ട്രംപിന്‍റെ ഉപരോധ ഭീഷണിക്ക് മറുപടിയുമായി ചൈന

 
World

ഇതല്ല പ്രശ്ന പരിഹാരത്തിനുള്ള വഴി, ആവശ്യം രാഷ്ട്രീയ പരിഹാരം

ട്രംപിന്‍റെ ഉപരോധ ഭീഷണിക്ക് മറുപടിയുമായി ചൈന

Reena Varghese

ബീജിങ്: ഇറാനെതിരായ സാമ്പത്തിക ഉപരോധ നടപടികൾ ശക്തമാക്കുമെന്ന അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിക്കെതിരേ ശക്തമായ പ്രതികരണവുമായി ചൈന രംഗത്തെത്തി. ഭീഷണിക്കത്തുകളും ഉപരോധങ്ങളും ഒരു കക്ഷിയുടെയും താത്പര്യങ്ങൾക്ക് അനുയോജ്യമല്ലെന്നും ഇത് പ്രശ്ന പരിഹാരത്തിനുള്ള വഴിയല്ലെന്നും ചൈന വ്യക്തമാക്കി. ഇറാനുമായി സാമ്പത്തിക, വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ബീജിങിൽ നടന്ന വാർത്താസമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ നിലപാട് വ്യക്തമാക്കിയത്. ഉപരോധങ്ങളും സമ്മർദ്ദ തന്ത്രങ്ങളും ശാശ്വത പരിഹാരമല്ലെന്നും, ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും രാഷ്ട്രീയ പരിഹാരം കാണാനാണ് ബന്ധപ്പെട്ട രാജ്യങ്ങൾ ശ്രമിക്കേണ്ടതെന്നും ലിൻ ജിയാൻ ആവശ്യപ്പെട്ടു.

അതേസമയം, അമേരിക്കയുടെ ഭീഷണിയെയും കടുത്ത ഉപരോധ നീക്കങ്ങളെയും രൂക്ഷമായ ഭാഷയിലാണ് ഇറാനും അപലപിച്ചത്. രാജ്യത്തിന്‍റെ അന്തസും അഭിമാനവും സംരക്ഷിക്കാൻ സാമ്പത്തിക പ്രതിസന്ധികളെ നേരിടാനും ഏതറ്റം വരെ ത്യാഗം സഹിക്കാനും സജ്ജമാണെന്ന് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് പറഞ്ഞു. അന്യായമായ ഉപരോധങ്ങളെ അതിജീവിക്കാനുള്ള തന്ത്രങ്ങൾ രാജ്യം ആവിഷ്കരിക്കുമെന്നും ഇറാന്‍റെ തസ്നീം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.