ബംഗ്ലാദേശ് ഇരുട്ടില്‍; സഹായത്തിനായി ഇന്ത്യയെ സമീപിച്ചു

 
World

ബംഗ്ലാദേശ് ഇരുട്ടില്‍; സഹായത്തിനായി ഇന്ത്യയെ സമീപിച്ചു

തലസ്ഥാന നഗരമായ ധാക്കയ്ക്ക് പുറത്തുള്ള പ്രദേശങ്ങളിലാണ് വൈദ്യുതി ക്ഷാമം ഏറ്റവും രൂക്ഷമായിരിക്കുന്നത്.

Reena Varghese

ധാക്ക: കടുത്ത ഊര്‍ജ പ്രതിസന്ധി നേരിടുന്ന ബംഗ്ലാദേശ് സഹായത്തിനായി ഇന്ത്യയെ സമീപിച്ചു. ഊര്‍ജ പ്രതിസന്ധി നേരിടാന്‍ ഡീസല്‍ ലഭ്യമാക്കണമെന്നാണ് ബംഗ്ലാദേശ് ഇന്ത്യയോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ബംഗ്ലാദേശ് ഊര്‍ജ മന്ത്രി ഇഖ്ബാല്‍ ഹസന്‍ മഹ്‌മൂദാണ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേഷ് ത്രിവേദിയോട് ഈ ആവശ്യം അറിയിച്ചത്.

ബംഗ്ലാദേശിന്‍റെ പല ഭാഗങ്ങളിലും രൂക്ഷമായ വൈദ്യുതി തടസം നേരിടുന്നതിനാല്‍ ഷോപ്പിങ് മാളുകളും കടകളും മാര്‍ക്കറ്റുകളും രാത്രി 8 മണിയോടെ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വൈദ്യുതി ക്ഷാമം രൂക്ഷമായതോടെ വാണിജ്യ സ്ഥാപനങ്ങള്‍, കര്‍ഷകര്‍, വ്യവസായ മേഖലകള്‍ എന്നിവയും പ്രതിസന്ധിയിലായി. തലസ്ഥാന നഗരമായ ധാക്കയ്ക്ക് പുറത്തുള്ള പ്രദേശങ്ങളിലാണ് വൈദ്യുതി ക്ഷാമം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഇവിടെ ചിലയിടങ്ങളില്‍ ദിവസവും 8 മുതല്‍ 10 മണിക്കൂര്‍ വരെ വൈദ്യുതി മുടങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ ഇന്ധനങ്ങളുടെ പ്രത്യേകിച്ച് പ്രകൃതിവാതകത്തിന്‍റെ ലഭ്യതക്കുറവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. ബംഗ്ലാദേശ് തങ്ങള്‍ക്ക് ആവശ്യമായ എണ്ണയുടെ 90 ശതമാനത്തിലധികവും വാതകത്തിന്‍റെ 30 ശതമാനത്തോളവും ഇറക്കുമതി ചെയ്യുകയാണ് പതിവ്. അതുകൊണ്ടു തന്നെ വിദേശത്തുനിന്നുള്ള വിതരണത്തിലുണ്ടായ തടസങ്ങള്‍ രാജ്യത്തിന്‍റെ ഊര്‍ജമേഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.

സമീപകാലത്തുണ്ടായ രണ്ട് സംഭവവികാസങ്ങള്‍ ബംഗ്ലാദേശിലെ സാഹചര്യം കൂടുതല്‍ വഷളാക്കുകയും ചെയ്തു. ജൂലൈ 21-നുണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന് യുഎസ് ആസ്ഥാനമായുള്ള 'എക്‌സലറേറ്റ് എനര്‍ജി' പ്രവര്‍ത്തിപ്പിക്കുന്ന എല്‍എന്‍ജി ടെര്‍മിനല്‍ അടച്ചിടേണ്ടി വന്നത് എല്‍എന്‍ജി വിതരണത്തില്‍ വലിയ കുറവുണ്ടാക്കി. ഈ ആഴ്ചയുടെ തുടക്കത്തില്‍ മാത്രമാണ് ഇതിന്‍റെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചത്. അതേസമയം, കടലിലെ മോശം കാലാവസ്ഥ കാരണം കുറഞ്ഞത് രണ്ട് എല്‍എന്‍ജി കപ്പലുകള്‍ക്കെങ്കിലും തങ്ങളുടെ ചരക്ക് ഇറക്കാന്‍ കഴിഞ്ഞില്ല. ഇതിനു പുറമെ വൈദ്യുതി ഇറക്കുമതിയിലും കുറവുണ്ടായത് ആഭ്യന്തര വൈദ്യുതി ഉത്പാദനത്തെ ബാധിച്ചു.വാതകക്ഷാമം മൂലം വൈദ്യുതി ഉത്പാദനത്തില്‍ ഏകദേശം 1,500 മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്.

ഇന്ത്യയുടെ സഹായം

ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ്ലൈന്‍ 2017 മുതല്‍ പ്രവര്‍ത്തനക്ഷമമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഡീസല്‍ വിതരണത്തിന് സുപ്രധാന മാര്‍ഗം ഒരുക്കുന്നത് ഈ പൈപ്പ്‌ലൈനാണ്.

15 വര്‍ഷത്തെ കരാര്‍ പ്രകാരം പ്രതിവര്‍ഷം 1,80,000 മെട്രിക് ടണ്‍ ഡീസല്‍ ബംഗ്ലാദേശിന് നല്‍കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. മധ്യേഷ്യയിലെ സംഘര്‍ഷങ്ങള്‍ മൂലമുണ്ടായ തടസങ്ങള്‍ക്കിടയിലും, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി 30,000 ടണ്ണിലധികം ഡീസല്‍ ഇന്ത്യ ബംഗ്ലാദേശിന് നല്‍കി