഓസ്‌ട്രേലിയൻ സൈന്യത്തിന്‍റെ പക്കലുള്ള എഫ്-35 വിമാനത്തിൽ നിന്നുള്ള കോക്പിറ്റ് കാനോപ്പിയും വെപ്പൺസ് ബേ ഡോറുമാണ് അറ്റകുറ്റപ്പണികൾക്കായി അമെരിക്കയിലേക്ക് അയച്ചിരുന്നത്. ഇതാണ് പിന്നീട് ചൈനയുടെ കൈവശമെത്തിയത്.
മേയ് അവസാനത്തോടെയാണ് എഫ്-35ന്‍റെ ഭാഗങ്ങൾ അമെരിക്കയിലേക്ക് അയച്ചത്. അമെരിക്കയിലേക്കുള്ള യാത്രയ്ക്കിടെ ഇവ ദക്ഷിണ കൊറിയയിൽ എത്തിയിരുന്നു. അവിടെ നിന്ന് ഹോങ്കോങ്ങിലേക്കാണ് വഴിതിരിച്ചുവിട്ടത്. ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലയാണ് ഹോങ്കോങ്. എന്തുകൊണ്ടാണ് ദക്ഷിണ കൊറിയയിൽ ചരക്ക് നിർത്തിയതെന്നോ പിന്നീട് ഹോങ്കോങ്ങിലേക്ക് വഴിതിരിച്ചുവിട്ടതെന്നോ വ്യക്തമല്ല. ഇത് മനഃപൂർവമായിരുന്നോ പിഴവ് മൂലമായിരുന്നോ എന്നതിലും വ്യക്തതയില്ല.
യന്ത്രഭാഗങ്ങൾ ഹോങ്കോങ്ങിൽ എത്തിയതോടെയാണ് ചൈനീസ് സർക്കാർ ഇവ കൈവശപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ചൈനീസ് സർക്കാർ ഇതുവരെ എഫ്-35ന്‍റെ ഭാഗങ്ങൾ തിരിച്ച് നൽകിയിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അറിവുള്ള പേര് വെളിപ്പെടുത്താത്ത രണ്ട് പേർ പറയുന്നു. അതേസമയം വിഷയത്തെക്കുറിച്ച് അറിയില്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പ്രതികരിച്ചത്.
എഫ്-35 വിമാനവുമായി ബന്ധപ്പെട്ട രഹസ്യ സാങ്കേതികവിദ്യ ചൈനയ്ക്ക് ലഭിക്കാനുള്ള സാധ്യത അമെരിക്കയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇതേ തുടർന്ന് വിഷയത്തിൽ യുഎസ് പ്രതിരോധ മന്ത്രാലയവും കോൺഗ്രസിലെ വിവിധ സമിതികളും അന്വേഷണം ആരംഭിച്ചു. യുദ്ധവിമാനത്തിന്‍റെ ഭാഗങ്ങൾ വീണ്ടെടുക്കാൻ ശ്രമം നടത്തുകയാണെന്ന് പെന്‍റഗൺ അറിയിച്ചു. അതേസമയം ചൈനയുടെ കൈവശമെത്തിയ യന്ത്രഭാഗങ്ങൾ സർവീസ് ചെയ്യാൻ കഴിയാത്തവയാണെന്നും അവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കുറവാണെന്നും ലോക്ക്ഹീഡ് മാർട്ടിൻ അറിയിച്ചു.
ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളിലൊന്നാണ് എഫ്-35. ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ ഉൾപ്പെടെ ഏകദേശം 20 രാജ്യങ്ങൾ ഈ വിമാനം സ്വന്തമാക്കിയിട്ടുണ്ട്.
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ക്ഷണപ്രകാരം ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഔദ്യോഗിക സന്ദർശനത്തിനായി അമെരിക്കയിൽ എത്തിയ വേളയിലാണ് എഫ്-35 ഭാഗങ്ങൾ ചൈനയുടെ കൈവശമുണ്ടെന്ന വിവരം പുറത്തുവന്നതെന്നും ശ്രദ്ധേയമാണ്. ട്രംപും ഷിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയിൽ ഈ വിഷയവും ചർച്ചയാകുമെന്നാണ് റിപ്പോർട്ട്.