ഇമ്രാന്‍റെ പാര്‍ട്ടി ഭരിക്കുന്ന പ്രവിശ്യയില്‍ അടിയന്തരാവസ്ഥ
ഇസ്‌ലാമാബാദ്: ജയിലില്‍ കഴിയുന്ന മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സ്ഥാപിച്ച പാക്കിസ്ഥാന്‍ തെഹ്രിക്-ഇ-ഇന്‍സാഫ് (പിടിഐ) ഇസ്‌ലാമാബാദിലേക്ക് ലോംഗ് മാര്‍ച്ച് ആരംഭിച്ച സാഹചര്യത്തില്‍, പിടിഐ നേതാവായ സൊഹൈല്‍ അഫ്രീദി മുഖ്യമന്ത്രിയായി ഭരിക്കുന്ന ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ (കെപി) ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചോ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനെക്കുറിച്ചോ പാക് സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 'ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു' എന്ന് ആരോപിച്ച് പിടിഐ പാര്‍ട്ടിക്കെതിരേ നടപടിക്ക് ഒരുങ്ങുകയാണ് പാക് ഭരണകൂടം. ഇതിന്‍റെ ഭാഗമായിട്ടാണ് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നത്.
ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്, ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ലക്കി മാര്‍വത്ത് നഗരത്തില്‍ നിന്ന് ഇസ്‌ലാമാബാദിലേക്കുള്ള പിടിഐയുടെ ലോംഗ് മാര്‍ച്ച് 4നാണ് ആരംഭിച്ചത്. സെപ്റ്റംബര്‍ 27നാണ് ലോംഗ് മാര്‍ച്ച് ആരംഭിക്കാനിരുന്നതെങ്കിലും നാലിലേക്ക് നീട്ടുകയായിരുന്നു. സൊഹൈല്‍ അഫ്രീദി നയിക്കുന്ന ലോംഗ് മാര്‍ച്ച് ഞായറാഴ്ച വൈകിട്ടോടെ ഇസ്‌ലാമാബാദില്‍ നിന്ന് ഏകദേശം 256 കിലോമീറ്റര്‍ അകലെയുള്ള കാരക് ജില്ലയിലെത്തി.