ഹോർമുസ് കടലിടുക്ക്

 

MV Graphics

World

ഹോർമുസിൽ ഇന്ത്യക്കും ചൈനയ്ക്കും ഇളവ്

ഇന്ത്യയും ചൈനയും അടക്കം നാല് രാജ്യങ്ങളിലെ ചരക്കുകപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങളിൽ നിന്ന് ഇളവു നൽകി ഇറാൻ.

MV Desk

ടെഹ്റാൻ: ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ രാജ്യങ്ങളിലെ ചരക്കുകപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങളിൽ നിന്ന് ഇളവു നൽകി ഇറാൻ. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് കർശന നിയന്ത്രണം നിലനിൽക്കെയാണ് ഇറാന്‍റെ നിർണായക തീരുമാനം. നയതന്ത്ര-സാമ്പത്തിക താത്പര്യങ്ങൾ മുൻനിർത്തിയാണ് ഈ നടപടിയെന്ന് ഇറേനിയൻ പാർലമെന്‍ററി സമിതി ഉപചെയർമാൻ അമീർ ഹയാത്-മൊഗദ്ദാം വ്യക്തമാക്കി.

മരുന്നുകളുടെ ഇറക്കുമതിയടക്കം പരിഗണിച്ചാണ് ഇന്ത്യൻ കപ്പലുകൾക്ക് ഇളവ്. രാഷ്ട്രീയ പിന്തുണ ഉറപ്പാക്കാനാണു ചൈനയുടെ കപ്പലുകൾക്ക് അനുമതി നൽകിയതെന്നും ഇറേനിയൻ സ്റ്റുഡന്‍റ്സ് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തി മൊഗദ്ദാം പറഞ്ഞു.

ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ കപ്പലുകളിൽ നിന്ന് ഇറാൻ ട്രാൻസിറ്റ് ഫീസ് ഈടാക്കുന്നുണ്ട്. എന്നാൽ ഖത്തറിൽ നിന്നുള്ള കപ്പലുകൾക്ക് ഈ ഫീസില്ലാതെ തന്നെ യാത്ര ചെയ്യാം. അതേസമയം, കപ്പലുകൾ അവയുടെ വിവരങ്ങളും ചരക്കുകളുടെ വിശദാംശങ്ങളും ലക്ഷ്യസ്ഥാനവും മുൻകൂട്ടി നൽകണമെന്ന് ഇറാന്‍റെ സേന (ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്) നിർദേശിച്ചിട്ടുണ്ട്.

പേർഷ്യൻ ഉൾക്കടലിനെയും അറബിക്കടലിനെയും ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്ക് ഇന്ത്യയുടെ ഊർജ ആവശ്യങ്ങളിൽ നിർണായകമാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയുടെ 30 ശതമാനത്തോളം നിലവിൽ ഈ വഴിയിലൂടെയാണ് എത്തുന്നത്. മുൻപ് ഇത് 70 ശതമാനം വരെയായിരുന്നു. റഷ്യ, അമേരിക്ക, പശ്ചിമാഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് എണ്ണ വാങ്ങാൻ തുടങ്ങിയതോടെയാണ് ഇന്ത്യ കടലിടുക്കിനെ ആശ്രയിക്കുന്നത് കുറച്ചത്.