പാക്കിസ്ഥാന് 1.2 ബില്യൺ ഡോളറിന്‍റെ പുതിയ ധനസഹായവുമായി ഐഎംഎഫ്

 
World

പാക്കിസ്ഥാന് 1.2 ബില്യൺ ഡോളറിന്‍റെ പുതിയ ധനസഹായവുമായി ഐഎംഎഫ്

എക്സ്റ്റൻഡഡ് ഫണ്ട് ഫെസിലിറ്റിക്ക് കീഴിൽ ഒരു ബില്യൺ ഡോളറും റെസിലിയൻസ് ആൻഡ് സസ്റ്റെയിനബിലിറ്റി ഫെസിലിറ്റിക്ക് കീഴിൽ 210 മില്യൺ ഡോളറുമാണ് അനുവദിക്കുക

Sarath Nath MS

ഇസ്ലാമാബാദ്: പാക്കിസ്ഥാന് ഏകദേശം 1.2 ബില്യൺ ഡോളറിന്‍റെ പുതിയ ധനസഹായം അനുവദിക്കുന്നതിനുള്ള പ്രാഥമിക ധാരണയിലെത്തി അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്). ഐഎംഎഫിന്‍റെ പ്രധാന വായ്പാ പദ്ധതിയായ എക്സ്റ്റൻഡഡ് ഫണ്ട് ഫെസിലിറ്റിക്ക് (ഇഎഫ്എഫ്) കീഴിൽ ഒരു ബില്യൺ ഡോളറും കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള ദീർഘകാല പ്രതിസന്ധികളെ നേരിടാനുള്ള ശേഷി വർധിപ്പിക്കുന്ന റെസിലിയൻസ് ആൻഡ് സസ്റ്റെയിനബിലിറ്റി ഫെസിലിറ്റിക്ക് (ആർഎസ്എഫ്) കീഴിൽ 210 മില്യൺ ഡോളറുമാണ് അനുവദിക്കുക.

വാഷിങ്ടണിലെ ഐഎംഎഫ് ആസ്ഥാനത്ത് നിന്നാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഐഎംഎഫ് അധികൃതർ പാക്കിസ്ഥാൻ അധികൃതരുമായി നടത്തിയ വിദശമായ ചർച്ചകൾക്കൊടുവിലാണ് ധാരണയിലെത്തിയത്.

ഐഎംഎഫ് എക്സിക്യൂട്ടീവ് ബോർഡിന്‍റെ അംഗീകാരത്തിന് വിധേയമാണ് ധനസഹായം. അംഗീകാരം ലഭിച്ചാൽ ഇഎഫ്എഫിന് കീഴിൽ ഏകദേശം ഒരു ബില്യൺ ഡോളറും ആർഎസ്എഫിന് കീഴിൽ 210 മില്യൺ ഡോളറും പാക്കിസ്ഥാന് ലഭിക്കും. ഇതോടെ ഇരു പദ്ധതികളിലുമായി ലഭിക്കുന്ന ആകെ ധനസഹായം ഏകദേശം 5.7 ബില്യൺ ഡോളറായി ഉയരും.