മാനുവൽ ഓട്ടോ
ബെർലിൻ: ലൈവ് സ്ട്രീമിങ്ങിനിടെ സ്വയം തീ കൊളുത്തി ജീവനൊടുക്കി ജർമൻ ഗെയിം ഡെവലപ്പർ മാനുവൽ ഓട്ടോ. സ്റ്റിക്ക് റൺ എന്ന പ്രശസ്തമായ ഗെയിമിന്റെ സ്രഷ്ടാവാണ് മാനുവൽ. 30 വയസായിരുന്നു. ഗെയിം വക്താവ് മാനുവലിന്റെ മരണം സ്ഥിരീകരിച്ചു. ട്വിച്ച് ലൈവ് സ്ട്രീമിനിടെയായിരുന്നു തീ കൊളുത്തിയത്. അയൽക്കാർ ഓടിക്കൂടിയെങ്കിലും മാനുവലിന്റെ ജീവൻ രക്ഷിക്കാനായില്ല.
ലൈവ് സ്ട്രീം നടന്ന ചാനലും ദൃശ്യങ്ങളുമെല്ലാം സ്ട്രീമിങ് പ്ലാറ്റ്ഫോം നീക്കം ചെയ്തിട്ടുണ്ട്. ലൈവ് കണ്ടിരുന്നവർക്കെല്ലാം മാനസികാരോഗ്യ പിന്തുണയും സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
വെറും 14 വയസിലാണ് മാനുവൽ ഫെയ്സ്ബുക്കിൽ സ്റ്റിക്ക് റൺ എന്ന ഗെയിം ഡെവലപ്പ് ചെയ്തത്. മൾട്ടിപ്ലെയർ ഗെയിമാണിത്. നിലവിൽ ലോകത്തെമ്പാടുമായി 43 ദശലക്ഷത്തിലധികം പേർ സ്റ്റിക് റൺ ഗെയിം കളിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)