ഹറാൾഡ് അഞ്ചാമൻ
സ്റ്റാവെൻജർ: നോർവ് രാജാവ് ഹറാൾഡ് അഞ്ചാമൻ അന്തരിച്ചു. 89 വയസായിരുന്നു. രക്തത്തിൽ അണുബാധയുണ്ടായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്. യൂറോപ്പിലെ തന്നെ ഏറ്റവും പ്രായം കൂടിയ രാജഭരണാധികാരിയായിരുന്നു ഹറാൾഡ്. അദ്ദേഹത്തിന്‍റെ മകനും കിരീടാവകാശിയുമായ ഹാക്കൺ എട്ടാമൻ പുതിയ രാജാവായി അധികാരമേൽക്കും.
രാജകൊട്ടാരത്തെ ആധുനികവത്കരിച്ച ഭരണാധികാരിയായിരുന്നു ഹറാൾഡ്. എന്നാൽ പരമ്പരാഗതമായി മറ്റു രാജാക്കന്മാർ ചെയ്തിരുന്നതു പോലെ പ്രായമായപ്പോൾ സ്ഥാനത്യാഗം ചെയ്യാൻ അദ്ദേഹം തയാറായിരുന്നില്ല. യൂറോപ്പിലെ മറ്റ് രാജകുടുംബങ്ങളിലെയെന്ന പോലെ നോർവേ രാജവംശവും പ്രതീകാത്മകമായി പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്.
രാജവംശത്തിലുള്ളവർക്ക് ജനവങ്ങൾക്കിടയിൽ വലിയ സ്ഥാനവുമുണ്ട്. എന്നാൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പാർലമെന്‍റ് ആണ് രാജ്യം ഭരിക്കുന്നത്. പിതാവായ ഒലാവ് അഞ്ചാമൻ മരിച്ചതിനു പിന്നാലെ 1991 ജനുവരിയിലാണ് ഹറാൾഡ് അധികാരത്തിലേറിയത്.