ബ്രസീലിൽ പ്രതിയെ വെടിവച്ചു കൊന്ന് പൊലീസ്

 
World

സ്കൂൾ കുട്ടികളെ കത്തി കാട്ടി ബന്ദികളാക്കി

ബ്രസീലിൽ പ്രതിയെ വെടിവച്ചു കൊന്ന് പൊലീസ്

Reena Varghese

കുറിറ്റിബ(ബ്രസീൽ): ബ്രസീലിൽ സ്കൂൾ കുട്ടികളെ കത്തിമുനയിൽ ബന്ദികളാക്കി നിർത്തിയ പ്രതിയെ വെടി വച്ചു കൊന്ന് പൊലീസ്. സ്കൂളിൽ അതിക്രമിച്ചു കയറി 13 കുട്ടികളെയെങ്കിലും കത്തി കാട്ടി ബന്ദികളാക്കിയ പ്രതിയെയാണ് കൊലപ്പെടുത്തിയത്. രാജ്യത്തിന്‍റെ തെക്കൻ മേഖലയിലെ കുറിറ്റിബ നഗരത്തിലുള്ള സ്കൂളിലാണ് വ്യാഴാഴ്ച നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ കുട്ടികൾക്കാർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പ്രതിയുടെ നീക്കത്തെ തുടർന്ന് സ്കൂളിൽ മണിക്കൂറുകളോളം ആശങ്കയും പരിഭ്രാന്തിയും നിലനിന്നു.

കുറിറ്റിബയിലെ സാവോ ബ്രാസ് മേഖലയിലുള്ള സിഎംഇഐ സാവോ ബ്രാസ് സ്കൂളിലെ ക്ലാസ് മുറിയിൽ അതിക്രമിച്ചു കയറിയ പ്രതി കുട്ടികളെയും ജീവനക്കാരെയും ബന്ദികളാക്കുകയായിരുന്നു എന്ന് പരാന സംസ്ഥാന പൊലീസ് വക്താവ് ലെറ്റീഷ്യ മാർട്ടിൻസ് മാധ്യമങ്ങളോടു പറഞ്ഞു. ഏകദേശം രണ്ടു മണിക്കൂറോളം നീണ്ടു ഈ ബന്ദിനാടകം.

തന്നെയും മറ്റുള്ളവരെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. ബന്ദികളെ മോചിപ്പിക്കുന്നതിനായി ചര്‍ച്ചാ സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നെങ്കിലും പ്രതിയെ നിര്‍വീര്യമാക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നുവെന്ന് ലെറ്റീഷ്യ മാര്‍ട്ടിന്‍സ് വ്യക്തമാക്കി. പ്രതി എന്തിനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

സംഭവം നടക്കുന്നതിനിടെ സ്‌കൂളിന് പുറത്ത് കുട്ടികളുടെ രക്ഷിതാക്കള്‍ ആശങ്കയോടെ വിവരങ്ങള്‍ കാത്തുനില്‍ക്കുന്ന ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. പ്രതിയുമായി പോലീസ് ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് രണ്ട് സ്‌ഫോടനശബ്ദങ്ങള്‍ കേട്ടത്. മിനിറ്റുകള്‍ക്കുശേഷം കുട്ടികളില്‍ ചിലരുമായി പൊലീസ് ഉദ്യോഗസ്ഥര്‍ സ്‌കൂളിന് പുറത്തേക്ക് വരുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. എന്നാല്‍ സ്‌ഫോടനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

18 ലക്ഷം പേര്‍ താമസിക്കുന്ന കുറിറ്റിബ നഗരം സാവോ പോളോയില്‍ നിന്ന് 400 കിലോമീറ്ററോളം തെക്കായാണ് സ്ഥിതി ചെയ്യുന്നത്. സംഭവത്തെത്തുടര്‍ന്ന് കുട്ടികള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും മാനസിക പിന്തുണയും കൗണ്‍സലിങ്ങും നല്‍കുമെന്ന് കുറിറ്റിബ നഗരസഭ അറിയിച്ചു. ബന്ദി നാടകത്തിന്‍റെ പശ്ചാത്തലത്തില്‍ സ്‌കൂളിലെ സുരക്ഷാ ക്രമീകരണങ്ങളും പ്രതിയുടെ ആക്രമണത്തിന് പിന്നിലെ കാരണങ്ങളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി അധികൃതര്‍ അന്വേഷണം തുടരുകയാണ്