ഡെമോക്രാറ്റുകള്‍ക്ക് വിജയം; ഇന്ത്യയ്ക്ക് ഗുണകരമോ ?
വാഷിങ്ടണ്‍: ഇന്ത്യ-യുഎസ് ബന്ധത്തില്‍, പ്രത്യേകിച്ച് വ്യാപാരം, തീരുവ, കുടിയേറ്റം, പ്രതിരോധ സഹകരണം എന്നീ മേഖലകളില്‍ നിര്‍ണായക മാറ്റങ്ങൾ കൊണ്ടുവരാൻ കെല്‍പ്പുള്ളതാണ് യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിജയം. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കും വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ഇടക്കാല തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സെനറ്റിലെ നിയന്ത്രണം നഷ്ടമായി. ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റുകൾ മുന്നേറുന്നതായിട്ടാണ് സൂചന. ട്രംപിന് ഇനി പ്രസിഡന്റ് സ്ഥാനത്ത് രണ്ട് വര്‍ഷം കൂടി അവശേഷിക്കുന്നുണ്ട്. ഇക്കാലയളവില്‍, ട്രംപിന്റെ നയങ്ങളെ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ തയാറുള്ള ഒരു പാര്ലമെന്റിനെയാകും (യുഎസ് കോണ്‍ഗ്രസ്) ഇനി മുതല്‍ കാണുവാന്‍ സാധിക്കുന്നത്.
രാഷ്ട്രീയ മാറ്റം
ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വാഷിങ്ടണിലുണ്ടായിരിക്കുന്ന രാഷ്ട്രീയ മാറ്റം ന്യൂഡല്‍ഹിക്ക് പ്രധാനമാണ്. കാരണം, ഇന്ത്യന്‍ ഉത്പന്നങ്ങളുടെ മേല്‍ ചുമത്തുന്ന തീരുവകള്‍, വൈദഗ്ധ്യം ആര്‍ജിച്ച തൊഴിലാളികള്‍ക്കുള്ള വിസ നിയന്ത്രണങ്ങള്‍, പ്രതിരോധ-സാങ്കേതിക പങ്കാളിത്തങ്ങള്‍ തുടങ്ങി ഉഭയകക്ഷി ബന്ധത്തിലെ പല തര്‍ക്കവിഷയങ്ങള്‍ക്ക് മേല്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ളവരാണ് ട്രംപ് ഭരണകൂടവും യുഎസ് കോണ്‍ഗ്രസും. എന്നാല്‍ യുഎസ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകള്‍ക്ക് മേല്‍ക്കൈ ലഭിച്ചതിലൂടെ ട്രംപ് തന്റെ നയങ്ങള്‍ ഉടന്‍ തന്നെ മാറ്റിയെഴുതും എന്നും പ്രതീക്ഷിക്കാനാകില്ല. വ്യാപാരം, വിദേശനയം തുടങ്ങിയ കാര്യങ്ങളില്‍ പ്രസിഡന്റിന് ഇപ്പോഴും ഗണ്യമായ എക്സിക്യുട്ടീവ് അധികാരങ്ങളുണ്ട്.
വ്യാപാരം
ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിലൊന്നാണ് വ്യാപാരം. ട്രംപിന്റെ തീരുവ നയങ്ങള്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്കിടയില്‍ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ടെക്സ്റ്റൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, എന്‍ജിനീയറിങ് ഉത്പന്നങ്ങള്‍, നിര്‍മാണ മേഖല തുടങ്ങിയവയെല്ലാം ട്രംപിന്റെ നയങ്ങളുടെ പ്രത്യാഘാതം ഏറ്റുവാങ്ങി.
2026 ഫെബ്രുവരിയില്‍ ഇന്ത്യയും അമെരിക്കയും ഇടക്കാല വ്യാപാര കരാറിനായുള്ള ചട്ടക്കൂട് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി, ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് 18 ശതമാനം തീരുവ ഏര്‍പ്പെടുത്താമെന്ന് വാഷിങ്ടണ്‍ അറിയിച്ചു. എന്നാല്‍, കൂടുതല്‍ വിപുലമായ ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ക്കുള്ള തടസങ്ങള്‍ ഇപ്പോഴും നിലനിൽക്കുകയാണ്. ഇപ്പോള്‍ ഡെമോക്രാറ്റുകള്‍ യുഎസ് കോണ്‍ഗ്രസില്‍ ആധിപത്യം നേടിയതിലൂടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വ്യാപാര മേഖലയില്‍ ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ. ട്രംപ് നയതന്ത്ര ആയുധമെന്ന നിലയില്‍ തീരുവകള്‍ ഉപയോഗിക്കുന്നത് ഡെമോക്രാറ്റുകള്‍ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കാൻ സാധ്യതയുണ്ട്. ട്രംപ് ചുമത്തുന്ന തീരുവകള്‍ സമ്പദ്വ്യവസ്ഥയിൽ ചെലുത്തുന്ന ആഘാതത്തെക്കുറിച്ച് ഡെമോക്രാറ്റുകളായ നിയമനിര്‍മാതാക്കള്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള സാധ്യതയും ഉണ്ട്.
കുടിയേറ്റം
യുഎസില്‍ ടെക് മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രൊഫഷണലുകളെ സംബന്ധിച്ചിടത്തോളം, കുടിയേറ്റം (ഇമിഗ്രേഷന്‍) പ്രധാന ആശങ്കാവിഷയമാണ്. യുഎസ് ഭരണകൂടം അനുവദിക്കപ്പെടുന്ന എച്ച്-1ബി വിസകളില്‍ വലിയൊരു പങ്കും ഇന്ത്യക്കാര്‍ക്കാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ഈ പദ്ധതിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഇന്ത്യയുടെ ഐടി വ്യവസായത്തെയും വിദഗ്ധ തൊഴിലാളി വിഭാഗത്തെയും കാര്യമായി ബാധിക്കും.
പുതിയ എച്ച്1ബി അപേക്ഷകള്‍ക്കായി ട്രംപ് ഭരണകൂടം നിര്‍ദേശിച്ച 100,000 ഡോളര്‍ ഫീസ് നിയമപരമായ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഫെഡറല്‍ ജഡ്ജിമാര്‍ ഇത് നടപ്പാക്കുന്നതിനെ തടഞ്ഞിരിക്കുകയുമാണ്. സെനറ്റില്‍ തങ്ങള്‍ക്കു ലഭിച്ച പുതിയ ഭൂരിപക്ഷം ഉപയോഗിച്ച്, ഡെമോക്രാറ്റുകള്‍ക്ക് ഈ വിഷയത്തില്‍ എന്ത് ചെയ്യാനാകുമെന്നാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.