ഇസ്രയേലിൽ ന്യൂന പക്ഷ സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ട്, മണിക്കൂറുകൾ നീണ്ട ചർച്ചകൾ പാളി

 
World

ബെൻ ഗ്വിറിനെ ഒഴിവാക്കാനാകില്ലെന്നു നെതന്യാഹു

ഇസ്രയേലിൽ ന്യൂന പക്ഷ സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ട്, മണിക്കൂറുകൾ നീണ്ട ചർച്ചകൾ പാളി

Reena Varghese

ടെൽ അവീവ്: ഇസ്രയേലിൽ പുതിയ ഐക്യ സർക്കാർ രൂപീകരിക്കുന്നതിനായി കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ലിക്കുഡ് പാർട്ടിയും ഗാഡി ഐസൻകോട്ടിന്‍റെ യാഷർ പാർട്ടിയും തമ്മിൽ നടത്തിയ ചർച്ചകൾ ധാരണയിലെത്തിയില്ല. ഞായറാഴ്ച ഹെർത്സ് ലിയയിലെ ഡാൻ അക്കാദിയ ഹോട്ടലിൽ നാലു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയാണ് പരാജയപ്പെട്ടത്. സർക്കാരിന്‍റെ നേതൃത്വം ആരു വഹിക്കണമെന്നതിലും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറിനെ ഉൾപ്പെടുത്തണമോ എന്നതിലുമാണ് പ്രധാന തർക്കം.

120 അംഗ നെസെറ്റിൽ 21 സീറ്റുകളുള്ള യാഷർ പാർട്ടി ബെൻ ഗ്വിറിനെ സർക്കാരിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 27 സീറ്റുകളുള്ള ലിക്കുഡ് പാർട്ടി ഇത് തള്ളി. മുഴുവൻ കാലാവധിയിലും ഐസൻകോട്ട് പ്രധാനമന്ത്രിയാകണമെന്ന് യാഷർ പാർട്ടി നിലപാടെടുക്കുമ്പോൾ, തുടക്കത്തിൽ തന്നെ പ്രധാനമന്ത്രിയാകണമെന്നാണ് നെതന്യാഹുവിന്‍റെ വാശി. റൊട്ടേഷൻ വ്യവസ്ഥകളെക്കുറിച്ച് ചർച്ചകൾ നടന്നില്ലെന്ന് മാത്രമല്ല, സുരക്ഷ, നീതിന്യായം, ഭരണനയം തുടങ്ങിയ മേഖലകളിലും ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസം തുടരുകയാണ്.

ചർച്ചകൾക്ക് മുന്നോടിയായി ഞായറാഴ്ച രാവിലെ നെതന്യാഹു സഖ്യകക്ഷികളായ ഇറ്റാമർ ബെൻ-ഗ്വിറുമായും (7 സീറ്റുകൾ) ധനമന്ത്രി ബസാലെൽ സ്മോട്രിച്ചുമായും (6 സീറ്റുകൾ) കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ, ആദ്യഘട്ടത്തിൽ ഐസൻകോട്ടും തുടർന്ന് നെതന്യാഹുവും പ്രധാനമന്ത്രിയാകുന്ന സഖ്യനിർദേശം മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് മുന്നോട്ടുവെച്ചെങ്കിലും അതും തള്ളിപ്പോയി. നെതന്യാഹു ഉൾപ്പെടുന്ന ഒരു സർക്കാരിലും പങ്കാളിയാകില്ലെന്ന് അവിഗ്ദോർ ലീബർമാനും വ്യക്തമാക്കിയിട്ടുണ്ട്.

നവംബർ എട്ടിനാണ് പ്രസിഡന്‍റ് ഇസാക് ഹെർസോഗ് സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ടിനെ ചുമതലപ്പെടുത്തിയത്. ഡിസംബർ ആറിന് കാലാവധി അവസാനിക്കാനിരിക്കെ, ഐക്യസർക്കാർ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാനാണ് യാഷർ പാർട്ടിയുടെ നീക്കം. ഇതിനായി ആകെ 19 സീറ്റുകളുള്ള ജോയിന്‍റ് ലിസ്റ്റ്, യുണൈറ്റഡ് അറബ് ലിസ്റ്റ് എന്നീ അറബ് പാർട്ടികളുടെ പുറത്തുനിന്നുള്ള പിന്തുണ തേടും.

2022 അവസാനത്തോടെ അധികാരമേറ്റ നെതന്യാഹുവിന്‍റെ തീവ്രവലതുപക്ഷ സർക്കാരിന് ശേഷം നടക്കുന്ന പുതിയ സർക്കാർ രൂപീകരണ നീക്കങ്ങളാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിനെതിരെ ഗാസയിലെ യുദ്ധക്കുറ്റങ്ങൾ ചുമത്തി 2024 മുതൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്‍റും നിലവിലുണ്ട്.