ഇറാന്‍റെ പങ്കുണ്ടോ എന്നു പരിശോധിക്കുമെന്നും നെതന്യാഹു

 
World

വിമാനം തകര്‍ക്കാന്‍ ശ്രമിച്ച പൈലറ്റ് തീവ്ര ഇസ്‌ലാമിക ആശയങ്ങളില്‍ ആകൃഷ്ടന്‍: ബെഞ്ചമിന്‍ നെതന്യാഹു

അക്രമിയുടെ പശ്ചാത്തലം , അതില്‍ സഹായികളുണ്ടായിരുന്നോ എന്നും ഇറാന്‍റെ പങ്കുണ്ടോ എന്നും പരിശോധിക്കുമെന്നും നെതന്യാഹു

Reena Varghese

ദുബായ്: ടെല്‍ അവീവിലേക്ക് പോവുകയായിരുന്ന ഫ്‌ളൈ ദുബായ് വിമാനത്തിനുള്ളില്‍ വച്ച് ഇന്ത്യന്‍ വംശജനായ പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ച സഹപൈലറ്റ് തീവ്ര ഇസ്‌ലാമിക ആശയങ്ങ‍ളില്‍ ആകൃഷ്ടനായിരുന്നെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഈ സംഭവം ഒരു ഭീകരാക്രമണ ശ്രമമാണെന്ന് ഇസ്രായേല്‍ വിശേഷിപ്പിച്ചതിനെത്തുടര്‍ന്ന് യുഎഇയും ഇക്കാര്യം അന്വേഷിച്ചുവരികയാണ്. അക്രമിയുടെ പശ്ചാത്തലം അധികൃതര്‍ അന്വേഷിക്കുമെന്നും, അതില്‍ സഹായികളുണ്ടായിരുന്നോ എന്നും ഇറാന്‍റെ പങ്കുണ്ടോ എന്നും പരിശോധിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

സഹപൈലറ്റിന്‍റെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇയാൾ ഒമാന്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം എട്ട് മാസം മുമ്പാണ് ഇയാള്‍ ഫ്‌ളൈ ദുബായില്‍ ജോലിയില്‍ പ്രവേശിച്ചത്. വിമാനത്തില്‍ ബുധനാഴ്ച നടന്ന അക്രമ സംഭവത്തിന്‍റെ യഥാര്‍ഥ കാരണങ്ങള്‍ ഇതുവരെ അറിവായിട്ടില്ലെന്നാണ് ഫ്‌ളൈ ദുബായ് വ്യക്തമാക്കിയിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍, അന്തിമഫലം വരുന്നതിന് മുന്‍പേ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി. അന്വേഷണം നടക്കുന്നതിനാല്‍ ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സര്‍വിസുകള്‍ എയര്‍ലൈന്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നു 'ദ ടൈംസ് ഒഫ് ഇസ്രയേല്‍' റിപ്പോര്‍ട്ട് ചെയ്തു.