അനധികൃത കുടിയേറ്റക്കാരന് യുഎസിൽ പത്തു ലക്ഷം ഡോളർ ലോട്ടറി കസ്റ്റഡിയിലെടുത്ത് ഐസിഇ
ബോസ്റ്റൺ: ഒരു മില്യൺ ഡോളർ (ഏകദേശം 8.4 കോടി രൂപ) ലോട്ടറി അടിച്ചതിനു പിന്നാലെ മസാച്യുസെറ്റ്സിൽ യുവാവിനെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ബോസ്റ്റണിൽനിന്ന് വാങ്ങിയ സ്ക്രാച്ച്-ഒഫ് ലോട്ടറി ടിക്കറ്റിലൂടെ സമ്മാനം നേടിയ ഏരിയൽ വെലാസ്ക്വസ്-മൊറാലസാണ് പിടിയിലായത്. സമ്മാനം നേടിയ വിവരം പുറത്തുവന്ന് ദിവസങ്ങൾക്കുള്ളിലായിരുന്നു നടപടി.
കഴിഞ്ഞ ആഴ്ച മസാച്യുസെറ്റ്സ് സ്റ്റേറ്റ് ലോട്ടറി അധികൃതർ സമ്മാനജേതാവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതേ ചിത്രം വീണ്ടും പങ്കുവെച്ചുകൊണ്ടാണ് യുവാവിനെ കസ്റ്റഡിയിലെടുത്ത വിവരം ഐസിഇ അറിയിച്ചത്. 2013-ൽ എൽ സാൽവഡോറിൽനിന്ന് അനധികൃതമായി അമേരിക്കയിൽ പ്രവേശിച്ച വെലാസ്ക്വസ്-മൊറാലസിനെ നാടുകടത്താൻ 2014-ൽ ഇമിഗ്രേഷൻ കോടതി ഉത്തരവിട്ടിരുന്നതായി ഐസിഇ പ്രസ്താവനയിൽ വ്യക്തമാക്കി. നാടുകടത്തൽ നടപടികളുടെ ഭാഗമായാണ് നിലവിൽ തടങ്കലിലാക്കിയിരിക്കുന്നത്.
നികുതികൾ കിഴിച്ചശേഷം ഒറ്റത്തവണയായി 6,50,000 ഡോളർ കൈപ്പറ്റാനായിരുന്നു യുവാവിന്റെ തീരുമാനം. എന്നാൽ കസ്റ്റഡിയിലായ സാഹചര്യത്തിൽ ലോട്ടറി സമ്മാനത്തുക ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ‘ഐസിഇയുടെ ബോസ്റ്റൺ ഓഫീസിലേക്ക് സ്വാഗതം! അനധികൃത കുടിയേറ്റക്കാർക്കും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയക്കാർക്കും ഇവിടെ ഭാഗ്യമില്ല. ന്യൂ ഇംഗ്ലണ്ടിലെ നിയമം അനുസരിക്കുന്ന പൗരന്മാരാണ് എപ്പോഴും വിജയികൾ’ എന്ന കുറിപ്പോടെയാണ് ഐസിഇയുടെ ബോസ്റ്റൺ ഓഫീസ് യുവാവിന്റെ ചിത്രം പങ്കുവെച്ചത്.