ജെ.ഡി. വാൻസ്
getty image
വാഷിങ്ടൺ: ഇറാന്‍റെ നിലവിലെ ഭരണാധികാരികൾ തീർത്തും അവിവേകികളാണെന്നും ഏതു തരത്തിലുമുള്ള തീവ്രമായ നടപടികൾക്കും അവർ മടിക്കില്ലെന്നും യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ്. തിങ്കളാഴ്ച ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇറാൻ ഭരണകൂടത്തിനെതിരേ ശക്തമായ വിമർശനവുമായി രംഗത്തെത്തിയത്.
മേഖലയിലെ എണ്ണ,വാതക വിതരണം തടസപ്പെടുത്തുക മാത്രമാണ് ഇറാന്‍റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ വാൻസ് ഇതിനു പിന്നിൽ വലിയ തന്ത്രപരമായ അറിവുകളൊന്നുമില്ലെന്നും വിമർശിച്ചു.
അമേരിക്കയോടുള്ള അവരുടെ എതിർപ്പ് സ്വാഭാവികമാണെങ്കിലും, ഇന്ധന വിതരണം തടയാൻ സ്വന്തം സഖ്യകക്ഷികൾക്ക് നേരെ പോലും ഇറാൻ ആക്രമണം നടത്തുന്നത് വിചിത്രമായ കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹോർമുസ് കടലിടുക്ക് വഴിയുള്ള അന്താരാഷ്ട്ര വ്യാപാരവും കപ്പൽ ഗതാഗതവും നിർബാധം ഉറപ്പാക്കുക എന്ന പ്രധാന ഘട്ടത്തിലൂടെയാണ് നിലവിലെ യുദ്ധം കടന്നുപോകുന്നതെന്നും വാൻസ് കൂട്ടിച്ചേർത്തു.