കിം ജോങ് ഉൻ

 
file image
World

ചൈനയുമായി ബന്ധം ശക്തമാക്കാൻ കിം ജോങ് ഉൻ; പുതിയ അതിർത്തിപ്പാലം ഉദ്ഘാടനം ചെയ്തു

പുതുതായി തുറന്ന പാലത്തിലൂടെ ചൈനയിലെ അതിർത്തി നഗരമായ ഡാൻഡോങ്ങിലെത്തിയ കിം, ഉത്തരകൊറിയൻ യുദ്ധകാലത്ത് ചൈന നൽകിയ പിന്തുണയുടെ സ്മരണയ്ക്കായി സ്ഥാപിച്ച സ്മാരകം സന്ദർശിച്ചു

Sarath Nath MS

സോൾ: അമെരിക്കയ്ക്കെതിരായ നിലപാടിൽ ചൈനയുമായും റഷ്യയുമായും സഹകരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈന സന്ദർശിച്ചു. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പുതിയ പാലം ഉദ്ഘാടനം ചെയ്ത കിം, ചൈനയുമായുള്ള സഹകരണം വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഒരു വർഷത്തിനുശേഷമാണ് കിം ചൈന സന്ദർശിക്കുന്നത്.

പുതുതായി തുറന്ന പാലത്തിലൂടെ ശനിയാഴ്ച ചൈനയിലെ അതിർത്തി നഗരമായ ഡാൻഡോങ്ങിലെത്തിയ കിം, ഉത്തരകൊറിയൻ യുദ്ധകാലത്ത് ചൈന നൽകിയ പിന്തുണയുടെ സ്മരണയ്ക്കായി സ്ഥാപിച്ച സ്മാരകം സന്ദർശിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റാൻഡിങ് കമ്മിറ്റി അംഗം വാങ് ഹുനിങ്ങുമായും കൂടിക്കാഴ്ച നടത്തി.

രക്തം ചിന്തി രൂപപ്പെട്ട ഉത്തരകൊറിയ-ചൈന സൗഹൃദം എന്നും ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് സ്മാരക സന്ദർശനത്തിനിടെ കിം പറഞ്ഞു. ഉഭയകക്ഷി സഹകരണം വികസിപ്പിക്കാനുള്ള പ്രതിജ്ഞാബദ്ധത കിം ആവർത്തിച്ചതായും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിന്‍റെ ആശംസകൾ വാങ് കൈമാറിയതായും ഉത്തരകൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. ഇരുവരും ഒരു കാർ നിർമാണശാലയും സന്ദർശിച്ചു. തുടർന്ന് വാങ് കിമ്മിനെ പാലംവരെ അനുഗമിച്ച് യാത്രയാക്കി.

വ്യാപാരം വർധിപ്പിക്കാൻ പുതിയ പാലം

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ യാലു നദീപാലം നിർമിച്ചിരിക്കുന്നത്. കണ്ടെയ്‌നർ ചരക്കുകളും ഭാരവാഹനങ്ങളും ഉൾപ്പെടെയുള്ള ഗതാഗതം മുഴുവൻ സമയവും സാധ്യമാക്കാൻ പാലത്തിന് കഴിയും. ഒരു ദശാബ്ദത്തിലേറെ നീണ്ട കാലതാമസത്തിനുശേഷമാണ് പാലം ഈ മാസം തുറന്നത്.

പരമ്പരാഗത സഖ്യകക്ഷിയും ഉത്തരകൊറിയയുടെ പ്രധാന സാമ്പത്തിക ആശ്രയവുമായ ചൈനയുമായുള്ള ബന്ധം അടുത്തകാലത്തായി ശക്തമാക്കാൻ കിം ശ്രമിക്കുന്നുണ്ട്. മുൻവർഷങ്ങളിൽ റഷ്യയുമായുള്ള ബന്ധത്തിനായിരുന്നു കിം കൂടുതൽ മുൻഗണന നൽകിയിരുന്നത്. അതേസമയം, ഉത്തരകൊറിയയ്ക്കുമേലുള്ള തങ്ങളുടെ പ്രത്യേക സ്വാധീനം വീണ്ടെടുക്കാനാണ് ചൈനയുടെ ശ്രമം.

റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ യുക്രെയ്ൻ യുദ്ധത്തെ പിന്തുണയ്ക്കുന്നതിനായി ഉത്തരകൊറിയ ആയിരക്കണക്കിന് സൈനികരെയും പരമ്പരാഗത ആയുധങ്ങളെയും അയച്ചിട്ടുണ്ട്. ഇതിന് പകരമായി സൈനിക, സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നുണ്ടാകാമെന്നാണ് വിലയിരുത്തൽ.