സൗദി ആണവായുധം നിര്‍മിക്കാനൊരുങ്ങുന്നു
റിയാദ്: ആണവായുധം നിര്‍മിക്കാനുള്ള സാധ്യത സൗദി അറേബ്യ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ലെന്നു യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ രഹസ്യ റിപ്പോര്‍ട്ട്. ഈ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ചിരിക്കുകയാണ്. യുഎസും സൗദി അറേബ്യയും തമ്മില്‍ ജൂലൈയില്‍ പുതിയ ആണവ കരാര്‍ ഒപ്പുവച്ചിരുന്നു.
ഇതിനു പിന്നാലെയാണ് സൗദി ആണവായുധം നിര്‍മിക്കാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. അമെരിക്കയുമായി ജൂലൈയില്‍ ഒപ്പുവച്ച കരാര്‍പ്രകാരം സൗദി അറേബ്യയില്‍ ആണവോര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നാണ്. അതേസമയം ഇസ്രയേല്‍ ഇതിനകം തന്നെ ഈ കരാറിനെതിരേ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുകയാണെങ്കില്‍ തങ്ങളും ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ സൗദി തത്പരരാണെന്നു യുഎസ് ഉദ്യോഗസ്ഥരും ദീര്‍ഘകാലമായി വിശ്വസിക്കുന്നുണ്ട്.
അമെരിക്കയുമായുള്ള കരാര്‍പ്രകാരം, സൗദി അറേബ്യയ്ക്ക് യുറേനിയം ഏകദേശം 20% വരെ സമ്പുഷ്ടീകരിക്കാന്‍ സാധിക്കുമെന്നാണ്. ആണവ ബോംബ് നിര്‍മിക്കാന്‍ ആവശ്യമായ അളവിനേക്കാള്‍ വളരെ കുറവാണിത്. എന്നാല്‍, ഒരു രാജ്യത്തിന് യുറേനിയം 20% വരെ സമ്പുഷ്ടീകരിക്കാനുള്ള ശേഷി കൈവന്നാല്‍, പിന്നീട് അത് ആയുധ നിര്‍മാണത്തിന് ആവശ്യമായ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കുറഞ്ഞ സമയം മാത്രമേ വേണ്ടിവരൂ എന്നതാണ് മറ്റൊരു പ്രശ്‌നം.
ഇക്കാരണത്താല്‍, ഭാവിയില്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിലേക്ക് സൗദി അറേബ്യ നീങ്ങിയേക്കാമെന്നാണ് യുഎസ് നിയമനിര്‍മാതാക്കളുടെ ആശങ്ക. അമെരിക്കയും സൗദി അറേബ്യയും തമ്മിലുള്ള കരാര്‍ 30 വര്‍ഷത്തേക്കുള്ളതാണ്.
ഇതുപ്രകാരം, സൗദി അറേബ്യയിലെ ആണവോര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ അമെരിക്കന്‍ കമ്പനികള്‍ പ്രധാന പങ്ക് വഹിക്കും. അമെരിക്കന്‍ കോണ്‍ഗ്രസ് ഈ കരാര്‍ പരിശോധിച്ചുവരികയാണ്. ഇതിനായി കോണ്‍ഗ്രസിന് 90 ദിവസത്തെ സമയപരിധിയുണ്ട്. ഈ കാലയളവിനുള്ളില്‍ കരാര്‍ തടഞ്ഞുകൊണ്ടുള്ള പ്രമേയം കോണ്‍ഗ്രസ് പാസാക്കിയില്ലെങ്കില്‍, കരാര്‍ തനിയെ പ്രാബല്യത്തില്‍ വന്നേക്കാം.