എണ്ണ വില കുതിക്കുന്നു

 
World

എണ്ണ വില കുതിക്കുന്നു

വിലക്കയറ്റം പിടിച്ചു നിർത്താൻ പത്തു കോടി ബാരൽ എണ്ണ വിപണിയിലെത്തിക്കും:ജി-7 രാജ്യങ്ങൾ

Reena Varghese

വാഷിങ്ടൺ: ആഗോള തലത്തിൽ ഇന്ധന വില കുതിച്ചുയരുന്നതിനിടെ വിപണിയിൽ പത്തു കോടി ബാരൽ എണ്ണയും ഇന്ധന ഉൽപന്നങ്ങളും എത്തിക്കാൻ ജി 7 രാജ്യങ്ങളുടെ തീരുമാനം. വരും ആഴ്ചകൾക്കുള്ളിൽ വൻ തോതിൽ വിപണിയിൽ ഡീസൽ എത്തിക്കാനാണ് നീക്കം. അമെരിക്കയിൽ ഡീസൽ വില റെക്കോർഡ് ഉയരത്തിൽ എത്തിയ സാഹചര്യത്തിലാണ് അടിയന്തര നടപടി. ആദ്യഘട്ടത്തിൽ വലിയ അളവിൽ ഡീസൽ ഉടൻ വിപണിയിൽ എത്തിക്കുമെന്നും ശേഷിക്കുന്ന ഇന്ധനം നാലു മാസത്തിനുള്ളിൽ ലഭ്യമാക്കുമെന്നും ജി-7 അറിയിച്ചു.

ക്യാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, അമെരിക്ക എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയൻ പ്രതിനിധികളും ഉൾപ്പെടുന്നതാണ് ജി7. നിലവിൽ ജി7 അധ്യക്ഷ സ്ഥാനം വഹിക്കുന്ന ഫ്രാൻസാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിന്‍റെ അധ്യക്ഷതയിൽ നടന്ന വീഡിയോ കോൺഫറൻസിനു ശേഷമാണ് ഈ പ്രഖ്യാപനമുണ്ടായത്. ഇന്ധന വിപണിയിൽ ലഭ്യത വർധിപ്പിച്ച് വില കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് മക്രോൺ പറഞ്ഞു.

ഇന്ധന വിപണിയിൽ ലഭ്യത വർധിപ്പിച്ച് വില കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് മക്രോൺ

വെള്ളിയാഴ്ച അമെരിക്കയിൽ ഒരു ഗാലൻ ഡീസലിന്‍റെ ശരാശരി വില 6.37 ഡോളറായിരുന്നു. സെപ്റ്റംബർ 22 ന് 6.52 ഡോളറിലെത്തിയിരുന്നു. യൂറോപ്പിലും ഡീസല്‍ വില റെക്കോര്‍ഡ് ഉയരത്തിലാണ്. റഷ്യന്‍ റിഫൈനറികള്‍ക്കെതിരായ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണങ്ങളെ തുടര്‍ന്ന് റഷ്യ ഇന്ധന കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഇന്ധന കയറ്റുമതി യുദ്ധവും ഗതാഗതതടസങ്ങളും മൂലം ഇന്ധന കയറ്റുമതി കുറഞ്ഞതുമാണ് വില ഉയരാനുള്ള പ്രധാന കാരണങ്ങളിൽ ചിലത്.

അമെരിക്കയുടെ ഡീസൽ കയറ്റുമതി നിരോധിക്കണമെന്ന് ചില റിപ്പബ്ലിക്കൻ നേതാക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിലും അങ്ങനെയൊരു നടപടി സ്വീകരിക്കാൻ തയാറല്ലെന്നായിരുന്നു ട്രംപിന്‍റെ നിലപാട്. പകരം ജി7 രാജ്യങ്ങളുടെ സംയുക്ത നീക്കത്തിലൂടെയാണ് വില നിയന്ത്രിക്കാൻ ശ്രമിക്കുന്നത്.

യൂറോപ്പിൽ കൂടുതൽ ഡീസൽ ലഭ്യമാകുന്നതോടെ അമെരിക്കയിൽ നിന്നുള്ള കയറ്റുമതി കുറയുമെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ യുഎസിലെ ഡീസൽ വില ഗാലന് 25 മുതൽ 50 സെന്‍റ് വരെ താഴാൻ സാധ്യതയുണ്ടെന്നും ഊർജ വിപണി വിദഗ്ധൻ മൈക്കൽ ലിഞ്ച് നിരീക്ഷിച്ചു.എന്നാൽ തന്ത്രപ്രധാനമായ ഇന്ധന ശേഖരം ഇത്രയും വേഗത്തിൽഉപയോഗിക്കുന്നത് ദീർഘ കാല തിരിച്ചടിയാകാമെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നു

അടിയന്തര ശേഖരം കുറയുന്നതോടെ ഭാവിയിൽ വീണ്ടും ശേഖരം നിറയ്ക്കേണ്ടി വരും. മാർച്ചിൽ ഇന്‍റർനാഷണൽ എനർജി ഏജൻസി അംഗരാജ്യങ്ങൾ വിപണി സ്ഥിരപ്പെടുത്തുന്നതിനായി 42.6 കോടി ബാരൽ എണ്ണയും ഇന്ധന ഉൽപന്നങ്ങളും പുറത്തിറക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. പുതിയ പത്തു കോടി ബാരൽ അതിനു പുറമേയാണ് അതോ നേരത്തെ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമാണോ എന്ന കാര്യത്തിൽ വ്യക്തത വേണമെന്നും വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടി.