2 മാസമായി കണ്ണിനുള്ളിൽ അസ്വസ്ഥത; ഒടുവിൽ തിമിര ശസ്ത്രക്രിയക്കെത്തിയ 71കാരന്റെ കണ്ണിൽ കണ്ടത് ജീവനുള്ള വിരകൾ
പ്രതീകാത്മക ചിത്രം- എഐ
സിയൂൾ: തിമിര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയ കർഷകന്റെ കണ്ണുകളിൽ നിന്നും 11 ജീവനുള്ള വിരകളെ കണ്ടെത്തി. ദക്ഷിണ കൊറിയയിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. ഗിസ്മോഡോ എന്ന 71കാരനാണ് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയത്. രണ്ടുമാസമായി കണ്ണിന് ചുവപ്പും കാഴ്ചമങ്ങലും കണ്ണിൽ എന്തോ കിടക്കുന്നതു പോലെയുള്ള അസ്വസ്ഥതയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് 71കാരൻ ഡോക്റ്റർമാരെ സമീപിച്ചത്.
കൺപോളകൾക്കും കൃഷ്ണമണികൾക്കും ഇടയിലുള്ള ഭാഗത്താണ് വിരകളെ കാണപ്പെട്ടത്. പിന്നീട് കർഷകന് അനസ്തേഷ്യ നൽകിയ ശേഷം 11 മുതൽ 20 മില്ലിമീറ്റർ വരെ നീളമുണ്ടായിരുന്ന വിരകളെ ഡോക്റ്റർമാർ പുറത്തെടുക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ മൃഗങ്ങളിൽ കണ്ടുവരുന്ന തെലേസിയ കാലിപീഡ എന്ന ഒരിനം വിരകളാണിതെന്ന് കണ്ടെത്തി.
ഇതിലെ ചില പെൺവിരകൾ ഇതിനോടകം മുട്ടയിട്ട് പെറ്റുപെരുകിയിരുന്നു. കണ്ണീരിലും മറ്റ് സ്രവങ്ങളിലും വന്ന് ഇരിക്കുന്ന ഈച്ചകളിലൂടെയാണ് ഇത്തരം വിരകൾ മൃഗങ്ങളിലേക്ക് പകരുന്നതെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) വ്യക്തമാക്കി. വിരകൾ നീക്കം ചെയ്തതിനെത്തുടർന്ന് രോഗി സുഖം പ്രാപിച്ചുവരുകയാണെന്നും തുടർപരിശോധനയിൽ മറ്റു പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡോക്റ്റർമാർ അറിയിച്ചു.