ഡോണൾഡ് ട്രംപ്

 
World

''എനിക്കൊപ്പം പ്രവർത്തിച്ചാൽ നല്ലത്, അല്ലെങ്കിൽ ഞാൻ എല്ലാം വീറ്റോ ചെയ്യും''; തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രതികരിച്ച് ട്രംപ്

തനിക്ക് പൂർണമായി വീറ്റോ അധികാരമുണ്ടെന്നും കാര്യങ്ങൾ പരസ്പര ധാരണയോടെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ്

Sarath Nath MS

വാഷിങ്ടൺ: ഇടക്കാല തെരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടിയെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഡെമോക്രാറ്റുകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും രാജ്യത്തിന്‍റെ നന്മയ്ക്കായി അവരുമായി സഹകരിക്കാൻ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. അതേസമയം, തനിക്ക് പൂർണമായി വീറ്റോ അധികാരമുണ്ടെന്നും കാര്യങ്ങൾ പരസ്പര ധാരണയോടെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഎസ് ന്യൂസുമായുള്ള ഫോൺ സംഭാഷണത്തിലാണ് ട്രംപിന്‍റെ പ്രതികരണം.

ഡെമോക്രാറ്റുകൾ തന്നോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുമെന്നാണ് കരുതുന്നതെന്നും അല്ലാത്തപക്ഷം എല്ലാ ബില്ലുകളും താൻ വീറ്റോ ചെയ്യുമെന്നും ട്രംപ് പറഞ്ഞു. 'വീറ്റോ' എന്നെഴുതിയ ചുവന്ന തൊപ്പിയുടെ ചിത്രം തന്‍റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചുകൊണ്ടായിരുന്നു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ടെക്സസ്, നോർത്ത് കരോലിന, സൗത്ത് കരോലിന, ഒഹായോ തുടങ്ങിയ സംസ്ഥാനങ്ങളിലെ സെനറ്റ് തെരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകളാണ് വിജയിച്ചത്. ട്രംപ് നേരിട്ടെത്തി പ്രചാരണം നടത്തിയവയാണ് ഈ സംസ്ഥാനങ്ങൾ. വോട്ടർമാർക്ക് സ്ഥാനാർഥികളെ ഇഷ്ടപ്പെടാത്തതാണ് തോൽവിക്ക് കാരണമെന്ന് ട്രംപ് ഫോക്സ് ന്യൂസിനോട് പ്രതികരിച്ചു.

താൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ലെന്നും അങ്ങനെയായിരുന്നെങ്കിൽ റിപ്പബ്ലിക്കൻമാർ വിജയിക്കുമായിരുന്നുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു. താൻ മത്സരിച്ചിരുന്നെങ്കിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. അതേസമയം, തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ തയ്യാറാണെന്ന് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.