കമാൻഡർ ലീ ആർ. ടേറ്റ്, ലെഫ്റ്റനന്‍റ് കമാൻഡർ ജെഫ്രി ഇ. യോർക്ക്

 
World

'ഞങ്ങൾ നിങ്ങളെ കണ്ടെത്തും'; രണ്ട് യുഎസ് നാവിക ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇറാൻ

ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസി സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് ഭീഷണി മുഴക്കിയത്

Sarath Nath MS

വാഷിങ്ടൺ: മിനാബിലെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 168 കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരവാദികളെന്ന് ആരോപിക്കുന്ന രണ്ട് യുഎസ് നാവികസേനാ ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇറാൻ. അമെരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് സ്പ്രുവാൻസിന്‍റെ കമാൻഡർ ലീ ആർ. ടേറ്റ്, ലെഫ്റ്റനന്‍റ് കമാൻഡർ ജെഫ്രി ഇ. യോർക്ക് എന്നിവരെയാണ് ഇറാൻ പരസ്യമായി ഭീഷണിപ്പെടുത്തിയത്.

ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസി സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് ഭീഷണി മുഴക്കിയത്. നേരത്തേ പുറത്തുവിട്ട പോസ്റ്റ് വീണ്ടും പങ്കുവച്ചുകൊണ്ട് 'ഞങ്ങൾ നിങ്ങളെ കണ്ടെത്തും' എന്നായിരുന്നു എംബസിയുടെ മുന്നറിയിപ്പ്. യുഎസ്എസ് സ്പ്രുവൻസ് യുദ്ധക്കപ്പലിന്‍റെ കമാൻഡിങ് ഓഫീസറാണ് ലീ ആർ ടേറ്റ്. ജെഫ്രി ഇ യോർക്ക് കപ്പലിന്‍റെ എക്സിക്യൂട്ടീവ് ഓഫീസറാണ്.

മിനാബിലെ സ്കൂളിലേക്ക് മൂന്ന് തവണ ടോമാഹോക്ക് മിസൈലുകൾ വിക്ഷേപിക്കാൻ ഉത്തരവിട്ടത് ഈ രണ്ട് ഉദ്യോഗസ്ഥരാണെന്നും ആക്രമണത്തിൽ 168 നിരപരാധികളായ കുട്ടികൾ കൊല്ലപ്പെട്ടെന്നും ഇറാൻ ആരോപിച്ചിരുന്നു. ഇവർക്ക് സ്വന്തം കുട്ടികളില്ലേയെന്നും ഇറാൻ ചോദിച്ചിരുന്നു.

മുതിർന്ന അമെരിക്കൻ ഉദ്യോഗസ്ഥർക്കെതിരേ ആക്രമണം നടത്തരുതെന്ന് ഇറാന് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇറാന്‍റെ പുതിയ ഭീഷണി. ഏതെങ്കിലും മുതിർന്ന അമെരിക്കൻ ഉദ്യോഗസ്ഥനെ വധിച്ചാൽ ഇറാൻ അധികകാലം നിലനിൽക്കില്ലെന്നായിരുന്നു ട്രംപിന്‍റെ മുന്നറിയിപ്പ്.

ഫെബ്രുവരി 28ന് ഇറാനും യുഎസും ഇസ്രയേലും തമ്മിലുള്ള യുദ്ധം ആരംഭിച്ച ആദ്യഘട്ടത്തിലാണ് മിനാബിലെ ഷജറേ തയ്യിബെ സ്കൂളിൽ യുഎസിന്‍റെ മിസൈൽ പതിച്ചത്. ആക്രമണത്തിൽ 156 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ 123 പേർ കുട്ടികളായിരുന്നു. എന്നാൽ, ഇറാന്‍റെ കണക്കനുസരിച്ച് കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 168 ആണ്.

ഇതിനിടെ, ഇറാന്‍റെ ഭീഷണിയെ തുടർന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റിനെ വാഷിങ്ടണിന് സമീപമുള്ള വസതിയിൽ നിന്ന് സൈനിക താവളത്തിലേക്ക് മാറ്റിയിരുന്നു. ഇറാനുമായി ബന്ധമുള്ളതായി സംശയിക്കുന്ന വധഭീഷണികളെ തുടർന്നായിരുന്നു നടപടി. യുഎസ് സീക്രട്ട് സർവീസിന്‍റെ നിർദേശപ്രകാരമാണ് താമസം മാറ്റിയതെന്ന് ബെസെന്‍റ് വ്യക്തമാക്കി.

മിനാബ് സ്കൂൾ ആക്രമണത്തിൽ യുഎസ് ഇതുവരെ മാപ്പുപറഞ്ഞിട്ടില്ലെന്ന് ഇറാന്‍റെ പരമോന്നത നേതാവിന്‍റെ പ്രതിനിധിയും മുതിർന്ന നയതന്ത്രജ്ഞനുമായ ആയത്തുല്ല അബ്ദുൽ മജീദ് ഹക്കീം ഇലാഹി ആരോപിച്ചു. കൊല്ലപ്പെട്ട ചില കുട്ടികളുടെ മൃതദേഹങ്ങൾ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.