പ്രതീകാത്മക ചിത്രം
കാഠ്മണ്ഡു: നേപ്പാളിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു. ആറ് പേർക്ക് പരുക്കേറ്റു. ബാഗ്മതി പ്രവിശ്യയിലെ മക്വാൻപൂർ ജില്ലയിൽ വ്യാഴാഴ്ച രാവിലെ 5.45നാണ് സംഭവം.
തെക്കൻ നേപ്പാളിലെ സരാഹി സ്വദേശികളാണ് മരിച്ചത്. മരിച്ചവരുടെ കൂട്ടത്തിൽ ഡ്രൈവറുമുണ്ട്. കാഠ്മണ്ഡുവിൽ നിന്ന് സരാഹിയിലേക്ക് 17 യാത്രക്കാരുമായി പോവുകയായിരുന്നു അപകടത്തിൽപ്പെട്ട ബസ്. ഭീംഫെദി–കുലേഖാനി–കാഠ്മണ്ഡു റോഡിൽ വച്ച് ഏകദേശം 984 അടി താഴ്ചയിലേക്ക് വാഹനം മറിയുകയായിരുന്നു.
പരുക്കേറ്റവരെ ഹെറ്റൗഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച നടക്കുന്ന ഹിന്ദു ആഘോഷമായ ഛഠ് പൂജയിൽ പങ്കെടുക്കുന്നതിനായി കാഠ്മണ്ഡുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു അപകടത്തിൽപ്പെട്ടവർ.