ഗാസയിലെ ആക്രമണം (ഫയല്‍ചിത്രം)
ഗാസ: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്‍ അടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. ക്യാമറമാനായ അഹമ്മദ് വിഷാ ആണ് കൊല്ലപ്പെട്ടത്. ഗാസയിലെ ബുറൈജ് അഭയാര്‍ഥി ക്യാമ്പിനു നേരെയാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ കുട്ടികളാണ്.
അതേസമയം കൊല്ലപ്പെട്ട അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്‍ ഹമാസ് ഭീകരനാണെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചു. ഹമാസില്‍ സ്‌നൈപ്പറായി പ്രവര്‍ത്തിക്കുകയായിരുന്നു ഇയാളെന്നും ഇസ്രയേല്‍ സൈനിക വക്താവ് ഉന്നയിച്ചു. അതേസമയം ഇതുസംബന്ധിച്ച തെളിവൊന്നും ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടിട്ടില്ല.
അല്‍ജസറീയില്‍ തന്നെ ജോലി ചെയ്തിരുന്ന അഹമ്മദ് വിഷായുടെ സഹോദരന്‍ മുഹമ്മദ് വിഷായും ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഏപ്രിലില്‍ ഇസ്രയേലിന്റെ ഷെല്ലാക്രമണത്തിലാണ് മുഹമ്മദ് വിഷാ മരിച്ചത്. 2023 ഒക്ടോബറില്‍ ഗാസ യുദ്ധം ആരംഭിച്ചതു മുതല്‍ ഇതുവരെ 220ലധികം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.