സൈനികരുടെ അവധികള്‍ റദ്ദാക്കി ഇസ്രയേല്‍
ടെല്‍ അവീവ്: ഇറാനെതിരെ പുതിയൊരു ആക്രമണത്തിന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തയാറെടുക്കുന്നെന്ന സൂചനകള്‍ക്കിടെ, ഇസ്രയേല്‍ സൈന്യം എല്ലാ സൈനികരുടെയും അവധി റദ്ദാക്കിയതായി റിപ്പോര്‍ട്ട്. 'ഇസ്രയേല്‍ ചാനല്‍ 13' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) സൈനികരുടെ എല്ലാ അവധികളും ഔദ്യോഗികമായി റദ്ദാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഇറാനെതിരേ ആക്രമണം ആരംഭിക്കുന്നതിനു മുമ്പ് ഫെബ്രുവരി 26-ന് ഇസ്രയേല്‍ സമാനമായ ഒരു നടപടി സ്വീകരിച്ചിരുന്നു.
അതേസമയം ഇറാനെതിരേയുള്ള സംഘര്‍ഷത്തില്‍ നിന്ന് പിന്മാറാനുള്ള വഴികള്‍ അമെരിക്ക തേടുകയാണ്. ഇറാനെ പരാജയപ്പെടുത്താന്‍ വ്യോമാക്രമണം മാത്രം മതിയാകില്ലെന്ന് യുഎസ് ജനറല്‍ ഡാന്‍ കെയ്ന്‍ കരുതുന്നുമുണ്ട്. അതുകൊണ്ടു തന്നെ ഇറാനെതിരേയുള്ള യുദ്ധത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള ഒരു മാര്‍ഗം ആരായുകയാണ് അമെരിക്ക.
എന്നാൽ, അമെരിക്കയുടെ നയതന്ത്ര നീക്കങ്ങള്‍ ഫലം കാണില്ലെന്ന് കരുതുന്ന ഇസ്രായേല്‍, സ്വന്തം നിലയ്ക്ക് നടപടികളുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ്. ഇറാന്‍ ഭരണകൂടത്തിലെയും ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെയും (ഐആര്‍ജിസി) ഉന്നത ഉദ്യോഗസ്ഥരെ വധിക്കാനുള്ള ആക്രമണങ്ങള്‍ക്ക് നെതന്യാഹു ഉത്തരവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇസ്രയേല്‍ സംഘര്‍ഷം പുനരാരംഭിക്കുകയാണെങ്കില്‍ അവരുടെ ഹൈഫയിലെ റിഫൈനറിയെയും ടെല്‍ അവീവിനെയും നേരിട്ട് ആക്രമിക്കുമെന്ന് ഇറാന്‍ ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രയേലിന്‍റെ പക്കലുള്ള 'ഇന്‍റര്‍സെപ്റ്റര്‍' മിസൈലുകളുടെ ശേഖരം കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍, പുതിയൊരു ആക്രമണത്തെ തുടര്‍ന്ന് ഉണ്ടാകാവുന്ന തിരിച്ചടിയെ നേരിടാന്‍ രാജ്യം ശക്തമല്ല.
മിസൈല്‍ ആക്രമണ പരമ്പരകളിലൂടെ ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ ഭേദിക്കാനുള്ള ശേഷി ടെഹ്റാന്‍ നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ, ഇസ്രയേല്‍ ഏകപക്ഷീയമായി ആക്രമണം നടത്തിയാല്‍, അവരുടെ പരിമിതമായ വ്യോമപ്രതിരോധ ശേഷിയെ മറികടക്കാന്‍ പോന്ന ശക്തി ഇറാനുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്.
ഒക്‌റ്റോബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തന്‍റെ രാഷ്‌ട്രീയ നില ഭദ്രമാക്കാന്‍ നെതന്യാഹുവിന് ഇറാനെതിരേ ഒരു വിജയം അനിവാര്യമാണ്. ഇറാനെതിരായ ആക്രമണത്തെ അദ്ദേഹത്തിന്‍റെ 'അവസാന തുറുപ്പുചീട്ട്' ആയാണ് വിശേഷിപ്പിക്കുന്നതും. എന്നാല്‍, അമെരിക്കന്‍ ആക്രമണങ്ങളെ അതിജീവിക്കാനും കൂടുതല്‍ കരുത്താര്‍ജ്ജിച്ച് തിരിച്ചുവരാനും തങ്ങള്‍ക്ക് കഴിയുമെന്ന് ഇറാന്‍ ഇതിനകം തെളിയിച്ചിട്ടുണ്ട്. അതിനാല്‍, ഇസ്രയേല്‍ ഒറ്റയ്ക്ക് ഇത്തരമൊരു നീക്കം നടത്തിയാല്‍, അത് എത്രത്തോളം വിജയിക്കുമെന്നതും വലിയ ചോദ്യമായി അവശേഷിക്കുന്നു.