കാനഡയിലെ ആൽബെർട്ടയിലെ കനനാസ്കിസിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി.

 

PMO

World

ഇന്ത്യ - ക്യാനഡ നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നു

ജി-7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് സുപ്രധാന തീരുമാനം

Reena Varghese

ഒട്ടാവ: ഏറെ നാളുകൾക്കു ശേഷം ഇന്ത്യയും ക്യാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കാൻ ധാരണയായി. ഇന്ത്യയും ക്യാനഡയും പുതിയ ഹൈക്കമ്മീഷണർമാരെ നിയമിക്കും. ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിൽ നടന്ന ചർച്ചയിലാണ് സുപ്രധാന തീരുമാനം.

കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമർശങ്ങളെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.

ഇന്ത്യയും ക്യാനഡയും തമ്മിലുള്ള നയതന്ത്ര തലത്തിലെ അകൽച്ച തുടരുന്നതിനിടെയാണ് ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പുനസ്ഥാപിക്കാൻ തീരുമാനമായത്.

ഇന്ത്യയും ക്യാനഡയും പരസ്പരം തലസ്ഥാനങ്ങളിലേയ്ക്കുള്ള അംബാസഡർമാരെ തിരികെ എടുക്കാൻ സമ്മതിച്ചു. ഇരു രാജ്യങ്ങളും പുതിയ ഹൈക്കമ്മീഷണർമാരെ നിയമിക്കുമെന്ന് രണ്ട് പ്രധാനമന്ത്രിമാരും സമ്മതിച്ചു.

ജനാധിപത്യം, സ്വാതന്ത്ര്യം,നിയമവാഴ്ച തുടങ്ങിയ കാര്യങ്ങളിൽ ഉറച്ചു വിശ്വസിച്ചു കൊണ്ട് ഇന്ത്യയും ക്യാനഡയും ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും കൂടിക്കാഴ്ച മികച്ചതായിരുന്നു എന്നും പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. ഒരു ദശാബ്ദത്തിനു ശേഷമാണ് മോദി ക്യാനഡയിലെത്തുന്നത്.