നൂറ് മിസൈലുകൾ നിർമിക്കാൻ ആവശ്യമായ രാസവസ്തുക്കൾ കപ്പലിൽ.

 

Representative image

World

മിസൈൽ നിർമാണത്തിനുള്ള രാസവസ്തുവുമായി ബംഗ്ലാദേശിലേക്കു പോയ ചൈനീസ കപ്പൽ പിടികൂടി

ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് പോയ 405 ടൺ സോഡിയം പെർക്ലോറേറ്റും ലക്ഷക്കണക്കിന് സിം കാർഡുകളും അടങ്ങിയ കപ്പൽ ഇന്തോനേഷ്യൻ നാവികസേന പിടികൂടി. വിശദാംശങ്ങൾ അറിയാം.

MV Desk

ബെലാവൻ തീരം, ഇന്തോനേഷ്യ / ധാക്ക, ബംഗ്ലാദേശ് - ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് 405 ടൺ സോഡിയം പെർക്ലോറേറ്റും ലക്ഷക്കണക്കിന് രജിസ്റ്റർ ചെയ്യാത്ത സിം കാർഡുകളുമായി പോയ എം.വി സ്റ്റാർ ലൈൻ കപ്പൽ ഇന്തോനേഷ്യൻ നാവികസേന പിടികൂടി.

ധാക്ക: റോക്കറ്റുകളുടെയും മിസൈലുകളുടെയും പ്രൊപ്പല്ലന്‍റുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന 405 ടൺ സോഡിയം പെർക്ലോറേറ്റും ലക്ഷക്കണക്കിന് രജിസ്റ്റർ ചെയ്യാത്ത സിം കാർഡുകളുമായി ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് പോയ കപ്പൽ ഇന്തോനേഷ്യൻ നാവികസേന പിടികൂടി. ഇന്തോനേഷ്യയിലെ ബെലാവൻ തീരക്കടലിൽ വെച്ചാണ് കപ്പൽ കസ്റ്റഡിയിലെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നവംബർ ഏഴിനാണ് കോമോറോസ് പതാകയുള്ള 'എം.വി സ്റ്റാർ ലൈൻ' (MV Star Line) എന്ന കപ്പൽ നാവികസേന തടഞ്ഞുവെച്ചതെന്ന് ബംഗ്ലാദേശ് മാധ്യമമായ 'ദി ധാക്ക ട്രിബ്യൂൺ' റിപ്പോർട്ട് ചെയ്യുന്നു. കപ്പലിലുണ്ടായിരുന്ന 36 കണ്ടെയ്നറുകളിൽ 15 എണ്ണത്തിലായിരുന്നു 405 ടൺ സോഡിയം പെർക്ലോറേറ്റ് ഉണ്ടായിരുന്നത്. പിടിച്ചെടുത്ത രാസവസ്തു 100 മിസൈലുകൾ വരെ നിർമിക്കാൻ പര്യാപ്തമാണെന്ന് ഇന്തോനേഷ്യൻ നാവികസേന കമാൻഡർ വ്യക്തമാക്കിയതോടെ, ചരക്കിന്‍റെ യഥാർത്ഥ ലക്ഷ്യവും ബംഗ്ലാദേശിലെ സ്വീകർത്താക്കളെക്കുറിച്ചും വലിയ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.

ഇന്തോനേഷ്യൻ നാവികസേന റീജിയണൽ കമാൻഡ്-1 കമാൻഡർ റിയർ അഡ്മിറൽ ഡെന്നി സെപ്റ്റിയാന പറയുന്നതനുസരിച്ച്, ഇന്ധനം നിറയ്ക്കാനായി ബെലാവൻ തീരത്ത് നങ്കൂരമിട്ട കപ്പലിന്‍റെ നീക്കങ്ങളിൽ 'കെ.ആർ.ഐ സിഗലു-857' (KRI Sigalu-857) എന്ന പട്രോളിംഗ് കപ്പലിലെ ഉദ്യോഗസ്ഥർക്കാണ് സംശയം തോന്നിയത്.

നിശ്ചിത പാതയിൽ നിന്ന് മാറി സഞ്ചരിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രേഖകളിലും ചരക്കിലും പൊരുത്തക്കേടുകൾ കണ്ടെത്തിയത്. തുടർന്ന് 36 കണ്ടെയ്നറുകളിലും നടത്തിയ വിശദമായ പരിശോധനയിൽ 15 കണ്ടെയ്നറുകളിൽ സോഡിയം പെർക്ലോറേറ്റും 54 പാലറ്റുകളിലായി ലക്ഷക്കണക്കിന് രജിസ്റ്റർ ചെയ്യാത്ത 4G LTE സിം കാർഡുകളും കണ്ടെത്തുകയായിരുന്നു.

കപ്പലിന്‍റെ രേഖകളിൽ കാലാവധി 2027 ഒക്ടോബർ എട്ട് വരെയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, നിലവിൽ സാധുത സസ്പെൻഡ് ചെയ്ത നിലയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചരക്ക് മാനിഫെസ്റ്റിലെ പൊരുത്തക്കേടുകൾ, കപ്പൽ ജീവനക്കാർ, അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്നതിനുള്ള നിയമങ്ങളുടെ പാലനം, ബംഗ്ലാദേശിലെ സ്വീകർത്താക്കൾ എന്നിവയെക്കുറിച്ച് ഇന്തോനേഷ്യൻ അധികൃതർ വിശദമായ അന്വേഷണം നടത്തിവരികയാണ്. സ്ഫോടകവസ്തുക്കളുടെയും പടക്കങ്ങളുടെയും വ്യാവസായിക നിർമാണത്തിനും ഉപയോഗിക്കുന്ന ശക്തമായ ഓക്സിഡൈസിംഗ് രാസവസ്തുവാണ് സോഡിയം പെർക്ലോറേറ്റ്.