അമെരിക്ക നഷ്ടപരിഹാരം തരണം ; 290 ബില്യൺ ഡോളർ: ആവശ്യവുമായി ഇറാൻ

 
World

അമെരിക്ക നഷ്ടപരിഹാരം തരണം ; 290 ബില്യൺ ഡോളർ: ആവശ്യവുമായി ഇറാൻ

തങ്ങൾക്കെതിരായ ആക്രമണങ്ങള്‍ക്ക് അമേരിക്കയ്ക്ക് ഗൾഫ് അറബ് രാജ്യങ്ങൾ മണ്ണ് വിട്ടു കൊടുത്തതിനും വേണം നഷ്ടപരിഹാരമെന്നും ഇറാൻ

Reena Varghese

ടെഹ്റാൻ: അമെരിക്കയിൽ നിന്നും 290 ബില്യൺ ഡോളർ(ഏകദേശം 26.93 ലക്ഷം കോടി രൂപ) നഷ്ടപരിഹാരം ഈടാക്കാന്‍ ഇറാന്‍ കോടതികളുടെ നീക്കം. പതിറ്റാണ്ടുകളായി അമേരിക്ക നടത്തിയ നടപടികള്‍ മൂലമുണ്ടായ നഷ്ടങ്ങള്‍ക്കാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്ന് ഇറാന്‍ നീതിന്യായ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ തിങ്കളാഴ്ച അറിയിച്ചു. ആഭ്യന്തര കോടതികളില്‍നിന്ന് അമേരിക്കയ്ക്കെതിരെ 290 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം അനുവദിച്ചുകൊണ്ടുള്ള വിധികള്‍ നേടിയിട്ടുണ്ടെന്ന് നീതിന്യായ വിഭാഗത്തിന്‍റെ അഭിഭാഷക കേന്ദ്രം മേധാവി ഹസൻ അബ്ദോലിയാൻപൂർ വ്യക്തമാക്കി.

അറബ് രാജ്യങ്ങളും നഷ്ടപരിഹാരം നൽകണം

ഇറാനെതിരേയുള്ള ആക്രമണങ്ങൾക്ക് അമെരിക്കയ്ക്ക് തങ്ങളുടെ ഭൂപ്രദേശം ഉപയോഗിക്കാൻ അനുമതി നൽകിയെന്ന് ആരോപിച്ച് ഗൾഫ് അറബ് രാജ്യങ്ങൾക്കെതിരേയും നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ട് ഇറാൻ. ഈ രാജ്യങ്ങൾ അമെരിക്കയുടെ സൈനിക നീക്കങ്ങൾക്ക് സഹായകരമായ സാഹചര്യം ഒരുക്കിയെന്നാണ് ഇറാന്‍റെ ആരോപണം. ഇറാന്‍റെ സ്റ്റേറ്റ് ടെലിവിഷനാണ് ഹസൻ അബ്ദോലിയാന്‍പൂറിന്‍റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തത്.

പതിറ്റാണ്ടുകളായി അമേരിക്ക നടത്തിയ വിവിധ നടപടികള്‍ മൂലമുണ്ടായ നാശനഷ്ടങ്ങളാണ് 290 ബില്യണ്‍ ഡോളറിന്‍റെ കണക്കില്‍ ഉള്‍പ്പെടുന്നതെന്നാണ് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട്. ഇറാന്‍റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്ക പതിറ്റാണ്ടുകളായി ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കി.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ വ്യാപകമായ വ്യോമാക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചത്. ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ മേഖലയിലെ വിവിധ രാജ്യങ്ങളിലേക്ക് ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ആ രാജ്യങ്ങളിലുള്ള അമേരിക്കന്‍-ഇസ്രായേല്‍ സൈനിക താവളങ്ങളും ആസ്തികളുമാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു ഇറാന്‍റെ വിശദീകരണം.

ചീറ്റിപ്പോയ ഇസ്ലാമാബാദ് ധാരണാപത്രം

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിലേക്ക് വഴിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ ജൂണില്‍ അമേരിക്കയും ഇറാനും ഇസ്ലാമാബാദ് ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇറാന്‍റെ പുനര്‍നിര്‍മാണത്തിനും സാമ്പത്തിക വികസനത്തിനുമായി കുറഞ്ഞത് 300 ബില്യണ്‍ ഡോളര്‍ നീക്കിവെക്കുന്നതിനുള്ള പദ്ധതി അമേരിക്കയും പ്രാദേശിക പങ്കാളികളും തയ്യാറാക്കണമെന്ന വ്യവസ്ഥയും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. പതിറ്റാണ്ടുകളായി തുടരുന്ന ഉപരോധങ്ങളും സൈനിക സംഘര്‍ഷങ്ങളും ഇറാന്‍റെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് ഈ നീക്കങ്ങള്‍.