2025 നവംബർ 12-ന് ഇറാനിലെ ടെഹ്‌റാനിലുള്ള ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) എയ്‌റോസ്‌പേസ് ഫോഴ്‌സ് മ്യൂസിയത്തിൽ സ്ത്രീകൾ സെൽഫി എടുക്കുന്നു.

 

(credit: MAJID ASGARIPOUR/WANA (WEST ASIA NEWS AGENCY) VIA REUTERS)

World

"ഞങ്ങളുടെ ഊർജ മേഖലയെയോ സിവിലിയൻ ലക്ഷ്യങ്ങളെയോ ആണവ വ്യാപനത്തെയോ ആക്രമിച്ചാൽ" ...

ഇസ്രയേൽ വ്യോമാക്രമണത്തിനു മറുപടി നൽകും-ഭീഷണിപ്പെടുത്തി ടെഹ്റാൻ

Reena Varghese

ഗൾഫിലെ അമെരിക്കൻ സഖ്യ രാജ്യങ്ങൾക്കെതിരേ നിരന്തരം ആക്രമണം അഴിച്ചു വിട്ട് അവരുടെ ഇന്‍റർസെപ്റ്റർ മിസൈൽ ശേഖരങ്ങളെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ് ടെഹ്റാൻ. അതിനു ശേഷമാണ് തങ്ങൾ ആണവായുധങ്ങളടക്കം ഇനി ഉപയോഗിക്കുമെന്നു ടെഹ്റാൻ ഭീഷണിപ്പെടുത്തുന്നത്.ഇത് കൂടുതൽ അപകടകരമായ ഭീഷണിയാണെന്നു വേണം കരുതാൻ.സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ അടക്കം ആക്രമിക്കുമെന്നാണ് ടെഹ്റാന്‍റെ ഭീഷണി. അമേരിക്കൻ താവളങ്ങളെയും യുദ്ധക്കപ്പലുകളെയും മാത്രമല്ല, പ്രകൃതി ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ, പ്രകൃതിവാതക പൈപ്പ്‌ലൈനുകൾ, വിമാനത്താവളങ്ങൾ, പേർഷ്യൻ ഗൾഫ് മേഖലയിലെ മറ്റ് സിവിലിയൻ ലക്ഷ്യങ്ങൾ എന്നിവയെയും ആക്രമിക്കുമെന്നാണ് ഇറാന്‍റെ ഭീഷണി. ആണവ ബോംബുകൾ ഉൾപ്പെടെയുള്ള പുതിയ ആയുധങ്ങളുടെ ഒരു നിര ഉപയോഗിക്കുമെന്നാണ് ടെഹ്‌റാൻ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

ഇറാൻ പാർലമെന്‍റിന്‍റെ അന്താരാഷ്ട്ര കാര്യ സമിതിയുടെ തലവനായ മുഹമ്മദ്-സാലെ ജോക്കർ, "ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ അധികാരികളോട് ആവശ്യപ്പെട്ടത് ഇനി ഇറാനെതിരായി യുഎസ് ആക്രമണമുണ്ടായാൽ ,തങ്ങളുടെ രാജ്യത്തിന്‍റെ പ്രതിരോധത്തിനും സംരക്ഷണത്തിനുമായി ആണവായുധങ്ങൾ ഉൾപ്പടെയുള്ള പ്രതിരോധ ആയുധങ്ങൾ ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ്. അമെരിക്കയുടെ ആക്രമണമുണ്ടായാൽ ആണവ നിർവ്യാപന കരാറുമായുള്ള ഇറാന്‍റെ സഹകരണവും നിർത്തി വയ്ക്കണമെന്ന് ജോക്കർ ആവശ്യപ്പെട്ടതായാണ് ഇറാൻ ഇന്‍റർനാഷണൽ റിപ്പോർട്ട് ചെയ്തത്.

ഇറാന്‍റെ ഭൂഗർഭ ഡ്രോൺ ശേഖരം

യുഎസിനോടു സഖ്യം ചെയ്തിരിക്കുന്ന രാജ്യങ്ങൾക്കെതിരേയും ഈ ഭീഷണി ജോക്കർ മുഴക്കി. യുഎസ് സഖ്യരാജ്യങ്ങൾ ഇനി ഇറാന്‍റെ വ്യോമാതിർത്തികളിലോ പ്രദേശങ്ങളിലോ ആക്രമണത്തിനെത്തിയാൽ കനത്ത വില നൽകേണ്ടി വരുമെന്നാണ് ജോക്കർ പറഞ്ഞത്. വാൾസ്ട്രീറ്റ് ജേർണലിന്‍റെ റിപ്പോർട്ട് പ്രകാരം ലക്ഷക്കണക്കിനു മിസൈലുകളുടെയും ഡ്രോണുകളുടെയും ശേഖരമാണ് ഇറാനുള്ളത്. തന്നെയല്ല ഭൂഗർഭ സൗകര്യങ്ങളിൽ ഉത്പാദനം പുനരാരംഭിച്ച ഇറാന്‍റെ കൈവശം ഇപ്പോൾ ലക്ഷക്കണക്കിനു ബാലിസ്റ്റിക് മിസൈലുകളാണ് ഉള്ളതെന്നാണ് വിശകലന വിദഗ്ധർ കരുതുന്നത്.ഓപ്പറേഷൻ റോറിംഗ് ലയൺ, ഓപ്പറേഷൻ എപ്പിക് ഫ്യൂറി, തുടർന്നുള്ള ഉപരോധം എന്നിവയ്ക്ക് ശേഷവും ഗണ്യമായ അളവിൽ തുടരുന്ന മിസൈലുകളുടെയും ഡ്രോണുകളുടെയും ശേഖരം ഇറാൻ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് ഇതിൽ നിന്നെല്ലാം മനസിലാകുന്നത്.

ഇറാനുമായുള്ള ഏറ്റവും പുതിയ പോരാട്ടത്തിൽ, മേഖലയിലുടനീളമുള്ള യുഎസ് വ്യോമതാവളങ്ങൾ, എംബസികൾ, കപ്പലുകൾ എന്നിവയിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. യുഎഇയിലെ ഊർജ്ജ, വ്യാവസായിക സൗകര്യങ്ങൾ, ഖത്തർ, ദുബായ്, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ ഗ്യാസ് പ്ലാന്‍റുകൾ, വിമാനത്താവളങ്ങൾ എന്നിവയും തകർന്നു. ഇനി ഇറാൻ തിരിച്ചടിച്ചാൽ അത് സിവിലിയൻ ജീവിതങ്ങളെയും എല്ലാ പ്രാദേശിക സംസ്ഥാനങ്ങളുടെയും ആഗോള സമ്പദ് വ്യവസ്ഥയുടെയും ക്ഷേമത്തെ വലിയ അപകടത്തിലേയ്ക്കു തള്ളി വിടുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഫിനാൻഷ്യൽ ടൈംസിൽ എഴുതിയത്.