അമെരിക്ക നാടു കടത്തിയത് 2300ലധികം ഇന്ത്യക്കാരെ

 
World

ഒന്നര വർഷം; അമെരിക്ക നാടു കടത്തിയത് 2300ലധികം ഇന്ത്യക്കാരെ

ഏഷ്യ-പസഫിക് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ അറസ്റ്റുകളും തടങ്കലുകളും നാടുകടത്തലുകളും രേഖപ്പെടുത്തിയത് ഇന്ത്യക്കാര്‍ക്കെതിരെ -‘ സ്റ്റോപ്പ് എഎപിഐ ഹേറ്റ് ‘ എന്ന സംഘടന

Reena Varghese

വാഷിങ്ടൺ: ഒന്നര വർഷത്തിനുള്ളിൽ അമെരിക്കയിൽ നിന്നും 2300ലധികം ഇന്ത്യക്കാരെ നാടു കടത്തിയതായി റിപ്പോർട്ട്. അമെരിക്കൻ കമ്യൂണിറ്റി മീഡിയ പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 20 മാസത്തിനിടെ യുഎസിൽ നിന്നും 2,349 ഇന്ത്യക്കാരെയാണ് നാടു കടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ കാലയളവിൽ അറസ്റ്റിലായത് 6000ത്തിലധികം ഇന്ത്യക്കാരാണ്. 4000ത്തിലധികം ആളുകൾ ഡീപോര്‍ട്ടേഷന്‍ കേന്ദ്രങ്ങളില്‍ നാടുകടത്തല്‍ കാത്ത് കഴിയുന്നു. 2025 ജനുവരിക്കും 2026 ഓഗസ്റ്റിനും ഇടയിലുള്ള 20 മാസത്തിനുള്ളില്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആകെ 6,111 ഇന്ത്യക്കാരെയാണ് അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പായി ഐസിഇ കുടിയേറ്റ വിരുദ്ധ റെയ്ഡുകള്‍ ശക്തമാക്കിയതായി ‘ സ്റ്റോപ്പ് എഎപിഐ ഹേറ്റ് ‘ എന്ന സംഘടന വ്യക്തമാക്കി. ഏഷ്യ-പസഫിക് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ അറസ്റ്റുകളും തടങ്കലുകളും നാടുകടത്തലുകളും രേഖപ്പെടുത്തിയത് ഇന്ത്യക്കാര്‍ക്കെതിരെയാണെന്ന് സംഘടന അവകാശപ്പെടുന്നു.

ഗ്രീന്‍ കാര്‍ഡ് ഉണ്ടായിട്ടും ഇന്ത്യന്‍ വംശജയെ ഒരാഴ്ച കസ്റ്റഡിയില്‍ വെച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1994 മുതല്‍ അമേരിക്കയില്‍ താമസിക്കുന്ന 60 വയസുകാരിയെയാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടങ്കലിലാക്കിയത്. ഇവരുടെ ഗ്രീന്‍ കാര്‍ഡ് ഉള്ള അപേക്ഷ അംഗീകരിക്കപ്പെട്ടതായിരുന്നു. ഗ്രീന്‍ കാര്‍ഡ് നടപടികളുടെ ഭാഗമായുള്ള ബയോമെട്രിക്‌സ് പരിശോധനയ്ക്കായി ഇമിഗ്രേഷന്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്.

ഒരാഴ്ചയ്ക്ക് ശേഷമാണ് മോചിപ്പിച്ചത്. ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന കാലിഫോര്‍ണിയയില്‍ മാത്രം 850-ലധികം ഇന്ത്യക്കാരെയാണ് ഐസിഇ അറസ്റ്റ് ചെയ്തത്. 2025ല്‍ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 16 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെന്ന് ഐസിഇയുടെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.